Home Blog Page 474

ഒരു കോടി രൂപ അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു

കണ്ണൂർ. പേരാവൂരിൽ ഒരു കോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു.പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റാണ് തട്ടിയെടുത്തത്.ടിക്കറ്റ് ബ്ലാക്കിന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാങ്ങാൻ എത്തിയവർ തട്ടിയെടുത്തത്.സംഘത്തിൽപ്പെട്ട ഒരാളെ പേരാവൂർ പോലീസ് പിടികൂടി.ചാക്കാട് സ്വദേശി ശുഹൈബിനെയാണ് പിടികൂടിയത്

ഫോക്‌ ലോർ പുരസ്കാര ജേതാവായ സീതകളി കലാകാരനെ ആദരിച്ചു

കുന്നത്തൂർ:രാമായണം ഇതിവൃത്തമായ ദേശിംഗനാടിൻ്റെ തനത് കലാരൂപമായ സീതകളിയെ 25 വർഷമായി കേരളത്തിന് അകത്തും പുറത്തുമുള്ള വേദികളിൽ സജീവമാക്കി ഫോക്‌ ലോർ പുരസ്കാരത്തിന് അർഹനായ സീതകളി കലാകാരൻ ഐവർകാല സ്വദേശി കെ.അജിയെ ആർ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ പൊന്നാട അണിയിച്ച് ആദരിച്ചു.കൊല്ലം പെരിനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സീതകളി അക്കാദമിയിലെ കലാകാരനായ അജി പുതിയ തലമുറയിലേക്ക് ഈ കലാരൂപം പരിശീലിപ്പിക്കുന്നു.ചരിത്രപഠനം,വിവരശേഖരണം,പാട്ട് ശേഖരണം എന്നിവ അടങ്ങിയതാണ് അക്കാദമിയുടെ പ്രവർത്തനം.വിനോദ് ഐവർകാല,ഷെഫീഖ് മൈനാഗപ്പള്ളി,ഉമേഷ് കുന്നത്തൂർ, അരുൺ ഗോവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആനയടി പഴയിടം ക്ഷേത്രത്തിൽ സാംസ്ക്കാരിക സമ്മേളനവും നരസിംഹജ്യോതി പുരസ്കാര വിതരണവും 16ന്

ആനയടി:തിരുവുത്സവം നടക്കുന്ന ശൂരനാട് വടക്ക് ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ സാംസ്ക്കാരിക സമ്മേളനവും പുരസ്കാര വിതരണവും വെള്ളിയാഴ്ച
നടക്കും.വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.ആനയടി ദേവസ്വം പ്രസിഡൻ്റ് ഡോ.ജി ചന്ദ്രകുമാർ അധ്യക്ഷത വഹിക്കും.ചടങ്ങിൽ ചലച്ചിത്രതാരം ആശാ ശരത്തിന് നരസിംഹജ്യോതി പുരസ്കാരം കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനിക്കും.എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ,എം.എസ് അരുൺ കുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ജി.എസ് ആശാനാഥ് മുഖ്യാതിഥിയായിരിക്കും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കീഴ്ത്താമരശ്ശേരി രമേശ് ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ചാങ്കുരേത്ത്,പഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ.എസ്,ഷീബ.എസ്,സുരഭില ടീച്ചർ, ബിനുകുമാർ ബി എന്നിവർ സംസാരിക്കും.ദേവസ്വം സെക്രട്ടറി വിജയൻ കാഞ്ഞിരവിള സ്വാഗതവും ട്രഷറർ ആനയടി ബിനുകുമാർ നന്ദിയും പറഞ്ഞു.തുടർന്ന് 6.30 ന് അഷ്ടപദി,രാത്രി 7ന് ശ്രീഭൂതബലി,നൃത്തസന്ധ്യ, 8.30 മുതൽ കോട്ടയം കീഴൂർ ശ്രീഭദ്രാ ഭജന മണ്ഡലി അവതരിപ്പിക്കുന്ന നാമാഭിഷേകം എന്നിവ നടക്കും.

കോന്നിയില്‍ സ്കൂളിന് സമീപം കാട്ടാന അക്രമം

കോന്നി. കല്ലേലി സ്കൂളിന് സമീപം കാട്ടാന അക്രമം.വീടിന്റെ ഗേറ്റ് തകർത്തു.കല്ലേലി തെക്കേടത്ത് താഴേതിൽ കോശി മാത്യുവിന്റെ വീട്ടിലേക്ക് ആണ് കാട്ടാന എത്തിയത്.കൃഷികളും നശിപ്പിച്ചു.കൃഷി വ്യാപകമായി നശിപ്പിച്ചു

നിരവധി വീടുകൾ ഉള്ള പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.ഇന്ന് പുലർച്ചെ 3 മണിക്കും 5 മണിക്കും കാട്ടാന വീടുകൾക്ക് സമീപം എത്തി

മണ്ണൂർക്കാവിൽദേവിക്ക് ആയിരങ്ങൾ പൊങ്കാല അർപ്പിച്ചു

മൈനാഗപ്പള്ളി: മണ്ണൂർകാവ് ഭഗവതി ക്ഷേത്രത്തിൽ മകരപൊങ്കൽ ഉത്സവത്തിന്റെ ഭാഗമായുള്ള മണ്ണൂർക്കാവ് പൊങ്കാല നടന്നു.
ആയിരങ്ങളാണ് അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത്.ശ്രീകോവിലിൽ നിന്നും
മേൽശാന്തി ഗോപൻ നമ്പൂതിരി രാവിലെ 6.30 ന് ഭണ്ഠാര അടുപ്പിൽ ദീപം കൊളുത്തിയതോടെ പൊങ്കാല ആരംഭിച്ചു.
സിനിമാതാരം നീനാ കുറുപ്പ് ഉത്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി
പ്രസിഡന്റ് രവിമൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ചാമവിള,വൈസ് പ്രസിഡന്റ്‌ റ്റി. സുരേന്ദ്രൻ പിള്ള, ട്രഷറര്‍ വി.ആർ.സനിൽ ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഡി. ഗുരുദാസൻ,ഭരണ സമിതി അംഗങ്ങളായ ശ്രീശൈലം ശിവൻപിള്ള അഡ്വ.ആർ.പ്രകാശ് കുമാർ,അജി ശ്രീക്കുട്ടൻ,പ്രസാദ് മണ്ണൂർക്കാവ്,വി. രാജീവ്,രതീഷ് കാക്കര,ഉണ്ണി വിശ്വനാഥപിള്ള, ഉണ്ണി പ്രാർത്ഥന,സുരേഷ് മദനവിലാസം,ജയകൃഷ്ണൻ കാളിയേഴത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് 4 ന് താലപ്പൊലി ഘോഷയാത്ര, 8 ന് കൊല്ലം ചൈതന്യയുടെ നാടകം, അങ്കം ജയിക്കാൻ ഒരമ്മ,
നാളെ വൈകിട്ട് 5.30 ന് സോപാന സംഗീതം,6 ന് തിരുവമ്പാടി മേള പ്രമാണി ചെറുശ്ശേരി കുട്ടൻമാരാരും101 കലാകാരന്മാരും പങ്കെടുക്കുന്ന പാണ്ടിമേളം,9 ന് മേജർസെറ്റ് കഥകളി, കഥ:കുചേല വൃത്തം, ശ്രീരാമപട്ടാഭിഷേകം എന്നിവയും നടക്കും.
18 ന് രാവിലെ 5 ന് പുഷ്പാലങ്കാരം,6 ന് സോപാനസംഗീതം,3.30 ന് വർണ്ണ ശബളമായ കെട്ടുകാഴ്ച,7 ന് തിരു. എഴുന്നള്ളത്ത്, വലിയ കാണിക്ക, കുതിര കാണൽ,9 ന് കോട്ടയം മെഗാ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള,തുടർന്ന് ഗംഭീര വെടിക്കെട്ട് എന്നിവയോടെ ഉത്സവം സമാപിക്കും.(ഫോട്ടോ: മണ്ണൂർക്കാവ് പൊങ്കാല സിനിമാതാരം നീനാ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.)

കടല് കാക്കാം, ഒപ്പം പഠനവും, ശമ്പളം 56,100 രൂപ, ആനുകൂല്യങ്ങൾ; നേവിയിൽ 10+2 (ബിടെക്) കെഡേറ്റ് എൻട്രി

പ്ലസ് ടു, സയൻസ് സ്ട്രീമിൽ ജയിച്ചവർക്ക് നേവിയിൽ ബിടെക് പഠിക്കാനും തുടർന്ന് കമ്മിഷൻഡ് റാങ്കോടെ സ്ഥിരംനിയമനം ലഭിക്കാനും ഇന്ത്യൻ നേവി അവസരമൊരുക്കുന്നു. 2026 ജൂലായിൽ ആരംഭിക്കുന്ന 10+2 (ബിടെക്) കെഡേറ്റ് എൻട്രി പദ്ധതി (സ്ഥിരം കമ്മിഷൻ) കോഴ്സ്‌വഴി വിദ്യാർഥികൾക്ക് നേവിയുടെ ഭാഗമാകാം. ബിടെക് ബിരുദം ജവഹർലാൽ നെഹ്റു സർവകലാശാല നൽകും. പഠനവും പരിശീലനവും സൗജന്യം.

ഒഴിവുകൾ

എക്സിക്യുട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകളിലായി 44 ഒഴിവുണ്ട്‌. എക്സിക്യുട്ടീവ് ബ്രാഞ്ചിലേക്കോ ടെക്നിക്കൽ (എൻജിനിയറിങ് ആൻഡ്‌ ഇലക്ട്രിക്കൽ) ബ്രാഞ്ചിലേക്കോ ഉള്ള അലോക്കേഷൻ നേവി തീരുമാനിക്കും

അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പരമാവധി ഏഴ് ഒഴിവുകൾ പെൺകുട്ടികൾക്കാണ്.

യോഗ്യത

2007 ജനുവരി രണ്ടിനും 2009 ജൂലായ് ഒന്നിനും ഇടയ്ക്ക് (രണ്ടുദിവസവും ഉൾപ്പെടെ) ജനിച്ചതായിരിക്കണം. അംഗീകൃത ബോർഡിൽനിന്നും 10+2 രീതിയിലെ സീനിയർ സെക്കൻഡറി പരീക്ഷ/തത്തുല്യ പരീക്ഷ; ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെടുത്ത്, ഈ മൂന്നുവിഷയത്തിനുംകൂടി 70 ശതമാനം മാർക്ക്‌ മൊത്തത്തിൽ വാങ്ങി ജയിച്ചിരിക്കണം. ക്ലാസ് 10-ലോ 12-ലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം.

2025-ൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തിയ, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ പേപ്പർ 1 (ബിഇ/ബിടെക് പ്രവേശനത്തിന്) അഭിമുഖീകരിച്ചിരിക്കണം.

മെഡിക്കൽ സ്റ്റാൻഡേഡ്സ്, ഉയരം/തൂക്കം എന്നിവയിലെ ഇളവ്, ടാറ്റു തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വിജ്ഞാപനത്തിൽ ലഭിക്കും.

തിരഞ്ഞെടുപ്പ്

ജെഇഇ മെയിൻ പേപ്പർ 1 കോമൺ റാങ്ക് ലിസ്റ്റിലെ അഖിലേന്ത്യാ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ സർവീസ് സെലക്‌ഷൻ ബോർഡ് (എസ്എസ്ബി) ഇൻറർവ്യൂവിന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്.

എസ്എസ്ബി ഇന്റർവ്യൂ 2026 മാർച്ച് മുതൽ ബെംഗളൂരു, ഭോപാൽ, കൊൽക്കത്ത, വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിലായി പ്രതീക്ഷിക്കാം.

സായുധസേനയിൽ ഓഫീസറായി പ്രവർത്തിക്കാനുള്ള അഭിരുചി (ഓഫീസർ ലൈക്ക് ക്വാളിറ്റീസ്) എസ്എസ്ബിയിൽ വിലയിരുത്തപ്പെടും. അവയിൽ, ആസൂത്രണ-സംഘാടക മികവ്, സാമൂഹിക പരിതഃസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ്, ചലനാത്മകത, സാമൂഹികഫലപ്രാപ്തി തുടങ്ങിയവ ഉൾപ്പെടും.

ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ ആൻഡ് ഡിസ്കഷൻ ടെസ്റ്റ് എന്നിവയാണ് ആദ്യഘട്ടത്തിൽ.

സൈക്കോളജിക്കൽ ടെസ്റ്റിങ്, ഗ്രൂപ്പ് ടെസ്റ്റിങ്, ഇന്റർവ്യൂ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ. യോഗ്യത നേടുന്നവർക്ക് തുടർന്ന് മൂന്നുദിവസം മുതൽ അഞ്ചുദിവസം വരെ നീണ്ടുനിൽക്കാവുന്ന മെഡിക്കൽ പരിശോധനയുമുണ്ടാകും.

പരിശീലനം/പഠനം

തിരഞ്ഞെടുക്കപ്പെടുന്നവരെ കെഡേറ്റുകളായി കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ബ്രാഞ്ചുകളിലൊന്നിൽ നാലുവർഷത്തെ എൻജിനിയറിങ് ബിരുദ പഠനത്തിന് എൻറോൾ ചെയ്യും.

പരിശീലനച്ചെലവ് (ബുക്ക്, റീഡിങ് മെറ്റീരിയൽ എന്നിവ ഉൾപ്പെടെ) പൂർണമായും ഇന്ത്യൻനേവി വഹിക്കും. ക്ലോത്തിങ്, മെസിങ് എന്നിവയും കെഡേറ്റുകൾക്ക് ലഭിക്കും.

ആദ്യനിയമനം

സബ് ലഫ്റ്റനൻറ് റാങ്കിൽ ആദ്യനിയമനം ലഭിക്കും. അടിസ്ഥാനശമ്പളം 56,100 രൂപയും മിലിട്ടറി സർവീസ് പേ 15,500 രൂപയും. മറ്റ് അലവൻസുകളും ആനുകൂല്യങ്ങളുമുണ്ട്. പടിപടിയായി ഉയർന്ന റാങ്കുകളിലേക്കുനീങ്ങാം.

അപേക്ഷ

അപേക്ഷ ഓൺലൈനായി ജനുവരി 19 വരെ www.joinindiannavy.gov.in വഴി നൽകാം.

വിറ്റാമിന്‍ ഡിയുടെ കുറവ്; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ശരീരത്തില്‍ യൂറിക് ആസിഡ് കൂടാനും കാരണമാകും.

വിറ്റാമിന്‍ ഡിയുടെ കുറവ്; അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

വിറ്റാമിൻ ഡി കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം.

അസ്ഥി വേദന, പേശികള്‍ക്ക് ബലക്ഷയം

അസ്ഥി വേദന, എല്ലുകളിലും പേശികളിലും വേദന അനുഭവപ്പെടുന്നത്, പേശികള്‍ക്ക് ബലക്ഷയം, കൈ – കാലു വേദന, പല്ലുവേദന, നടുവേദന തുടങ്ങിയവ വിറ്റാമിന്‍ ഡി കുറവിന്‍റെ ലക്ഷണങ്ങളാണ്.

അമിത ക്ഷീണം

ആവശ്യത്തിന് വിശ്രമം എടുത്തതിന് ശേഷവും അനുഭവപ്പെടുന്ന അമിത ക്ഷീണവും തളര്‍ച്ചയും വിറ്റാമിന്‍ ഡിയുടെ കുറവാകാം സൂചിപ്പിക്കുന്നത്.

പ്രതിരോധശേഷി കുറയുക

എപ്പോഴും തുമ്മലും ജലദോഷവും പനിയും പ്രതിരോധശേഷി കുറവിന്‍റെ ലക്ഷണമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം പ്രതിരോധശേഷി കുറവിവിന് കാരണമാകും.

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്.

വരണ്ട ചര്‍മ്മം

വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ചര്‍മ്മം വരണ്ടതാകാന്‍ സാധ്യത ഉണ്ട്.

ചര്‍മ്മം ചൊറിയുക

ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവ് മൂലമാകാം.

തലമുടി കൊഴിച്ചില്‍

വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ചിലര്‍ക്ക് തലമുടി കൊഴിച്ചിലും ഉണ്ടാകാം.

മൂഡ് സ്വിംഗ്സ്

വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയവയും വിറ്റാമിന്‍ ഡിയുടെ കുറവ് മൂലമുണ്ടാകാം.

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഠിന ശൈത്യ തരംഗം; ദില്ലിയിൽ പുകമഞ്ഞ് രൂക്ഷം, നിരവധി വിമാന സർവീസുകൾ വൈകി

ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം കഠിനം. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ താപനില ശരാശരിയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് താഴെ വരെയാണ് രേഖപ്പെടുത്തുന്നത്.

ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.9 ഡിഗ്രി സെൽഷ്യസ് ആണ്. ശൈത്യ തരംഗം രൂക്ഷമായാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നത് സർക്കാർ പരിഗണിക്കും. താപനില കുറഞ്ഞതോടെ ഡൽഹിയിൽ പുകമഞ്ഞു രൂക്ഷമായി. ഡൽഹി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകി. വായുമലിനീകരണം കൂടിയതാണ് ഡൽഹിയിൽ പൂകമഞ്ഞ് രൂക്ഷമാകാൻ കാരണമായത്. ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു.

ഓൺലൈനിൽ ആരോ പടക്കം ഓർഡർ ചെയ്തു, ഉള്ളിൽ പടക്കമെന്നറിയാതെ പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂർ ദേശീയപാതയിൽ കത്തിയമർന്നു; ജീവനക്കാർ രക്ഷപ്പെട്ടു

തൃശൂർ: തൃശ്ശൂരിൽ ലോറിക്ക് തീപിടിച്ചു. നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്സൽ പായ്ക്കറ്റുകൾ മറ്റൊരു വാഹനത്തിൽ മാറ്റിക്കയറ്റുമ്പോഴാണ് തീപിടിച്ചത്. ലോറിയിലുണ്ടായിരുന്ന പാഴ്സലിൽ പടക്കമായിരുന്നു. അത് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്.

പടക്കമാണെന്ന് പറയാതെയാണ് പാഴ്സൽ അയച്ചത്. നിയമം ലംഘിച്ച് ഓൺലൈനിൽ പടക്ക പാഴ്സൽ അയക്കുകയായിരുന്നു. ലോറി ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിക്ക് തീപിടിച്ചതിനെ തുടർന്ന് ദേശീയപാതയിൽ അര മണിക്കൂർ ഗതാഗതം തടസപ്പെട്ടു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

മന്ത്രിയ്ക്ക് എസ്കോർട്ട് വേണമെന്ന് എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ല; പ്ലാൻ്റ് ചെയ്ത വിചിത്രമായ വാർത്തയെന്ന് മന്ത്രി എം ബി രാജേഷ്

തൃശ്ശൂർ: മന്ത്രിക്ക് എക്സൈസ് ഉദ്യോ​ഗസ്ഥരുടെ എസ്കോർട്ട് വേണമെന്ന എം ആർ അജിത്കുമാറിൻ്റെ നിർദേശത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. മന്ത്രിയ്ക്ക് എസ്കോർട്ട് വേണമെന്ന് എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ലെന്നും ഇത് പ്ലാൻ്റ് ചെയ്ത വിചിത്രമായ വാർത്തയാണെന്നും മന്ത്രി പറഞ്ഞു. മൂന്നര വർഷമായി എക്സൈസ് മന്ത്രിയ്ക്ക് ഇല്ലാത്ത എസ്കോർട്ട് ഇപ്പോൾ എന്തിനാണ് എന്ന് ചോദിച്ച അദ്ദേഹം വാർത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു.

മൂന്നര വർഷമായി മന്ത്രിയ്ക്ക് ഇല്ലാത്ത എസ്കോർട്ട് ഇപ്പോൾ എന്തിനാണ്? വാർത്ത എക്സൈസ് കമ്മീഷണറിനെ ലക്ഷ്യം വച്ചുള്ളതാണെങ്കിൽ എന്തിന് മന്ത്രിയെ വലിച്ചിടണം? വാർത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. എസ്കോർട്ട് വേണമെന്ന് ഉത്തരവിറക്കുകയോ വാക്കാൽ നിർദേശിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നായിരുന്നു വിചിത്ര നിർദേശം. എക്സൈസ് കമ്മീണർ എം ആർ അജിത്കുമാർ ഇന്നലെ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. സ്വന്തം പണം മുടക്കി എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ വൃത്തിയാക്കണമെന്നുമാണ് നിർദേശത്തിൽ പറയുന്നത്.