Home News Breaking News കൊല്ലത്ത് പുലിയുടെ നഖം കൊണ്ട് പരിക്ക് പറ്റിയ സ്ത്രീ മരിച്ചു… മരിച്ചത് പേവിഷ ബാധയേറ്റ്‌

കൊല്ലത്ത് പുലിയുടെ നഖം കൊണ്ട് പരിക്ക് പറ്റിയ സ്ത്രീ മരിച്ചു… മരിച്ചത് പേവിഷ ബാധയേറ്റ്‌

കൊല്ലം: വന്യമൃഗ ആക്രമണത്തിന് പിന്നാലെ പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ആര്യങ്കാവ് കരയാളര്‍മെത്ത് ഗിരിജന്‍ നഗറില്‍ കുഞ്ഞമ്മ (54) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. രണ്ട് മാസം മുമ്പ് പുലിയുടെ ആക്രമണത്തില്‍ ഇവര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍, കൃത്യമായ സമയത്ത് പ്രതിരോധ വാക്‌സിന്‍ എടുക്കാനോ ചികിത്സ തേടാനോ തയ്യാറാകാതിരുന്നതാണ് ഒടുവില്‍ ദാരുണ മരണത്തിലേക്ക് നയിച്ചത്.

രണ്ട് മാസം മുമ്പ് രാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞമ്മയ്ക്ക് നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കുഞ്ഞമ്മയുടെ വളര്‍ത്തുനായയെ പിടികൂടാന്‍ പുലി ഓടിച്ചപ്പോള്‍, നായ രക്ഷയ്ക്കായി വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. നായയെ പിടിക്കാനുള്ള പുലിയുടെ ശ്രമത്തിനിടയിലാണ് കുഞ്ഞമ്മയുടെ ശരീരത്തില്‍ പുലിയുടെ നഖം കൊണ്ട് നിസ്സാരമായ പോറലേറ്റത്. എന്നാല്‍ ഇവര്‍ക്ക് പേവിഷബാധയേറ്റത് പുലിയില്‍ നിന്നാണോ അതോ സ്വന്തം വളര്‍ത്തുനായയില്‍ നിന്നാണോ എന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. പരിക്കേറ്റ സമയത്ത് ഇവര്‍ യാതൊരുവിധ വാക്സിനേഷനും എടുത്തിരുന്നില്ല.

ഈ മാസം രണ്ടിനാണ് കുഞ്ഞമ്മയ്ക്ക് കടുത്ത പനിയും വിറയലും അനുഭവപ്പെട്ടത്. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരെ, ലക്ഷണങ്ങള്‍ കണ്ട് വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ച് ഇവര്‍ ഓട്ടോറിക്ഷയില്‍ ആര്യങ്കാവിലെ സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയാണുണ്ടായത്.

താലൂക്ക് ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് തെന്മല പോലീസ് കൃത്യമായി ഇടപെടുകയും ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആംബുലന്‍സ് മാര്‍ഗ്ഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വീട്ടമ്മയുടെ മരണം പേവിഷബാധ (റേബീസ്) മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറുതാണെങ്കിലും മൃഗങ്ങളില്‍ നിന്നുള്ള പോറലുകളോ പരിക്കുകളോ ഉണ്ടായാല്‍ ഉടന്‍ തന്നെ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതാണ് ഈ സംഭവം.