Home Lifestyle Entertainment എന്റെ പുസ്തകം ഓർത്തതിന്! അതിന്റെ പ്രേരണയിൽ പടത്തിന് പേരിട്ടതിന് നന്ദി; ഉന്മാദത്തിന്റെ മറ്റൊരു അറിയാകഥ!

എന്റെ പുസ്തകം ഓർത്തതിന്! അതിന്റെ പ്രേരണയിൽ പടത്തിന് പേരിട്ടതിന് നന്ദി; ഉന്മാദത്തിന്റെ മറ്റൊരു അറിയാകഥ!

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിച്ച ചിത്രമാണ് ഉന്മാദം. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. മികച്ച പ്രേക്ഷകപിന്തുണ നേടി മുന്നേറുന്ന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിന്റെ പേരിന് പിന്നിലെ കഥയാണ് ആരാധകർ ഏറ്റെടുത്തത്. അബോധത്തിന്റെ മഹോത്സവം എന്ന എൻപി സജീഷിന്റെ പുസ്തകത്തിൽ നിന്നുമാണ് ഈ ചിത്രത്തിന്റെ പേര് എടുത്തതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീർ പറഞ്ഞിരുന്നു. ഷാഹിക്കുള്ള നന്ദി അറിയിച്ചുകൊണ്ട് സജീഷ് പങ്കിട്ട പോസ്റ്റ് ആണ് ശ്രദ്ധേയം.

‘ഉന്മാദം : അബോധത്തിന്റെ മഹോത്സവം’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. 21 വർഷങ്ങൾക്കു മുമ്പ് എഴുതിയതാണ്. 2005 മേയിലാണ് ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. സുഹൃത്ത് ഷാനവാസുമായി ചേർന്ന് തയ്യാറാക്കിയ പുസ്തകം ‘പ്രണത’യാണ് പ്രസിദ്ധീകരിച്ചത്. ഷാഹി ഈ വീഡിയോയിൽ പറയുന്നതുപോലെ കലാകാരന്മാരുടെയും കവികളുടെയും എഴുത്തുകാരുടെയും ഉന്മാദമായിരുന്നു ഉള്ളടക്കം. ദാലിയും നീത്ഷെയും ഡിലൻ തോമസും എലിയറ്റും മോപ്പസാങ്ങും മിഷിമയും ബഷീറും സഞ്ചരിച്ച സർഗാത്മക ഉന്മാദത്തിന്റെ വഴുക്കുന്ന വഴികൾ…
ഷാഹിയുടെ ‘ഉന്മാദം’ കണ്ടു. എനിക്കിഷ്ടമായി. അടിസ്ഥാനപരമായി എഴുത്തുകാർ ഭൂതദയയുള്ളവരാണ്. വ്യവസ്ഥിതിയും അധികാരവും മനുഷ്യരെ അങ്ങനെയല്ലാതാവാൻ പരുവപ്പെടുത്തുന്നുണ്ട്. മനഃസാക്ഷിയുള്ള ഒരാൾ നിർദ്ദയമായ പോലീസ് സംവിധാനത്തിനുള്ളിലിരിക്കെ എഴുത്തുകാരനാവാൻ ശ്രമിച്ചാൽ….അതാണ് ഷാഹിയുടെ കഥ. കിരൺ ദാസ് അത് നന്നായി തിരശ്ശീലയിലേക്ക് പകർത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ ആ ആന്തരിക സംഘർഷങ്ങളെ സ്വാഭാവികമായി അവതരിപ്പിച്ചിട്ടുമുണ്ട്- സജീഷ് പറയുന്നു.

പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ ‘ഉന്മാദം’ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.

തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് ട്രെയിലർ സൂചന നൽകിയിട്ടുള്ളത്. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ദേശീയ പുരസ്കാര ജേതാവുകൂടിയായ ഷാഹി കബീർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.

മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘ഉന്മാദം’ നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്‌മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here