Home News Breaking News കടവൂര്‍-ആഞ്ഞിലിമൂട് റീച്ച്… 1663.15 കോടി രൂപയുടെ ബൃഹത്ത് പദ്ധതിയ്ക്ക് സ്റ്റാന്‍ഡിംഗ് ഫിനാന്‍സ് കമ്മിറ്റിയുടെ അനുമതി

കടവൂര്‍-ആഞ്ഞിലിമൂട് റീച്ച്… 1663.15 കോടി രൂപയുടെ ബൃഹത്ത് പദ്ധതിയ്ക്ക് സ്റ്റാന്‍ഡിംഗ് ഫിനാന്‍സ് കമ്മിറ്റിയുടെ അനുമതി

ദേശീയപാത 183 കൊല്ലം ബൈപ്പാസ് റോഡിലെ കടവൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച് ചെങ്ങന്നൂരിനടുത്ത് ആഞ്ഞലിമൂട് വരെയുളള വികസനത്തിന് 1663.15 കോടി രൂപയുടെ ബൃഹത്ത് പദ്ധതിയ്ക്ക് സ്റ്റാന്‍ഡിംഗ് ഫിനാന്‍സ് കമ്മിറ്റിയുടെ  അനുമതി ലഭിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. ന്യുഡല്‍ഹിയില്‍ ഗതാഗതവും ദേശീയപാതയും വകുപ്പ് സെക്രട്ടറി ഉമാശങ്കര്‍ ഐ.എ.എസ്, ചീഫ് എന്‍ജിനീയര്‍ ആദിത്യാ പ്രകാശ്, ദേശീയപാത അതോറിറ്റി അംഗം വെങ്കിട്ടരമണ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിവരം അറിയിച്ചത്.  ഭരണപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ അനുമതിയ്ക്കായി ഫയല്‍ മന്ത്രിയുടെ പരിഗണനയിലാണ്. നടപടികള്‍ പൂര്‍ത്തരീകരിച്ച്  എത്രയും പെട്ടെന്ന് അന്തിമാനുമതി നല്‍കണമെന്ന് എം.പി മന്ത്രിയോട് ആവശ്യപ്പെട്ടു.

റോഡിന്‍റെ ഇരുവശവും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും ധാരാളം കെട്ടിടങ്ങളുമുളള പ്രദേശമായതിനാല്‍ ഭൂമി ഏറ്റെടുക്കുന്നതും കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതും ഇലക്ട്രിക്സിറ്റി, ജലവിതരണ പൈപ്പ് ലൈനുകള്‍ ഡ്രെയിനേജ് ലൈനുകള്‍ തുടങ്ങി യ്യൂട്ടിലിറ്റികള്‍ മാറ്റി സ്ഥാപിക്കുന്നതും ബുദ്ധിമുട്ടാണെന്ന് കണക്കിലെടുത്ത് ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്നതിനും പദ്ധതിയുടെ മൊത്തം അടങ്കല്‍ തുകയില്‍ കുറവ് വരുത്തുന്നതിനുമായി റോഡിന്‍റെ വീതി 24 മീറ്ററില്‍ നിന്നും 20 മീറ്ററായി കുറവ് ചെയ്യുവാന്‍ മന്ത്രാലയം തീരുമാനിച്ചു.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ യൂട്ടിലിറ്റി  മാറ്റി സ്ഥാപിക്കുന്നതിനും അതിനുവേണ്ടിയുളള ഭൂമി ഏറ്റെടുക്കലിന്‍റെയും ചിലവ് വഹിക്കുകയോ അല്ലാത്തപക്ഷം പദ്ധതിയുടെ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ജി.എസ്.ടി വിഹിതം കേന്ദ്രത്തിന്  മടക്കി നല്‍കുകയോ ചെയ്യണമെന്ന് സംസ്ഥാന ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.   ഇതിലേയ്ക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയ്ക്ക് ദേശീയപാതയും ഗതാഗതവും മന്ത്രാലയം കത്ത്  ഇന്നലെ (19/05/2026) നല്‍കിയിട്ടുണ്ട്.   സംസ്ഥാന സര്‍ക്കാരിന്‍റെ മറുപടിയുടെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന്‍റെ അന്തിമതീരുമാനം വരുന്ന മുറയ്ക്ക് പദ്ധതി ടെണ്ടര്‍ നടപടിയിലേയ്ക്ക് പോകും.

അധികസാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ ഒരുഘട്ടത്തില്‍ ദേശീയപാത വികസനം കുണ്ടറയില്‍ നിന്നും ആഞ്ഞലിമൂട് വരെ വെട്ടിചുരുക്കിയിരുന്നു. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി യുടെ നിരന്തരമായ ഇടപെടല്‍ കൊണ്ട് പദ്ധതി പുന:ക്രമീകരിച്ച് കൊല്ലം ബൈപ്പാസ് ജംഗ്ഷനില്‍ കടവൂരില്‍ നിന്നും ആരംഭിക്കുവാന്‍ വീണ്ടും തീരുമാനമുണ്ടായത്.  

ദേശീയപാതയിലൂടെയുളള വാഹനഗതാഗതം സുഗമവും
കാര്യക്ഷമവും സുരക്ഷിതവുമാക്കാന്‍ ശാസ്ത്രീയമായ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് സമഗ്ര വികസന പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിട്ടുളളത്.   ഇന്ധന ചിലവ് കുറയ്ക്കുക, യാത്രാസമയം കുറയ്ക്കുക എന്നിവയ്ക്ക് പദ്ധതി മുന്‍ഗണന നല്‍കിയിട്ടുണ്ട്.  ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജമാക്കും.  വാഹനഗതാഗതത്തോടൊപ്പം ദേശീയപാത കടന്ന് പോകുന്ന സമീപ പ്രദേശങ്ങളിലെ സമഗ്ര വികസനം യാഥാര്‍ത്ഥ്യമാക്കുന്ന തരത്തിലുളള അടിസ്ഥാന ഘടകങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.  തൊഴില്‍ സാദ്ധ്യതയും സാമ്പത്തിക അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുവാനും വ്യവസായിക കാര്‍ഷിക മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും വിനോദസഞ്ചാരവും അനുബന്ധ വ്യവസായങ്ങളും വളര്‍ത്തുന്നതിനും ആരാധനാലയങ്ങളും വിനോദസഞ്ചാരങ്ങളും പരസ്പരം ബന്ധിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കിയുളള സമഗ്രവികസനത്തിനുളള ബൃഹത്ത് പദ്ധതിയ്ക്കാണ് സ്റ്റാന്‍ഡിംഗ് ഫിനാന്‍സ് കമ്മിറ്റി അംഗീകാരം നല്‍കിയത്.  

മന്ത്രിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.