Home Blog Page 386

ഇടുക്കി ആനച്ചാൽ ചെങ്കുളത്ത് വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം

തൊടുപുഴ: ഇടുക്കി ആനച്ചാൽ ചെങ്കുളത്ത് തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം. ചെങ്കുളം ഡാമിൽ ബോട്ടിങ്ങിനായി എത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 45 അംഗ വിനോദസഞ്ചാര സംഘവുമായിട്ടായിരുന്നു തർക്കം. ഹൈഡൽ ടൂറിസത്തിന്റെ ഭാ​ഗമായാണ് ഡാമിൽ ബോട്ടിങ് ഏർപ്പെടുത്തിയത്.

സംഘം ബോട്ടിങിനായി പ്രവേശന ഫീസ് നൽകിയിരുന്നു. എന്നാൽ കനത്ത മഴയെ തുടർന്ന് ബോട്ടിങ് നടത്താൻ സാധിക്കില്ലെന്ന് ജീവനക്കാർ സംഘത്തെ അറിയിച്ചു. തുടർന്ന് പ്രവേശന ഫീസ് തിരികെ ആവശ്യപ്പെട്ടതാണ് തർക്കത്തിന് വഴിവെച്ചത്.

ജീവനക്കാരുമായാണ് തർക്കം തുടങ്ങിയത്. പിന്നീട് വിഷയത്തിൽ നാട്ടുകാരും ഇടപെട്ടതോടെയാണ് സംഘർഷം ഉടലെടുത്തത്. വനിതാ ജീവനക്കാർ‌ക്കടക്കം പരിക്കേറ്റതായി പരാതിയുണ്ട്. വിനോദസഞ്ചാരത്തിനു എത്തിയവർ മദ്യ ലഹരിയിലായിരുന്നുവെന്നു നാട്ടുകാരും ആരോപിക്കുന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്,സിപിഎം പ്രതിപ്പട്ടികയില്‍

തൃശൂര്‍. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പാർട്ടിയെ 68-ാം പ്രതിയാക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി സിപിഐഎം. തിങ്കളാഴ്ച തൃശ്ശൂർ ഇഎംഎസ് സ്ക്വയറിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പി എം എൽ എ നിയമം ദുരുപയോഗം ചെയ്ത് സിപിഐഎമ്മിനെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന ആരോപിച്ചാണ് പ്രതിഷേധ സംഗമം.


കരുവന്നൂർ കേസിൽ ഇ ഡി നൽകിയ കുറ്റപത്രത്തിൽ സിപിഐഎം 68 ആം പ്രതിയാണ്. ഡൽഹി മദ്യനയ കേസിൽ ആം ആദ്മി പാർട്ടിയെ പ്രതിയാക്കിയതൊഴിച്ചാൽ നടപടി അപൂർവ്വമാണ്. ഈ മാസം 21ന് കേസ് പരിഗണിക്കുമ്പോൾ കൊച്ചിയിലെ പി എം ലെ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട സിപിഐഎം ജില്ലാ സെക്രട്ടറിക്ക് തന്നെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് സിപിഐഎം നീക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പു കമീഷന്റെ അനുമതിയോടെ ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന പാർട്ടിയെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പിഎംഎൽഎ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ.

തൃശൂർ ഇഎംഎസ്‌ സ്‌ക്വയറിൽ തിങ്കളാഴ്ച വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സംഗമം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും.

മലപ്പുറത്ത് വിദ്യാർത്ഥികൾ തമ്മിലടിച്ച സംഭവത്തിൽ 40 പേർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

മലപ്പുറം. ചെറിയമുണ്ടം ഗവ. ഹയർസെക്കന്ററി സ്‌കൂളിന് സമീപത്ത് വിദ്യാർത്ഥികൾ തമ്മിലടിച്ച സംഭവത്തിൽ 40 പേർക്കെതിരെ കേസ്.ജാമ്യമില്ലാവകുപ്പ് പ്രകാരം തിരൂർ പൊലീസ് ആണ് കേസെടുത്തത്.
വ്യാഴാഴ്ച വൈകിട്ടാണ് വിദ്യാർത്ഥികൾ തമ്മിലടിച്ചത്.

ചെറിയമുണ്ടം ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠിച്ചിറങ്ങിയവരും നിലവിൽ പ്ലസ്ടവിന് പഠിക്കുന്ന വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം. പ്ലസ്‌ടു കഴിഞ്ഞ ചില വിദ്യാർഥികൾ കഴിഞ്ഞ ദിവസം സ്‌കൂളിൽ ടിസി വാങ്ങാൻ എത്തിയിരുന്നു. ഇവരെ ഇപ്പോൾ പഠിക്കുന്ന ചില വിദ്യാർഥികൾ ചേർന്നു മർദിച്ചു. തുടർന്ന് സംഘടിച്ചെത്തിയ പൂർവ വിദ്യാർത്ഥികൾ നിലവിലെ വിദ്യാർഥികളുമായി സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. സ്‌കൂളിന് സമീപം റോഡിലായിരുന്നു സംഘർഷം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് തിരൂർ പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നാൽപതോളം പേർക്കെതിരെയാണ് കേസ്. സംഘർഷമുണ്ടായതിനെ തുടർന്ന് സ്‌കൂളിൽ ചെറിയമുണ്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. സംഘട്ടനങ്ങൾ ആവർത്തിച്ചാൽ നാട്ടുകാരുടെ സഹകരണത്തോടെ നടപടി കടുപ്പിക്കാൻ ആണ് തീരുമാനം

MBBS ഫീസ് ഇനി നാലരവർഷം മാത്രം

തിരുവനന്തപുരം.ഇനി MBBS ഫീസ് നാലരവർഷം മാത്രം,കാലങ്ങളായി നടന്നുവന്ന വന്‍കൊള്ള നിര്‍ത്തി ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ഫീസ് റെഗുലേറ്ററി കമ്മിറ്റി ഫീസ് ഘടന പുതുക്കി നിശ്ചയിക്കും.

NMC നിർദ്ദേശ പ്രകാരമാണ് ഉത്തരവ്. അധിക ഫീസ് തിരികെ നൽകുന്നതിൽ തീരുമാനം ഹൈക്കോടതി വിധി പ്രകാരം. നാലര വർഷ കോഴ്സ് അഞ്ച് വർഷമായി കണക്കാക്കി മെഡിക്കൽ കോളജുകൾ വാങ്ങിയിരുന്നത് ലക്ഷങ്ങളായിരുന്നു.

മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നു. മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം. മലയാളത്തിന്റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്‌കാര നിറവില്‍ നില്‍കുന്നു. സിനിമയിലക്ക് മാത്രമായിരുന്നു എന്നും മമ്മൂട്ടിയുടെ നോട്ടം. സമര്‍പ്പിതമായ മനസോടെ മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാനുള്ള മനസും പുതിയ പുതിയ വേഷങ്ങള്‍ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമാക്കുന്നത്.

ഭ്രമയുഗത്തിന്റെ ഛായാഗ്രാഹകള്‍ ഷഹനാദ് ജലാല്‍, ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകന്‍ ഫാസില്‍ മുഹമ്മദും അണിയറ പ്രവര്‍ത്തകരും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഭദ്ര കാളി നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, അങ്ങനെ രാജ്യത്തിന് മുന്നില്‍ മലയാള സിനിമയുടേയും കേരളത്തിന്റെയും അഭിമാനം ഉയര്‍ത്തി പിടിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഹൃദയം നിറഞ്ഞ സന്തോഷം.

ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് സ്വർണവും പണവും കവർന്നു,ബൈക്ക് ഇടിച്ചുവീഴ്ത്തി, പെപ്പർ സ്പ്രേ പ്രയോഗിച്ച ശേഷം കവർച്ച

കോഴിക്കോട്. വടകരയിൽ
ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് സ്വർണവും പണവും കവർന്നതായി പരാതി. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗസംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി, പെപ്പർ സ്പ്രേ പ്രയോഗിച്ച ശേഷമാണ് കവർച്ച നടത്തിയത് . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്ര സ്വദേശിയും കാർത്തികപ്പള്ളിയിലെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ സന്തോഷ് എന്ന 38-കാരനാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്.
ഇന്നലെ രാത്രി ആയഞ്ചേരിയിലെ കട പൂട്ടി ബൈക്കിൽ കാർത്തികപ്പള്ളിയിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.ഞാലിമുക്ക് വാഴയിൽ താഴെ എന്ന സ്ഥലത്ത് എത്തിയപ്പോൾ ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗസംഘം ബൈക്കിൽ ഇടിച്ച് സന്തോഷിനെ റോഡിലേക്ക് വീഴ്ത്തിയെന്നാണ് പരാതി.
തുടർന്ന് മുഖത്ത് പെപ്പർ സ്പ്രേ പ്രയോഗിച്ച സംഘം സന്തോഷിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയതായും പരാതിയിൽ പറയുന്നു.
ഇരുപത്തയ്യായിരം രൂപയും നാല് അര ഗ്രാം സ്വർണവും കവർന്നശേഷം നെല്ലിമുക്ക് ഭാഗത്ത് ഉപേക്ഷിച്ചുവെന്നാണ് സന്തോഷ് പൊലീസിന് നൽകിയ മൊഴി.
പരിക്കേറ്റ സന്തോഷ് വടകര സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്

അപ്രഖ്യാപിത പവർകട്ടിനെതിരെ ഡി വൈ എഫ് ഐ കുന്നത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

ശാസ്താംകോട്ട .അപ്രഖ്യാപിത പവർകട്ടിനെതിരെ ഡി വൈ എഫ് ഐ കുന്നത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു,
ബ്ലോക്ക്‌ പ്രസിഡന്റ്‌ സന്തോഷ് എസ് വലിയപാടം അധ്യക്ഷനായ യോഗം കുന്നത്തൂർ ബ്ലോക്ക്‌ സെക്രട്ടറി എസ് സുധീർ ഷാ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക്‌ ജോ:സെക്രട്ടറി എസ് നിതിൻ സ്വാഗതം പറഞ്ഞു, ബ്ലോക്ക്‌ ജോ സെക്രട്ടറി ശ്യാം കൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ അലീന അമൽ, അജേഷ്, ആതിര വിഷ്ണു എന്നിവർ സംസാരിച്ചു

“കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ പാർട്ടിയേയും വടക്കേ ഇൻഡ്യൻ പരുവത്തിലാക്കും” , യൂഹാനോൻ മാർ മിലിത്തിയോസ്

തൃശ്ശൂർ: സീനിയർ ഗവൺമെന്റ് പ്ലീഡർ നിയമന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനും കെ.എസ്.യുവും തമ്മിൽ കോൺഗ്രസിൽ ആരംഭിച്ച ആഭ്യന്തര തർക്കം പുതിയ തലത്തിലേക്ക്. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി പിന്തുണച്ചും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷമായ പരിഹാസം ഉയർത്തിയും ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് രംഗത്തെത്തി.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ ഇട്ട ഒറ്റവരി പോസ്റ്റിലൂടെയാണ് മെത്രാപ്പൊലീത്ത കോൺഗ്രസിലെ ആഭ്യന്തര ചേരിതിരിവിനെ പരസ്യമായി വിമർശിച്ചത്. “കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ പാർട്ടിയേയും വടക്കേ ഇൻഡ്യൻ പരുവത്തിലാക്കും” എന്നായിരുന്നു യൂഹാനോൻ മാർ മിലിത്തിയോസിന്റെ കുറിപ്പ്. ഉത്തരേന്ത്യയിൽ കോൺഗ്രസ് തകർന്നതുപോലെ കേരളത്തിലും കെസി വേണുഗോപാൽ ഗ്രൂപ്പ് കളിച്ച് പാർട്ടിയെ തകർക്കുമെന്ന ഒളിയമ്പാണ് ഈ പോസ്റ്റിലുള്ളത്.

മെത്രാപ്പൊലീത്തയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കോൺഗ്രസ് അണികളും സൈബർ ഗ്രൂപ്പുകളും കമന്റ് ബോക്സിൽ ചേരിതിരിഞ്ഞ് വൻ വാക്പോര് ആരംഭിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിച്ചും കെ.സി. വേണുഗോപാലിനെ പ്രതിക്കൂട്ടിലാക്കിയുമാണ് ഒരു വിഭാഗം രംഗത്തെത്തിയത്.

“തിരുമേനി പറഞ്ഞത് തികച്ചും വാസ്തവമാണ്. വി.ഡി. സതീശനെ സമാധാനമായി ഭരിക്കാൻ കെ.സി സമ്മതിക്കില്ല. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വി.ഡി.ക്ക് അനുകൂലമാണ്. ഗ്രൂപ്പിസമില്ലാത്ത കോൺഗ്രസിനെയാണ് ജനങ്ങൾക്ക് ഇഷ്ടം,” എന്ന് ഒരു വിഭാഗം കമന്റ് ചെയ്തു.

“മോഹഭംഗം സംഭവിച്ച ചെറുപ്പക്കാരെ കണ്ടുപിടിച്ച് ചാണകം വാരി എറിയിക്കുക എന്ന കലാപരിപാടിയാണ് കെ.സി നടത്തുന്നത്. ബി.ജെ.പിയുടെ പണം വാങ്ങി ഉത്തരേന്ത്യൻ ലീഡേഴ്സിനെ മുഴുവൻ തീർത്ത് പാർട്ടിയുടെ പതിനാറടിയന്തിരവും നടത്തി. ഇനി സൗത്ത് ഇന്ത്യയാണ് ലക്ഷ്യം,” എന്നിങ്ങനെ കെ.സി. വേണുഗോപാലിനെതിരെ അതിരൂക്ഷമായ രാഷ്ട്രീയ ആരോപണങ്ങളും കമന്റുകളിൽ ഉയർന്നു.

എന്നാൽ, കെ.എസ്.യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശനെ കടുത്ത ഭാഷയിൽ വിമർശിച്ചും മെത്രാപ്പൊലീത്തയുടെ രാഷ്ട്രീയ ഇടപെടലിനെ ചോദ്യം ചെയ്തും മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്:

“അത്രക്ക് വേദനയാണെങ്കിൽ തിരുമേനി ഈ ഉടുപ്പ് ഊരിവെച്ച് അങ്ങോട്ട് ഇറങ്ങി കോൺഗ്രസിനെ രക്ഷിക്കൂ,” എന്ന് ഒരു കമന്റർ കുറിച്ചു.

“സംസ്ഥാനത്തെ പവർകട്ട് ഒക്കെ നന്നായിട്ടില്ലേ തിരുമേനി, സന്തോഷമായില്ലേ? അതിൽ കെ.സിക്ക് എന്താണ് റോൾ? ഇപ്പോൾ തന്നെ ‘സങ്കീശ മേനോൻ, സംഘികൾക്ക് വലിയ താല്പര്യമുള്ളതും ഭാവി കളികൾക്ക് നിക്ഷേപമാകുന്നതുമായ മിക്ക ഉന്നത പദവികളും അവർക്ക് നൽകിക്കഴിഞ്ഞു. ഒന്ന് നെടുവീർപ്പിടാൻ പോലും ലീഗ്-ജമാഅത്ത്-സുഡാപ്പി സംഘത്തിനോ നാഴികയ്ക്ക് നാൽപ്പതുവട്ടം പിണറായിക്ക് ക്ലാസെടുത്തിരുന്ന മെത്രാൻ സംഘത്തിനോ കഴിഞ്ഞില്ല,” എന്ന് മുഖ്യമന്ത്രിയെ ആർഎസ്എസ് അനുകൂലിയായി ചിത്രീകരിച്ച് മറ്റൊരു കമന്റും പ്രത്യക്ഷപ്പെട്ടു

വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം . ഒതുക്കുങ്ങലിലാണ് സംഭവം.ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.റൂമിൽ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് കടിച്ചത്.കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

മറ്റ് രണ്ട് പേർക്കും തെരുവ് നായയുടെ കടിയേറ്റു

അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷം,ആരാധകന് മർദനമേറ്റു, വീടും ബൈക്കും തകർത്തു

കോഴിക്കോട്. വേൾഡ് കപ്പ് ആവേശം അതിരുവിട്ടപ്പോൾ കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷം. ‘World Cup 2026’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിലും ആക്രമണത്തിലും കലാശിച്ചു. ബ്രസീൽ ആരാധകന് മർദനമേറ്റതോടൊപ്പം വീടും ബൈക്കും തകർത്തതായി പരാതി. സംഭവത്തിൽ രണ്ട് അർജന്റീന ആരാധകർക്ക് എതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

‘World Cup 2026’ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജന്റീന–ബ്രസീൽ ആരാധകർ തമ്മിലുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ നേരിട്ടുള്ള സംഘർഷത്തിലേക്ക് എത്തിയത്.കോഴിക്കോട് കുറ്റിക്കാട്ടൂർ മാങ്കുനി സ്വദേശിയും ബ്രസീൽ ആരാധകനുമായ മുഹമ്മദ് ഷാനിസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.കഴിഞ്ഞ 16-ാം തീയതി രാത്രിയായിരുന്നു സംഭവം.
വാക്കേറ്റത്തിന്റെ തുടർച്ചയായി ഷാനിസിനെ മർദിച്ചതായും, തുടർന്ന് അദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണം നടത്തി നാശനഷ്ടം വരുത്തിയതായും പരാതിയുണ്ട്.
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും അക്രമികൾ തകർത്തതായി പരാതിയിൽ പറയുന്നു.സംഭവത്തിൽ അർജന്റീന ആരാധകരായ നിഖിൽ, രഞ്ജിത് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.അതേസമയം, കായിക മത്സരങ്ങളുടെ പേരിലോ ആരാധക മത്സരത്തിന്റെ പേരിലോ നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയോ നേരിട്ടോ സംഘർഷത്തിന് പ്രേരിപ്പിക്കുന്നവരെയും കർശനമായി നേരിടുമെന്നും പൊലീസ് വ്യക്തമാക്കി