24.8 C
Kollam
Saturday 1st August, 2026 | 09:42:35 PM
Home News Breaking News കൊല്ലം–തേനി ദേശീയപാത 183: ഏറ്റെടുക്കുന്ന ഭൂമിക്ക്‌  331.64 കോടി രൂപ നഷ്‌ടപരിഹാരം

കൊല്ലം–തേനി ദേശീയപാത 183: ഏറ്റെടുക്കുന്ന ഭൂമിക്ക്‌  331.64 കോടി രൂപ നഷ്‌ടപരിഹാരം

കൊല്ലം: കേന്ദ്ര റോഡ് ഗതാഗത- ദേശീയപാത മന്ത്രാലയം ഭരണ – സാങ്കേതിക അനുമതി നൽകിയ കൊല്ലം –തേനി ദേശീയപാത 183ന്റെ നിർമാണത്തിന്‌ ഏറ്റെടുക്കുന്ന ഭൂമിക്ക്‌ നൽകുന്ന നഷ്‌ടപരിഹാരം 331.64കോടി രൂപ. കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും നഷ്ടപരിഹാരത്തിനുമായി അനുവദിച്ചിട്ടുള്ളത്‌ 394.19കോടി രൂപയും.


മൂന്ന് വലിയ പാലങ്ങളും ആറ് ചെറിയ പാലങ്ങളും 103 കലുങ്കുകളും നിർമിക്കും. ഒരു റെയിൽവേ ഓവർബ്രിഡ്ജ്, രണ്ട് വാഹന അണ്ടർപാസുകൾ എന്നിവയുമുണ്ട്. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി 48 ബസ് ബേകളും 88.81 കിലോമീറ്ററിൽ ആധുനിക ഡ്രെയിനേജ് സംവിധാനവും ഒരുക്കും. പദ്ധതി ഭാഗമായി സിവിൽ പ്രവൃത്തികൾക്കായി വകയിരുത്തിയിട്ടുള്ളത്‌ 689.20 കോടി രൂപയാണ്‌.


കടവൂർ ബൈപാസ് ജങ്ഷൻ മുതൽ ചെങ്ങന്നൂർ അഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ പാതയുടെ ആദ്യ റീച്ച് വികസനത്തിന് 1,663.15 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രം അംഗീകരിച്ചത്‌. കൊല്ലം, കുന്നത്തൂർ, മാവേലിക്കര, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള മേഖലയുടെ വികസനത്തിന്‌ സഹായിക്കുന്നതാണ്‌ കൊല്ലത്തെയും തേനിയെയും ബന്ധിപ്പിക്കുന്ന നിർദിഷ്‌ട ദേശീയപാത. എൻജിനിയറിങ്‌, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്‌ഷൻ (ഇപിസി) മാതൃകയിൽ നടപ്പാക്കുന്ന പദ്ധതി 24 മാസത്തിനകം പൂർത്തിയാക്കും. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ന്യൂജേഴ്‌സി ക്രാഷ് ബാരിയര്‍, ആധുനിക സൈൻബോർഡ്, സോളാർ എൽഇഡി ബ്ലിങ്കര്‍, മീഡിയം മാസ്റ്റ് ലൈറ്റുകളും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും.


കൊല്ലം ബൈപാസ്, പ്രാക്കുളം, മുക്കട, പേരയം, കുണ്ടറ, -ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, ചാരുംമൂട്, കോട്ടമുക്ക്, നാലുമുക്ക്, മാങ്കാങ്കുഴി, ഇറവങ്കര, മാവേലിക്കര, പെണ്ണുക്കര, അഞ്ഞിലിമൂട് തുടങ്ങി 16 പ്രധാന ജങ്ഷനുകളും നവീകരിക്കും. ഇതോടൊപ്പം ചിറ്റുമല, മൂന്നുമുക്ക്, കടപുഴ, പുന്നമൂട്, ഊക്കൻമുക്ക്, ശൂരനാട് തെക്കേമുറി, കണ്ണമം, ആനയടി, വയ്യങ്കര, ചാവടി, ഗുരുനാഥൻകുളങ്ങര ചുനക്കര, നാലുമുക്ക്, കോടുകുളഞ്ഞി, പണിപ്പുരപ്പടി ഉൾപ്പെടെ 18 ചെറിയ ജങ്ഷനുകളും ആധുനിക നിലവാരത്തിലേക്ക് ഉയർത്തും.