Home Blog Page 564

പാരഡി ​ഗാന വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം, തീരുമാനം ഇന്നത്തെ സെക്രട്ടറിയറ്റ് യോ​ഗത്തിൽ

പത്തനംതിട്ട: പോറ്റി പാരഡി ​ഗാനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം. ഇന്നത്തെ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പന്തളം ഏരിയ കമ്മിറ്റി അംഗവും, പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വർമയാണ് പരാതി നൽകുക. പാരഡി ​ഗാനത്തിൽ അണിയറ പ്രവർത്തകർക്കെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതിൽ നിന്ന് താൽക്കാലികമായി പിന്നോട്ട് പോയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. ​കേസെടുത്ത തീരുമാനം വ്യാപകമായി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

അതേസമയം, കേസിൽ പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. പാട്ട് പ്രചാരണം നൽകുന്ന സൈറ്റുകളിൽ നിന്നും പാട്ട് നീക്കം ചെയ്യും. കേസ് എടുത്തതിൽ പൊലീസിനുള്ളിൽ രണ്ട് അഭിപ്രായമാണ് ഉള്ളത്. ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പൊലീസ് ഇന്നലെ കേസെടുത്തത്. തിരുവാഭരണപാതാ സംരക്ഷണ സമിതി ജന സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.

നിയമോപദേശം തേടിയെടുത്ത കേസിൽ പ്രതിപ്പട്ടികയിൽ നാല് പേരുകളാണ് ഉള്ളത്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, പാടിയ ഡാനിഷ്, നിർമാതാവ് സുബൈർ പന്തല്ലൂർ, ഇവരുടെ സിഎംഎസ് മീഡിയ എന്നിവരാണ് നാലുപേർ. മതസ്പർധയുണ്ടാക്കിയതിനും വിശ്വാസം വ്രണപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചെന്നും എഫ്ഐആറിലുണ്ട്. സൈബർ പൊലീസ് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തിറങ്ങിയ പാട്ട്, ഫലം വന്ന ശേഷം യുഡിഎഫ് നേതാക്കൾ ഏറ്റുപാടിയതോടെയാണ് വൈറലായത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി സിപിഎമ്മും പാട്ടിനെതിരെ പരാതി നൽകാൻ തീരുമാനിച്ചു. ധ്രുവീകരണമുണ്ടാക്കി വോട്ടുപിടിക്കാൻ പാട്ടിലൂടെ ശ്രമം നടന്നെന്നും ചട്ടലംഘനമുണ്ടായെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടും. തിരുവാഭരണ പാതാ സംരക്ഷണ സമിതി ജന. സെക്രട്ടറിയുടെ പരാതിയെ പാർട്ടി പിന്തുണച്ചിരുന്നു. പിന്നാലെ സമിതി ചെയർമാനായ ഹിന്ദു ഐക്യ വേദി ജില്ലാ അധ്യക്ഷൻ പരാതിയെ തള്ളി രംഗത്തെത്തി. അതേസമയം, സിപിഎം വികാരത്തെ കളിയാക്കുകയാണ് കോൺഗ്രസ്. പാരഡിയിൽ പൊള്ളുന്നതെന്തിനെന്നാണ് ചോദ്യം. അതിനിടെ, പാരഡിക്കേസിലെ പരാതിക്കാരന്റെ സംഘടനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിക്ക് അയച്ച പരാതി റജിസ്ട്രേഷൻ വകുപ്പ് ഐജിക്ക് കൈമാറി. പരാതിക്കാരനായ പ്രസാദ് കുഴിക്കാല സെക്രട്ടറിയായ തിരുവാഭരണ പാത സംരക്ഷണസമിതിയെ കുറിച്ച് അന്വേഷിക്കാനാണ് തീരുമാനം. മറ്റൊരു സംഘടന കൂടി ഇതേ പേരിൽ രംഗത്ത് വന്നതോടെയാണ് പരാതി. അഭിഭാഷകനായ കുളത്തൂർ ജയ്സിംഗ് ആണ് പരാതിക്കാരൻ.

‘നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും’; പ്രതികരിച്ച് യുവതി

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണത്തിന് ഇരയായ യുവതി കടന്നുപോയത് കടുത്ത സമ്മർദത്തിലൂടെ. ഒരു വർഷത്തില്‍ കൂടുതലായി നിയമ പോരാട്ടം നടത്തുകയാണെന്നും ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ലഭിക്കാൻ നിയമ പോരാട്ടം നടത്തിയെന്നും യുവതി പറഞ്ഞു.

2024 ൽ നോർത്ത് പൊലീസ് സ്റ്റേഷനില്‍ വച്ചാണ്, അന്ന് ഗർഭിണിയായിരുന്ന ഷൈമോൾ എൻ. ജെ മർദനത്തിന് ഇരയായത്. എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഷൈമോളുടെ മുഖത്ത് അടിച്ചത്. രണ്ട് പേരെ മ‍‍ർദിച്ച് ജീപ്പില്‍ കയറ്റുന്നതിന്‍റെ ദൃശ്യങ്ങൾ ഭർത്താവ് പകർത്തിയിരുന്നെന്നും പിന്നാലെ ഭർത്താവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോയി. തുടർന്ന് കുട്ടികളുമായി താൻ പൊലീസ് സ്റ്റേഷനിലെത്തി. ആ സമയത്ത് ഭർത്താവിനെ മർദിക്കുന്നതാണ് കണ്ടത്.

നിലവിളിച്ച് ഉപദ്രവിക്കരുത് എന്ന് പറഞ്ഞു. അപ്പോൾ ഉദ്യോഗസ്ഥൻ നെഞ്ചത്ത് പിടിച്ച് തള്ളി, മുഖത്ത് അടിച്ചു. ഭർത്താവിന്‍റെ തലയ്ക്കും അടിച്ചു. തുടർന്ന് ആശുപത്രിയില്‍ പോയി. എന്നാല്‍ തനിക്കെതിരെ പൊലീസ് കള്ളക്കേസിട്ടു. സ്റ്റേഷൻ ആക്രമിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ മാന്തി പരിക്കേല്‍പ്പിച്ചു എന്നൊക്കെ ആരോപിച്ചായിരുന്നു കേസ് എടുത്തത്. ഇത് സമൂഹത്തിന് മുന്നില്‍ തെളിയിക്കേണ്ടത് ആവശ്യമായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് ദൃശ്യങ്ങൾ ലഭിച്ചത് എന്നും ഷൈമോൾ പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന സംഭവത്തിൻ്റെ തെളിവുകൾ ലഭിച്ചത് നിയമ പോരാട്ടത്തിലൂടെയാണ്. അതേസമയം, ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇതുവരേയും നടപടിയെടുത്തിട്ടില്ല. വനിതാ പൊലീസുകാർ ഉൾപ്പെടെ നോക്കിനിൽക്കുമ്പോഴാണ് യുവതിക്ക് മർദ്ദനമേറ്റത്. അന്യായമായി ഭർത്താവിനെ തടവില്‍ വെച്ചത് ചോദ്യം ചെയ്യുന്നതിനിടെയാണ് യുവതിക്ക് ക്രൂര മർദനം നേരിടേണ്ടി വന്നത്.

ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി

തിരുവനന്തപുരം: തദ്ദേശ തെര‍ഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി തലസ്ഥാന ഭരണം ബി ജെ പി പിടിച്ചെടുത്തതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിൽ സാമ്പത്തികപ്രതിസന്ധി ഉണ്ടാക്കാൻ സംസ്ഥാന സർക്കാരിന്‍റെ ഗൂഢശ്രമമെന്ന് ബിജെപി ജില്ലാ നേതൃത്വം. തിരുവനന്തപുരം കോർപ്പറേഷനിലെ ഫണ്ടിൽ നിന്ന് 200 കോടി ട്രഷറിയിൽ എത്തിക്കാൻ സർക്കാർ നിർദേശം നൽകിയെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇതെന്നും തിരുവനന്തപുരം സിറ്റി ബിജെപി അധ്യക്ഷൻ കരമന ജയൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പുതിയ ഭരണ സമിതിയുടെ പ്രവർത്തനങ്ങളെ തകർക്കാനുള്ള ശ്രമമാണ് ഇതെന്നും വ്യക്തമായ തെളിവുകൾ ലഭിച്ചെന്നും കരമന ജയൻ പറഞ്ഞു. ബി ജെ പിയുടെ ഭരണത്തെ തകർക്കാൻ ഉള്ള ശ്രമമാണ് ഇതെന്നും ശക്തമായി നേരിടുമെന്നും സമര പരിപാടികൾ ഉടൻ തന്നെ ശക്തമാക്കുമെന്നും കരമന ജയൻ വ്യക്തമാക്കി.

തലസ്ഥാനത്ത് സംഭവിച്ചത്

തിരുവനന്തപുരം കോർപറേഷൻ 100 ൽ 50 സീറ്റുകളിൽ വിജയം നേടിയാണ് ബി ജെ പി അധികാരം പിടിച്ചെടുത്തത്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ബി ജെ പിക്ക് തലസ്ഥാന നഗരം ഭരിക്കാം. വിഴിഞ്ഞം ഡിവിഷനിൽ തെരഞ്ഞെടുപ്പ് നടന്നില്ല. ഒരു സ്ഥാനാർഥി മരിച്ചതിനാലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാതിരുന്നത്. കോർപറേഷനിൽ കേവല ഭൂരിപക്ഷം തൊടാൻ ഇവിടെ ബി ജെ പിക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ജയിച്ച രണ്ട് സ്വതന്ത്രരെ ഒപ്പം കൂട്ടണം. മറുവശത്ത് ഭരണം നഷ്ടമായ ഇടതുപക്ഷം 29 സീറ്റിലാണ് ജയിച്ചത്. യു ഡി എഫ് 19 സീറ്റിലും വിജയിച്ചു. ഇരുമുന്നണികളും ചേർന്നാൽ ആകെ 48 സീറ്റാകും. സ്വതന്ത്രരുടെ പിന്തുണ കൂടി നേടാനായാൽ ആകെ 50 സീറ്റാകും. എന്നാൽ അധികാരം പിടിക്കാനായി അത്തരത്തിലുള്ള കുതിരക്കച്ചവടത്തിനില്ലെന്നാണ് സി പി എമ്മിന്‍റെയും കോൺഗ്രസിന്‍റെയും നിലപാട്. അതുകൊണ്ടുതന്നെ ബി ജെ പിക്ക് അനായാസം അധികാരത്തിലേറാം. ജില്ലയിലെ മുൻ അധ്യക്ഷൻ വി വി രാജേഷ്, മുൻ ഡി ജി പി ശ്രീലേഖ എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.

‘പച്ചില’ കാർഷിക യൂട്യൂബ് ചാനലിന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ‘കൃഷി ജാഗരൺ’ പുരസ്കാരം

ദില്ലി:കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഭാഗമായുള്ള കൃഷി ജാഗരൺ സംഘടിപ്പിച്ച “അഗ്രി ഐക്കൺ”പുരസ്കാരം പ്രശസ്ത കാർഷിക യൂട്യൂബ് ചാനലായ ‘പച്ചില’ക്ക് ലഭിച്ചു.കർഷകരിലേക്കും കാർഷിക മേഖലയിലേക്കും ആധുനിക അറിവുകളും ശാസ്ത്രീയ കൃഷിരീതികളും ലളിതവും ജനപ്രിയവുമായ രീതിയിൽ എത്തിക്കുന്നതിലൂടെയാണ് ‘പച്ചില’ ചാനൽ ഈ അംഗീകാരം നേടിയത്.പുതുതലമുറ കർഷകരെ പ്രചോദിപ്പിക്കുന്നതിലും സുസ്ഥിര കൃഷി ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും ചാനലിന്റെ പങ്ക് ശ്രദ്ധേയമാണെന്ന് സംഘാടകർ വ്യക്തമാക്കി.കാർഷിക നവീകരണം,ജൈവകൃഷി,വിളവൈവിധ്യം,കർഷകരുടെ അനുഭവങ്ങൾ തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി ‘പച്ചില’ ഒരുക്കുന്ന ഉള്ളടക്കങ്ങൾ രാജ്യത്തുടനീളം കർഷകർക്കും കാർഷിക രംഗത്തെ ആസ്വാദകർക്കും പ്രയോജനകരമായി മാറിയിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.ദില്ലി ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ ഉല്ലാസ് കോവൂരും റിജു കോശിയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

കൊല്ലത്ത് ബാര്‍ ജീവനക്കാരിയായ യുവതിയെ ശല്യം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ അഭിഭാഷകനേയും സുഹൃത്തിനേയും റിമാന്‍ഡ് ചെയ്തു

കൊല്ലം: ബാര്‍ ജീവനക്കാരിയായ യുവതിയെ ശല്യം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ അഭിഭാഷകനേയും സുഹൃത്തിനേയും റിമാന്‍ഡ് ചെയ്തു. കൊല്ലം ബാര്‍ അസോസിയേഷന്‍ അംഗം ചാത്തന്നൂര്‍ ചാമവിള വീട്ടില്‍ ഹരിശങ്കര്‍ (32), തോപ്പില്‍ക്കടവ് ലേക്‌സൈഡ് അപ്പാര്‍ട്മെന്റിലെ താമസിക്കാരനായ അര്‍ജുന്‍ (35) എന്നിവരാണ് കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കൊല്ലം നഗരത്തില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബാറിലെ വനിതാ ജീവനക്കാരിയെയാണ് അഭിഭാഷകനും ഇയാളുടെ സുഹൃത്തും ചേര്‍ന്ന് ശല്യം ചെയ്തത്. ഇവരുടെ ജോലിസ്ഥലത്തും താമസസ്ഥലത്തും എത്തി ശല്യം ചെയ്‌തെന്നായിരുന്നു പരാതി. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

‘ഞങ്ങളുടെ പ്രിയപ്പെട്ട മകള്‍, സ്വര്‍ഗത്തിലെ മാലാഖയായവള്‍,…. മകള്‍ നന്ദനയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക കെ. എസ്. ചിത്ര

അകാലത്തില്‍ വിടപറഞ്ഞ ഏക മകള്‍ നന്ദനയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക കെ. എസ്. ചിത്ര. സ്വര്‍ഗത്തിലെ മാലാഖയാണ് തന്റെ മകളെന്നാണ് ചിത്ര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. കുട്ടിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. നീ ഞങ്ങളെ വിട്ട് നേരത്തെ പോയെന്നും ചിലപ്പോള്‍ നല്ല കുട്ടികളെ സ്വര്‍ഗത്തിലാവശ്യമുണ്ടായിരിക്കുമെന്നും ചിത്ര കുറിച്ചു.’ഞങ്ങളുടെ പ്രിയപ്പെട്ട മകള്‍, സ്വര്‍ഗത്തിലെ മാലാഖയായവള്‍, നീ ഞങ്ങളെ വിട്ട് നേരത്തെ പോയി. നിനക്കായി ഞങ്ങള്‍ കരുതിവച്ച ജീവിതം ജീവിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. എന്നാല്‍ ചിലപ്പോള്‍ നല്ല കുട്ടികളെ സ്വര്‍ഗത്തിലാവശ്യമുണ്ടായിരിക്കും. നീ അവരില്‍ ഒരാളാണ്. പിറന്നാള്‍ ആശംസകള്‍ നന്ദന’ – എന്നാണ് ചിത്ര കുറിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ 2002 ല്‍ ആണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്.

മറ്റു പാര്‍ട്ടിക്കാരെയെല്ലാം പിന്നിലാക്കി ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി

കൊല്ലം: കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക്. ചിറക്കര ഗ്രാമപഞ്ചായത്ത് ഇടവട്ടം ആറാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ഉല്ലാസ് കൃഷ്ണനാണ് 872 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 87.19 ശതമാനം വോട്ട് ഉല്ലാസിന് പോള്‍ ചെയ്യപ്പെട്ടു. വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചത് 95 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 25 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 22 വോട്ടുമാണെന്നതാണ് കൗതുകം.

സിപിഐഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ഉല്ലാസ് കൃഷ്ണനെ 2023ല്‍ സാമ്പത്തിക ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്നും ഉല്ലാസ് പൊതുരംഗത്ത് സജീവമായിരുന്നു. ഡിവൈഎഫ്ഐയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ഉല്ലാസ് 2015-20 കാലയളവില്‍ പഞ്ചായത്ത് അംഗമായിരുന്നു ഉല്ലാസ്. പഞ്ചായത്തില്‍ ബിജെപിക്ക് ബിജെപി ആറ് സീറ്റും എല്‍ഡിഎഫിനും യുഡിഎഫിനുമായി അഞ്ച് വീതം സീറ്റുകളാണുള്ളത്. അതിനാല്‍ ഉല്ലാസിന്റെ നിലപാട് പ്രധാനമാണ്.

ലൈംഗിക അതിക്രമ കേസിൽ  പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20 ന്  വിധി പറയും

തിരുവനന്തപുരം. ലൈംഗിക അതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20 ന്  വിധി പറയും. ജാമ്യാപേക്ഷയിന്മേൽ
കോടതിയിൽ ഇന്ന് വാദം പൂർത്തിയായി. കേസ് ഡയറി അന്വേഷണസംഘം  കോടതിയിൽ ഹാജരാക്കി

പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ വിശദമായ വാദം കേട്ടതിനുശേഷമാണ്
തിരുവനന്തപുരം അഡീഷണൽ സെഷൻസ്
കോടതി വിധി പറയാൻ മാറ്റിയത്. മറ്റന്നാൾ ജാമ്യാപേക്ഷയിൽ വിധി പറയും.
തനിക്കെതിരെയുള്ളത് വ്യാജ കേസാണെന്ന് പിടി കുഞ്ഞുമുഹമ്മദ് കോടതിയിൽ പറഞ്ഞു.തനിക്കെതിരെ
പരാതി നൽകുന്നത് സംഭവം നടന്നുവെന്ന് പറയുന്നതിന് 21 ദിവസങ്ങൾക്ക് ശേഷമാണ്.ഈ കാല താമസം സംശയം ഉണ്ടാക്കുന്നതാണ്. മാത്രമല്ല അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പി ടി കുഞ്ഞുമുഹമ്മദിന് യുവതി വാട്സാപ്പിലൂടെ മെസ്സേജ് അയച്ചിട്ടുണ്ട്. ഇതിൻ്റെ പകർപ്പും പി ടി കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകൻ   കോടതിയിൽ ഹാജരാക്കി. എന്നാൽ പരാതിക്കാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന്  ശക്തമായ തെളിവുണ്ടെന്നായിരുന്നു  പ്രോസിക്യൂഷന്റെ വാദം.ഇരുവരും ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്നുവെന്നതിന്റെ സിസിടിവി ദൃശ്യങ്ങളുൾപ്പടെ കോടതി ആവശ്യപ്പെട്ട പ്രകാരം കേസ് ഡയറിയും അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി.ഐഎഫ്എഫ്കെയിലേക്ക് സിനിമ തിരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിങ്ങിനിടെ പി ടി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറി എന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി.

ജിദ്ദയിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയിൽ ആ അപകടം , നടുക്കം വിട്ട് യാത്രക്കാർ

കൊച്ചി. ജിദ്ദയില്‍ നിന്നും കരിപ്പൂരിലിറങ്ങേണ്ട വിമാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ ഇറക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ഇന്ന് രാവിലെ കരിപ്പൂരിൽ എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത് .160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് .യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിൽ എത്തിക്കും .

160 യാത്രക്കാരുമായി പുലർച്ചെ 1:05 നാണ് എയർഇന്ത്യ എക്സ്പ്രസ് ജിദ്ദയിൽ നിന്നും ടേക്ക് ഓഫ് ചെയ്യുന്നത്.  യാത്രാമദ്ധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിക്കുകയായിരുന്നു. ലാൻഡിങ് ഗിയറിന് തകരാർ സംഭവിക്കുകയും വിമാനത്തിന്റെ ഒരു ടയർ പൊട്ടുകയും ചെയ്തു. തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ്ങിനായി  ആവശ്യപ്പെടുകയായിരുന്നു. പൂർണ്ണ സജ്ജമായ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തു. ലാൻഡിങ്ങിനിടയിൽ രണ്ടാമത്തെ ടയറും പൊട്ടി. ജിദ്ദയിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയിൽ എന്തോ ഒരു വസ്തു വിമാനത്തിന്റെ ടയറിൽ തട്ടിയതാണ് ടയർ പൊട്ടാൻ കാരണം എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദവും വിമാനത്തിനുള്ളിൽ കുലുക്കവും അനുഭവപ്പെട്ടിരുന്നതായും യാത്രക്കാർ പറഞ്ഞു.


മറ്റൊരു വിമാനം ക്രമീകരിച്ചു നൽകണമെന്ന ആവശ്യപ്പെട്ട് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു.  മുഴുവൻ യാത്രക്കാരെയും റോഡ് മാർഗ്ഗം കരിപ്പൂരിൽ എത്തിക്കും.  യാത്രക്കാരുമായി അഞ്ചു ബസ്സുകൾ കരിപ്പൂരിലേക്ക് പുറപ്പെട്ടു.
വിമാനത്തിന്റെ വിശദമായ സാങ്കേതിക പരിശോധനകൾ നടന്നു വരികയാണ്.
സംഭവത്തിൽ വിശദീകരണവുമായി സിയാലും വാർത്തകുറിപ്പ് ഇറക്കി.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ സ്വീകരിച്ചിരുന്നു എന്നും,
9:45 ഓടെ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായി,
ആറ് വിമാനങ്ങൾ വൈകി , മൂന്നെണ്ണം വഴിതിരിച്ചു വിട്ടു , പുറപ്പെടേണ്ട അഞ്ചു വിമാനങ്ങളുടെ സമയം പുന: ക്രമീകരിച്ചു എന്നും വാർത്തകുറിപ്പിൽ പറയുന്നു.

പി ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും

കണ്ണൂർ. പി ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും.
കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിന് ശേഷം കെ സുധാകരൻ എം പി പ്രഖ്യാപനം നടത്തി. കോർപറേഷനിൽ സമഗ്രവികസനത്തിനുള്ള പ്ലാൻ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് നിയുക്തമേയർ പറഞ്ഞു.


കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ നിലവിലെ ഡെപ്യൂട്ടി മേയർ കൂടിയായ പി ഇന്ദിരയ്ക്ക് തന്നെയായിരുന്നു പ്രഥമ പരിഗണന. രണ്ട് ദിവസം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ കെ സുധാകരൻ എം പിയുടെ പ്രഖ്യാപനം.


ഒറ്റപ്പേര് മാത്രാമണ് കോർ കമ്മിറ്റിയിൽ ചർച്ചയ്ക്ക് വന്നതെന്നും കെ സുധാകരൻ. സമഗിരവികസനമാണ് ലക്ഷ്യമെന്നും സ്ത്രീസുരക്ഷയ്ക്കും ഉന്നമനത്തിനും കൂടുതൽ ഊന്നൽ നൽകുമെന്നും നിയുക്തമേയർ പറഞ്ഞു


കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച പി ഇന്ദിര കണ്ണൂർ മുൻസിപ്പാലിറ്റിയിൽ രണ്ട് തവണ കൗൺസിലറായിരുന്നു. കോർപറേഷൻ രൂപീകൃതമായ ശേഷം മൂന്ന് തവണയും ജയിച്ചുകയറി. ഇത്തവണ വിമതസ്ഥാനാർഥിയെ ഉൾപ്പടെ പരാജയപ്പെടുത്തിയാണ് പയ്യാമ്പലത്ത് നിന്ന് ജയിച്ചത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ പി താഹിർ ആയിരിക്കും ഡെപ്യൂട്ടി മേയർ