മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്ത് 17-ാം വാർഡിന്റെ ആഭിമുഖ്യത്തിൽ
SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മെമ്പർ മെറിറ്റ് അവാർഡ്
വിതരണവും’ ഓണത്തിന് ഒരു മുറം പച്ചക്കറി ‘ക്കായി
പച്ചക്കറി വിത്ത് വിതരണവും നടത്തി.
വാർഡ് മെമ്പർ വർഗീസ് തരകൻ അധ്യക്ഷത വഹിച്ച യോഗം ഉല്ലാസ് കോവൂർ MLA ഉദ്ഘാടനം ചെയ്തു. കൊല്ലം DCC പ്രസിഡന്റും മുൻ കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി. രാജേന്ദ്രപ്രസാദ് മുഖ്യ സന്ദേശം നൽകി. ചടങ്ങിൽ അധ്യാപക അവാർഡ് ജേതാവ് ജ്യോതിനാഥനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. സി. കോശി വൈദ്യൻ, വാർഡ് മെമ്പർ സിജു കോശി വൈദ്യൻ, Y. ഷാജഹാൻ, അധ്യാപക അവാർഡ് ജേതാവ് ജ്യോതി നാഥൻ, ഷാൻരാജ്, വിദ്യാധരൻ എന്നിവർ സംസാരിച്ചു
ഓണത്തിന് ഒരു മുറം പച്ചക്കറി ‘ക്കായിപച്ചക്കറി വിത്ത് വിതരണം
സാമ്പത്തിക തിരിമറി:യൂത്ത് കോൺഗ്രസ് ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
ശാസ്താംകോട്ട:ഡിവൈഎഫ്ഐ നേതാവായ താത്ക്കാലിക ജീവനക്കാരൻ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവർ രാജി വച്ച് നിയമ നടപടി നേരിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് കവാടത്തിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ബിനു പുള്ളിയിൽ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡൻ്റ് റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു.തുണ്ടിൽ നൗഷാദ്,വൈ.ഷാജഹാൻ,ദിനേശ് ബാബു,അൻവർ പാറപ്പുറം,പി.എസ് അനുതാജ്,രതീഷ് കുറ്റിയിൽ,സുഹൈൽ അൻസാരി,പി.എം സെയ്ദ്,അമൃത പ്രിയ,അനിൽ പനപ്പെട്ടി,ബിജു ലൂക്കോസ്,പി.ജി വിനോദ് കുമാർ,തസ്നി,നെബീസത്ത് എന്നിവർ പ്രസംഗിച്ചു.
കനത്ത മഴയിൽ മൈനാഗപ്പള്ളി കടപ്പയില് വീട് തകര്ന്നു
ശാസ്താംകോട്ട. കനത്ത മഴയിൽ മൈനാഗപ്പള്ളി കടപ്പ 21 -ാം വാർഡിൽ കരുണാലയത്ത് സുകുമാരി പിള്ള യുടെ വീട് തകർന്നു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായ കുടുംബം വീട് പോയതോടെ കഷ്ടത്തിലായി .. ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടി ഉൾപ്പെടെ അഞ്ചു പേർ താമസിക്കുന്ന വീടാണ് തകർന്നത്. അധികൃതരുടെ ഭാഗത്തു നിന്ന് അർഹമായ സാമ്പത്തിക സഹായം ചെയ്തെങ്കിൽ മാത്രമേ ഈ നിർധന കുടുംബത്തിനു വാസയോഗ്യമായ വീട് ലഭിക്കുകയുള്ളുവെന്ന് സ്ഥലവാസികള് പറഞ്ഞു.
ഇത്തിക്കര ആറ്റില് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാരിപ്പള്ളി: കഴിഞ്ഞ ദിവസം പള്ളിക്കപ്പുഴ ആറ്റില് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലുവാതുക്കല് നടയ്ക്കല് അഭിലാഷ് ഭവനില് അഭിലാഷ് (39) ആണ് മരണപ്പെട്ടത്. വീട്ടില് നിന്ന് കാണാതായതിനെ തുടര്ന്ന് ബന്ധുക്കള് പാരിപ്പള്ളി പോലീസ് സ്റ്റേഷനില് പരാതി നല്കിയിരുന്നു. തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അടുതല മണ്ണയം പാലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളില് അഭിലാഷ് ആറ്റിലേക്ക് പോകുന്ന ദൃശ്യങ്ങള് കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില് പോലീസും നാട്ടുകാരും ചേര്ന്ന് പ്രദേശത്ത് വ്യാപക തെരച്ചില് നടത്തിയെങ്കിലും ആദ്യഘട്ടത്തില് കണ്ടെത്താനായിരുന്നില്ല. തുടര്ന്ന് പരവൂര് ഫയര് ആന്ഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തില് കൊല്ലത്തുനിന്നെത്തിയ സ്കൂബ ടീം ആറ്റില് പരിശോധന നടത്തി. തിരച്ചിലില് അടുതല പാലത്തിന് താഴെയായി മൃതദേഹം കണ്ടെത്തുകയായിരുന്നു. പാരിപ്പള്ളി പോലീസ്, ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
മലപ്പുറം: പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. മലപ്പുറം കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്. മലപ്പുറം വിരിപ്പാടം ഇടശ്ശരികോളിലാണ് സംഭവം. ലൈൻ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കാലാവസ്ഥ വ്യതിയാനം… ആപ്പിൾ വില കൂടിയേക്കും
ഷിംല: കാലാവസ്ഥ വ്യതിയാനത്തെ തുടര്ന്ന് ഹിമാചല് പ്രദേശിലെ ആപ്പിള് തോട്ടങ്ങള് കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോര്ട്ട്. കാലംതെറ്റി പെയ്ത മഴയും കനത്ത ആലിപ്പഴ വീഴ്ചയും കാരണം ഇത്തവണ ആപ്പിള് ഉല്പ്പാദനം 40 ശതമാനത്തോളം കുറയുമെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. ഏകദേശം 5,000 കോടി രൂപയുടെ ബിസിനസ്സ് നടക്കുന്ന ഈ മേഖലയില് കര്ഷകര് വലിയ ആശങ്കയിലാണ്. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 2.5 ലക്ഷത്തോളം കുടുംബങ്ങളാണ് ആപ്പിള് കൃഷിയെ ആശ്രയിച്ച് കഴിയുന്നത്.
കഴിഞ്ഞ വര്ഷം 6.99 ലക്ഷം മെട്രിക് ടണ് ആപ്പിള് ലഭിച്ചിടത്ത്, ഈ വര്ഷം അത് 4.36 ലക്ഷം മെട്രിക് ടണ്ണായി (ഏകദേശം 2.15 കോടി ബോക്സുകള്) ചുരുങ്ങുമെന്നാണ് ഹോര്ട്ടികള്ച്ചര് വകുപ്പ് പറയുന്നത്. ശൈത്യകാലത്ത് ആവശ്യത്തിന് മഞ്ഞ് പെയ്യാത്തതും വസന്തകാലത്ത് അപ്രതീക്ഷിതമായി പെയ്ത മഴയും ആലിപ്പഴ വര്ഷവും ആപ്പിള് കൃഷിക്ക് വന് തിരിച്ചടിയായി. ആഗോളതാപനം കാരണം ഹിമാലയന് താഴ്വരയിലം താപനില 1 മുതല് 1.5 ഡിഗ്രി വരെ കൂടി. ആപ്പിള് നന്നായി വളരാന് വേണ്ട തണുപ്പ് (ചില്ലിങ് അവേര്സ്) ഇപ്പോള് കിട്ടുന്നില്ല. വളം, കീടനാശിനികള്, യന്ത്രങ്ങള് എന്നിവയുടെ വില കൂടിയത് കര്ഷകര്ക്ക് ഇരട്ടി പ്രഹരമായി.
ആവശ്യത്തിന് ജലസേചന സൗകര്യങ്ങളില്ലാത്തതിനാല് ഭൂരിഭാഗം പേരും ഇപ്പോഴും മഴയെയും കാലാവസ്ഥയെയും ആശ്രയിച്ചാണ് കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. ആപ്രിക്കോട്ട്, ചെറി, പ്ലം തുടങ്ങിയ മറ്റ് പഴങ്ങളുടെഉല്പ്പാദനത്തെയും കാലാവസ്ഥാ വ്യതിയാനം ദോഷകരമായി ബാധിച്ചിട്ടുണ്ട്. എല്ലായിടത്തും ജലസേചന സൗകര്യം എത്തിക്കണമെന്നും വിള ഇന്ഷുറന്സ് പദ്ധതികളെക്കുറിച്ച് കൃത്യമായ ബോധവല്ക്കരണം നല്കണമെന്നുമാണ് ഇപ്പോള് കര്ഷകര് സര്ക്കാരിനോട് ആവശ്യപ്പെടുന്നത്.
ഹിമാചലില് ആപ്പിള് ഉല്പ്പാദനം കുറഞ്ഞാല് അത് രാജ്യത്തെയാകെ ബാധിക്കുമെന്നതാണ് മറ്റൊരു യാഥാര്ഥ്യം. കേരളം ഉള്പ്പെടെയുള്ള ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലേക്ക് ഹിമാചലില് നിന്ന് ഉള്പ്പടെ ആപ്പിള് എത്തുന്നുണ്ട്. ലഭ്യതക്കുറവുണ്ടായാല് വിദേശത്തുനിന്നുള്ള ഇറക്കുമതിയെയും ആശ്രയിക്കേണ്ടി വരും. ഇത് ആപ്പിളിന്റെ ഡിമാന്ഡും വിലയും കൂടാനും കാരണമാകും.
മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ യാഷ് വാന്റെ വൃക്ക തിരുവനന്തപുരത്ത് നിന്നും റോഡുമാർഗം കോഴിക്കോടെത്തി
തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ യാഷ് വാന്റെ വൃക്ക തിരുവനന്തപുരത്ത് നിന്നും റോഡുമാർഗം കോഴിക്കോടെത്തി. തിരുവനന്തപുരത്ത് നിന്നും രാവിലെ 11 മണിക്ക് പുറപ്പെട്ട ആംബുലൻസ് വൈകീട്ട് അഞ്ചോടെ കോഴിക്കോട് ഇക്ര ആശുപത്രയിലെത്തി. കണ്ണൂർ സ്വദേശിയായ 17കാരനാണ് വൃക്ക സ്വീകരിക്കുന്നത്. സമയബന്ധിതമായി അവയവം എത്തിക്കുന്നതിനായി യാത്രയിലുടനീളം പൊലീസ് പ്രത്യേക ‘ഗ്രീൻ കോറിഡോർ’ സൗകര്യം ഒരുക്കിയിരുന്നു. KL 16 W 424 രജിസ്ട്രേഷൻ നമ്പരുള്ള ആംബുലൻസിലാണ് വൃക്ക കോഴിക്കോട് എത്തിച്ചത്.
റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ യാഷ് വാൻ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.30ഓടെയാണ് മരിച്ചത്. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. യാഷ് വാന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, കോർണിയ എന്നീ അവയവങ്ങളാണ് വിവിധ രോഗികൾക്കായി മാറ്റിവയ്ക്കുന്നത്. ഒരു വൃക്ക കോഴിക്കോട്ടുള്ള രോഗിക്കും ബാക്കി അവയവങ്ങളെല്ലാം തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിലുമാണ് മാറ്റിവയ്ക്കുന്നത്. കോട്ടയം വിജയപുരം സ്വദേശിയായ നാലു വയസുകാരിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഡ്നി സ്വീകരിക്കുന്നത്.
സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചാണ് യാഷ് വാന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ലോകിനേനി രഘു. അമ്മ: സൗമ്യ പാപ്പറാവു.
ശ്രീലങ്കയിലെ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി, 23- പേർ കൊല്ലപ്പെട്ടു
കൊളംമ്പോ : ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുപത്തിമൂന്നു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലധികം പേർക്ക് പരിക്കേറ്റതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കൊളംമ്പോയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ ദൂരത്തിലുള്ള നെഗോംബോയിലെ ജയിലിൽ ഞായറാഴ്ചയാണ് സംഭവം. ആക്രമണം തടയാൻ ശ്രമിച്ച നാല് ജയിൽ ഗാർഡുകളും കൊല്ലപ്പെട്ടു. മയക്കുമരുന്ന് സംഘങ്ങളിലുൾപ്പെട്ടിരുന്ന രണ്ട് ഗ്രൂപ്പിലുള്ള തടവുകാർ തമ്മിലുണ്ടായ തർക്കമാണ് വലിയ ഏറ്റുമുട്ടലിലേക്കെത്തിയത്. സംഘർഷം രൂക്ഷമായതിനിടെ വനിതാ സെല്ലിലെ തടവുകാർ മേൽക്കൂരയ്ക്ക് മുകളിൽ കയറി നിന്ന് തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് നിരവധി സ്ത്രീകൾക്കും പരിക്കേറ്റു.
ഏറ്റുമുട്ടലിലേക്കെത്തിയതിനുള്ള പ്രേരണയെന്തായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവം പുറത്തറിഞ്ഞതോടെ തിങ്കളാഴ്ച രാവിലെ തടവുകാരുടെ ബന്ധുക്കൾ ജയിലിന് മുന്നിൽ തടിച്ചുകൂടി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
ഫോളറിൻ ബലോഗുന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കാനുള്ള ഫിഫയുടെ അപ്രതീക്ഷിത തീരുമാനത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ രംഗത്ത്
ഫോളറിൻ ബലോഗുന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കാനുള്ള ഫിഫയുടെ അപ്രതീക്ഷിത തീരുമാനത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ രംഗത്ത്.
തീരുമാനത്തെ “അപൂർവ്വവും, മനസ്സിലാക്കാൻ കഴിയാത്തതും, ഒട്ടും ന്യായീകരിക്കാനാവാത്തതും” എന്ന് യുവേഫ വിശേഷിപ്പിച്ചു. ബോസ്നിയയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച യുഎസ് താരം ബലോഗുന് ബെൽജിയത്തിനെതിരായ പ്രീക്വാർട്ടർ മത്സരം നഷ്ടമാകേണ്ടതായിരുന്നു.
എന്നാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ ഫോണിൽ വിളിച്ചതിന് പിന്നാലെ വിലക്ക് മരവിപ്പിക്കുകയായിരുന്നു.
സ്വകാര്യബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി
കോഴിക്കോട് .മാവൂർ റോഡിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ആണ് ഇടിച്ചുകയറിയത്. നാല് ഇലക്ട്രിക്കൽ സ്കൂട്ടറുകളും ഒരു ബൈക്കും തകർന്നു. ഇലക്ട്രിക്കൽ സ്കൂട്ടറുകളുടെ സർവീസ് സെൻ്ററിൽ എത്തിയ വാഹനങ്ങളാണ് തകർന്നത്
മഴയിൽ റോഡിൽ തെന്നിയാണ് ബസിൻ്റെ നിയന്ത്രണം വിട്ടതെന്ന് നിഗമനം. രാവിലെ 11 മണിയോടെയാണ് അപകടം



































