തണ്ണീര്‍ക്കൊമ്പനെ മയക്കുവെടി വെച്ചു

വയനാട് മാനന്തവാടിക്കടുത്ത് പായോടയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന തണ്ണീര്‍ക്കൊമ്പനെ മയക്കുവെടി വെച്ചു. താഴെയങ്ങാടിയിലെ വാഴത്തോട്ടത്തില്‍ വെച്ചാണ് ആനക്ക് വെടിയേറ്റത്. ആനയുടെ പിന്‍ഭാഗത്തായാണ് മയക്കുവെടി തറഞ്ഞു കയറിയത്. വെടിയേറ്റിട്ടും യാതൊരു പ്രകോപനവുമില്ലാതെ തണ്ണീര്‍ക്കൊമ്പന്‍ നിന്നിടത്തു തന്നെ നിലകൊള്ളുകയാണ്. കുങ്കിയാനകളായ വിക്രമിനെയും സൂര്യനെയും ഉടന്‍ കൊമ്പന്റെ അടുത്തെത്തിക്കും.
ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ജനവാസമേഖലയില്‍ ഇറങ്ങിയത്. ആര്‍ആര്‍ടി സംഘമാണ് ആനയെ മയക്കുവെടി വെച്ചത്. വെറ്ററിനറി സംഘവും സ്ഥലത്തുണ്ട്. 20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസന്‍ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്.

Advertisement