Home Blog Page 387

ആൽബെൻഡസോൾ ഗുളിക കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, 120 വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരുടേയും നില ഗുരുതരമല്ല

ലക്ക്നൗ: ഉത്തർപ്രദേശിലെ ഫറുഖാബാദ്, മൈൻപൂരി ജില്ലകളിൽ സ്കൂളുകളിൽ വിതരണം ചെയ്ത ആൽബെൻഡസോൾ ഗുളികകൾ കഴിച്ചതിന് ശേഷം 120-ലധികം വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇന്നലെയായിരുന്നു സംഭവം. ഫറുഖാബാദിൽ കമൽഗഞ്ച് ബ്ലോക്കിലെ രത്തോറ മൊഹദ്ദിൻപൂർ ഗ്രാമത്തിലുള്ള ജവഹർലാൽ പ്രേമാദേവി സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയവരില്‍ കൂടുതലും. ഗുളിക കഴിച്ച ശേഷം തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

120 വിദ്യാർത്ഥികൾക്കാണ് തലവേദനയും ഛർദ്ദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടായതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ഭൂരിഭാഗം കേസുകളിലും ലക്ഷണങ്ങൾ ലഘുവാണെന്നാണ് വിവരം. ചികിത്സ നേടിയ വിദ്യാർത്ഥികൾ നിലവില്‍ നിരീക്ഷണത്തിലാണ്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അനുസരിച്ച്, ദേശീയ ദേശീയ വിരവിമുക്ത ദിനത്തിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ആൽബെൻഡസോൾ വിതരണം ചെയ്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോ? ഉണ്ടെന്ന് മറുപടി പറഞ്ഞതും കണ്ണ് നിറഞ്ഞ് ഇറങ്ങി പോയി’; വാർഡ് സഭക്കിടയിലെ അനുഭവം പങ്കുവച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം: ഇന്നലെ ഓഫീസിൽ വച്ചുണ്ടായ നൊമ്പരപ്പെടുത്തുന്ന അനുഭവം ഫേസ്ബുക്കിൽ കുറിച്ച് ശാസ്തമം​ഗലം വാർഡ് കൗൺസിലറും മുൻ ഐ പി എസ് ഉദ്യോ​ഗസ്ഥയുമായിരുന്ന ആ‌ർ ശ്രീലേഖ. വാർഡ് സഭയ്ക്ക് മധ്യ, വടക്കൻ കേരളത്തിൽ നിന്ന് പോലും ആളുകൾ വന്നിരുന്നുവെന്നും അതിൽ പലതും തനിക്ക് ചെയ്യാൻ പറ്റാത്ത സഹായം തേടി എത്തിയവരായിരുന്നുവെന്നും ശ്രീലേഖ.

അതിൽ ഒരു ലേഡി വിഷമിച്ചു പോയത് നൊമ്പരമായി. ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോയെന്ന് അവർ എന്നോട് ചോദിച്ചു. ഉണ്ട്‌ എന്ന് മറുപടി പറഞ്ഞതും കണ്ണ് നിറഞ്ഞ് ഇറങ്ങി പോയി. എറണാകുളത്ത് നിന്നും സഹോദരന്റെ രോഗാവസ്ഥയെക്കുറിച്ച് പറയാൻ വന്ന ആ സ്ത്രീ ഇത് കണ്ടാൽ എന്നെ ഒന്ന് കോൺടാക്ട് ചെയ്യണമെന്നും രാവിലെ മുതൽ രാത്രി വരെ ജനങ്ങളോടൊപ്പം ആയിരുന്നുവെന്നും ശ്രീ ലേഖ ഫേസ്ബുക്കിൽ കുറിച്ചു.

ആ‌‍ർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘ഇന്ന് കാലത്തു മുതൽ രാത്രി വരെ ജനങ്ങളോടൊപ്പം!

ഇന്നത്തെ വാർഡ് സഭ വളരെ നന്നായി നടന്നു.. കുറെയേറെ ആൾക്കാർ ഓഫീസിൽ എനിക്ക് ചെയ്യാൻ പറ്റാത്ത സഹായം തേടി- മധ്യ, വടക്കൻ കേരളത്തിൽ നിന്ന് പോലും – വന്നിരുന്നു…

അതിൽ ഒരു ലേഡി വിഷമിച്ചു പോയത് നൊമ്പരമായി… അവർ എന്നോട് ചോദിച്ചു, ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോ എന്ന്. ഉണ്ട്‌ എന്ന് മറുപടി പറഞ്ഞതും കണ്ണ് നിറഞ്ഞ് ഇറങ്ങി പോയി…

എറണാകുളത്ത് നിന്നും സഹോദരന്റെ രോഗാവസ്ഥയെക്കുറിച്ച് പറയാൻ വന്ന ആ മഹതി ഇത് കണ്ടാൽ എന്നെ ഒന്ന് contact ചെയ്യാൻ അപേക്ഷ.😓’- ആ‌‍ർ ശ്രീലേഖ

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാത നിർമ്മാണം; ഗുരുതര ക്രമക്കേടെന്ന് വിജിലന്‍സ്, കോന്നി – പ്ലാച്ചേരി റീച്ച് നിർമ്മിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ

പത്തനംതി‌‌ട്ട: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാത റോഡ് നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. കോന്നി – പ്ലാച്ചേരി 30 കിലോമീറ്റർ റീച്ച് നിർമ്മിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് എന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. പത്തിടങ്ങളിൽ നടത്തിയ ഗുണനിലവാര പരിശോധനയിലാണ് വിജിലൻസ് ക്രമക്കേട് കണ്ടെത്തിയത്.

30 കിലോമീറ്റർ റോഡ് കരാർ കമ്പനി പുനർ നിർമ്മിക്കുകയോ തുക നഷ്ടപരിഹാരമായി ഈടാക്കുകയോ ചെയ്യണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു. റിപ്പോർട്ട് സർക്കാർ നടപടിക്കായി പൊതുമരാമത്ത് വകുപ്പിന് കൈമാറി. വിജിലൻസ് റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

‘പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണ്’,നരവനെ പറയുന്നു

ന്യൂഡല്‍ഹി. ആത്മകഥയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിന്റെ വിശദീകരണം എക്സില്‍ പങ്കുവെച്ച് മുന്‍ കരസേന മേധാവി എം.എം നരവനെ. ‘പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണ്’ എന്ന കുറിപ്പോടെയാണ് നരവനെ പ്രസാധകരുടെ വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ ഇന്നലെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

പുസ്തകത്തിന്റെ അനധികൃത പകര്‍പ്പുകള്‍ പ്രചരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കും പാര്‍ലമെന്റിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും പിന്നാലെയായിരുന്നു പെന്‍ഗ്വിന്റെ വിശദീകരണം. പ്രസിദ്ധീകരണത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത ബുക്കിലെ വിവരങ്ങള്‍ നിയമവിരുദ്ധമായി വിതരണം ചെയ്യുന്നതിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുസ്തകത്തിലെ ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉന്നയിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. മുന്‍ സൈനിക മേധാവിയും പുസ്തകത്തിന്റെ പ്രസാധകരായ പെന്‍ഗ്വിനും പറയുന്ന വാദങ്ങളില്‍ താന്‍ ജനറല്‍ നരവനെയെ വിശ്വസിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. തന്റെ പുസ്തകം പ്രമോട്ട് ചെയ്തുകൊണ്ട് നരവനെ 2023-ല്‍ പങ്കുവെച്ച ട്വീറ്റിനെക്കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചു. പുസ്തകം ലഭിക്കാന്‍ ലിങ്ക് പിന്തുടരുക എന്നായിരുന്നു പോസ്റ്റ്. ‘ആമസോണില്‍ പുസ്തകം ലഭ്യമാണ്. എനിക്ക് പെന്‍ഗ്വിനേക്കാള്‍ വിശ്വാസം നരവാനെ ജിയെയാണ്. നിങ്ങള്‍ക്ക് ആരെയാണ് വിശ്വാസമെന്നും’ രാഹുല്‍ ചോദിച്ചു.

‘ഇന്ത്യയുടെ മുന്‍ കരസേനാ മേധാവി ജനറല്‍ നരവനെയുടെ ആത്മകഥയായ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യുടെ പ്രസിദ്ധീകരണാവകാശം ഞങ്ങള്‍ക്കാണ്. പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഭാഗികമായോ പൂര്‍ണരൂപത്തിലോ പ്രചരിക്കുന്ന, അച്ചടി രൂപത്തിലോ ഡിജിറ്റല്‍ രൂപത്തിലോ ഉള്ള പുസ്തകത്തിന്റെ പകര്‍പ്പുകള്‍ പ്രസാധകര്‍ വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ പ്രചരിക്കുന്ന പകര്‍പ്പുകള്‍ പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണ്. അവ ഉടനടി പിന്‍വലിക്കണം’ എന്നുമാണ് പ്രസാധകര്‍ അറിയിച്ചത്.

മതി ഇനി പണി വാങ്ങും,നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാൻ ഐടി നിയമം ഭേദഗതി ചെയ്തു

ന്യൂഡൽഹി. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാൻ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ കണ്ടെത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയുമാണ് 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്രം ഉത്തരവിറക്കിയത്. നിയമം  ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരും

കൃത്രിമമായി നിര്‍മ്മിച്ച ഉള്ളടക്കങ്ങളിൽ അക്കാര്യം രേഖപ്പെടുത്തണം. സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് ഇത്   എഐ ഉള്ളടക്കമാണെന്നുള്ള പ്രസ്താവന അതിനൊപ്പം ചേർക്കണം. ഉള്ളടക്കം കാണുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് ഇത് നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ളതാണെന്ന് മനസിലാക്കാൻ കഴിയണം. നിയമത്തിൽ വീഴ്ച വരുത്തിയാൽ കമ്പനി ഉദ്യോഗസ്ഥർ പ്രതികളാകും,ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് സർക്കാരോ,കോടതിയോ ആവശ്യപ്പെട്ടാൽ 3 മണിക്കൂറിനകം അത് നീക്കണം. നേരത്തേ, 36 മണിക്കൂർ സമയം ഇതിനനായി കമ്പനികൾക്ക് ലഭിച്ചിരുന്നു. കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം, ​അശ്ലീല ഉള്ളടക്കങ്ങൾ,​ വ്യാജ ശബ്‌ദ സന്ദേശങ്ങൾ തുടങ്ങിയ 8 തരം കാരണങ്ങൾ ചൂണ്ടികാട്ടിയുള്ള വ്യക്തികളുടെ പരാതിയിൽ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ 24 മണിക്കൂറിനകം അത് സ്വീകരിച്ചു എന്ന് മറുപടി നൽകണം. 36 മണിക്കൂറിനകം നടപടി സ്വീകരിക്കണം.

ഐ.ടി നിയമത്തിലെ വകുപ്പ് 87 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഐ.ടി മന്ത്രാലയം ചട്ടങ്ങൾ ഭേദഗതി ചെയ്‌തത്. ഇൻഫ‌ർമേഷൻ ടെക്നോളജി അമൻമെന്റ് റൂൾസ് 2026 എന്നാണ് പുതിയ പേര്.

എത്രായാലും പഠിക്കാത്തവരേ..,കൊല്ലത്തെ തീ തുപ്പുന്ന കാറിന് കിട്ടിയ പണി കണ്ടോ

കൊല്ലം.കൊല്ലത്തെ തീ തുപ്പുന്ന കാറിന് ചുമത്തിയത് 11പിഴകള്‍. പളളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാൻ്റെതാണ് വാഹനം. തീ തുപ്പല്‍ വിവാദമായതോടെ രൂപമാറ്റം വരുത്താന്‍ർ ഒളിപ്പിച്ച മുഖത്തലയിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് കണ്ടെത്തിയത്. വാഹനം രൂപമാറ്റം വരുത്തി പുതിയ നിറം ആക്കണമെന്ന് വര്‍ക്ഷോപ്പുകാരോട് ആവശ്യപ്പെട്ടു.

2017 രജിസ്‌ട്രേഷൻ വാഹനം ഇയാൾ വാങ്ങുന്നത് 2024 ലാണ്. 11 പിഴ ചുമത്തിയിയില്‍ 4എണ്ണം അടച്ചു. വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിൻ്റെ രജിസ്ട്രേഷൻ 2വർഷത്തേക്ക് റദ്ദ് ചെയ്യും. എൻഫോഴ്സ്മെൻറ് RTO ദിലുവും സംഘവുമാണ് വാഹനം കണ്ടെത്തിയത്. ഇത്തരത്തില്‍ വാഹനം മോഡിഫിക്കേഷന്‍ വരുത്തുന്ന വര്‍ക്ഷോപ്പുകള്‍ക്കെതിരെയും അന്വഷേണം ആരംഭിച്ചിട്ടുണ്ട്.

വാഹന ഉടമ ഇന്ന് ഹാജകാരാകണമെന്ന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. കൊട്ടാരക്കര എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഹാജരാകണം. കാറുടമ മുഹമ്മദ് ഇർഫാൻ്റെ ലൈൻസ് ഇന്ന് സസ്പെൻഡ് ചെയ്യും. വാഹനത്തിൻ്റെ ആർ.സിയും റദ്ദ് ചെയ്യും

കൊറിയൻ സുഹൃത്ത് കെട്ടുകഥയോ…? 16 വയസ്സുകാരി ആദിത്യയെ വീടിനടുത്തുള്ള പാറക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ 16 വയസ്സുകാരി ആദിത്യയെ വീടിനടുത്തുള്ള പാറക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുക. സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് എസ്‌ഐടി രൂപീകരിച്ചത്.

ചോറ്റാനിക്കര പൊലീസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കുടുംബം ആരോപിപ്പിച്ചിരുന്നു. തന്റെ കൊറിയന്‍ സുഹൃത്ത് മരിച്ചതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നായിരുന്നു പെണ്‍കുട്ടിയുടെ കുറിപ്പ്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തുറന്നുപരിശോധിച്ചെങ്കിലും കൊറിയന്‍ സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്.

ജനുവരി 27നായിരുന്നു ആദിത്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇത്രയും ദിവസമായിട്ടും പൊലീസില്‍ നിന്നും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കോടതിയെ സമീപിച്ച് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിക്കുന്ന കാര്യം ആവശ്യപ്പെടുമെന്ന് മാധ്യമങ്ങളിലൂടെ പറഞ്ഞതിന് പിന്നാലെ പുത്തന്‍കുരിശ് ഡിവൈഎസ്പി ബന്ധപ്പെട്ടിരുന്നുവെന്നും രണ്ട് ദിവസത്തിനകം വിവരം പറയാമെന്ന് അറിയിച്ചിരുന്നുവെന്നുമാണ് പിതാവ് കഴിഞ്ഞദിവസം പ്രതികരിച്ചത്.

ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന നിലയില്‍ ഒരു കൊറിയന്‍ സുഹൃത്ത് ഉണ്ടോയെന്നതിലും പിതാവ് സംശയം പ്രകടിപ്പിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാരോ ഐഡി ഉണ്ടാക്കി പറ്റിച്ചതാകാനാണു സാധ്യതയെന്നാണ് പിതാവ് സംശയിക്കുന്നത്.

24 മണിക്കൂർ ദേശീയ പണിമുടക്ക്  ഇന്ന് അർധരാത്രി മുതൽ…സ്കൂൾ അവധിയാണോ? എന്തൊക്കെ തുറക്കും..?

തിരുവനന്തപുരം: തൊഴിലാളി, കർഷകദ്രോഹ നയങ്ങൾക്കെതിരായ 24 മണിക്കൂർ ദേശീയ പണിമുടക്കിന് ബുധനാഴ്ച അർധരാത്രി തുടക്കമാകും. രാത്രി 12 മുതൽ വ്യാഴാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. പത്രം, പാൽ, ആശുപത്രി, മെഡിക്കൽ സ്റ്റോർ, ഫയർഫോഴ്സ്, ആംബുലൻസ് തുടങ്ങിയ അവശ്യ സർവിസുകളൊഴിച്ച് എല്ലാ മേഖലകളിലെയും തൊഴിലാളികൾ പണിമുടക്കിന്‍റെ ഭാഗമാകും. 10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി സംഘടനകളും സംയുക്തമായാണ് പണിമുടക്കിന് ആഹ്വനം ചെയ്തതെങ്കിലും കേരളത്തിൽ ഐ.എൻ.ടി.യു.സി പ്രത്യേകമായാണ് സമരം നടത്തുക. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണിത്. ഐ.എൻ.ടി.യു.സി പണിമുടക്കുമെന്നും സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയം തിരുത്തണമെന്ന ആവശ്യംകൂടി ഉന്നയിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
കേരളത്തെ പണിമുടക്ക് എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 24 മണിക്കൂർ പണിമുടക്കിൽ കേരളം പൂർണ്ണമായി സ്തംഭിക്കുമെന്ന് സിഐടിയു നേതാവ് എളമരം കരീം പറഞ്ഞു. 10 ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. വ്യാഴാഴ്ച കേരളത്തിൽ എന്തൊക്കെ പ്രവർത്തിക്കുമെന്നും എന്തൊക്കെ അടഞ്ഞുകിടക്കാനാണ് സാധ്യത എന്നും നോക്കാം.

പാല്‍ , പത്രം , ആശുപത്രി , മെഡിക്കൽ ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികള്‍ ഇപ്രാവശ്യം പണിമുടക്കുമെന്നാണ് സമരസമിതി പറയുന്നത്. രാജ്യമെമ്പാടുമായി 30 കോടി തൊഴിലാളികളാണ് പണിമുടക്കിൻ്റെ ഭാഗമാകുന്നത്.

നാളെ അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക്; കേരളം സ്തംഭിക്കുമെന്ന് സംഘടനകൾ, ട്രേഡ്‌ യൂണിയനുകൾ നോട്ടീസ്‌ നൽകി
വ്യവസായ, കാര്‍ഷിക, വാണിജ്യ, വ്യാപാര മേഖലകള്‍ 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങള്‍ അടയും, മോട്ടോര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല, എല്ലാ രംഗത്തെയും തൊഴിലാളികള്‍ ഫെബ്രുവരി 12ന് പണി നിര്‍ത്തിവയ്ക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
ഓട്ടോ, ബസ്, കാര്‍, ലോറി തുടങ്ങി മോട്ടോര്‍ തൊഴിലാളികള്‍, ഷോപ്പ് എംപ്ലോയീസ്, പ്രസ് ജീവനക്കാര്‍, സ്കീം വര്‍ക്കര്‍മാര്‍, നിർമാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ്ഫോം, ഐടി, മത്സ്യവിപണനം – വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികള്‍, ചെറുകിട വ്യവസായം, സ്വകാര്യമേഖല – പൊതുമേഖല വ്യവസായം, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍, കണ്ടെയ്നര്‍ ഫ്രെയിറ്റ് സ്റ്റേഷനുകള്‍ തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍, നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കും. ഷോപ്പിങ് മാളുകള്‍, സ്പെഷല്‍ ഇക്കണോമിക് സോണ്‍ സ്തംഭിക്കുമെന്നാണ് സമരസമിതി പറയുന്നത്.
അധ്യാപക സംഘടനകളും വിദ്യാർഥി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളാണ് പിന്തുണ അറിയിച്ചത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ട്.


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും, അധ്യാപക സംഘടനകളും, പ്രതിരോധം, ബാങ്ക് – ഇന്‍ഷുറന്‍സ് , റെയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെയും, ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും, ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുവരാന്‍ തീരുമാനിച്ചിട്ടുണ്ട്.


കേരളത്തിൽ കശുവണ്ടി തൊഴിലാളികളും കയർ തൊഴിലാളികളും കൈത്തറി, മത്സ്യബന്ധന, വിപണന മേഖലകളിലെ തൊഴിലാളികളും പണിമുടക്കിൻ്റെ ഭാഗമാകും. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും കടകമ്പോളങ്ങളിലെയും തൊഴിലാളികളും പണിമുടക്കുന്നതിനാൽ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും തടസ്സപ്പെടും.


പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായങ്ങൾ, സ്‌കീം വർക്കുകൾ, തുറമുഖം, കയറ്റിറക്ക് തൊഴിൽ എന്നിവിടങ്ങളിലെ തൊഴിലാളികളും പണിമുടക്കിൻ്റെ ഭാഗമാകുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയും പണിമുടക്കിൻ്റെ പ്രധാന വിഷയമായതിനാൽ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. നിർമാണ മേഖലയിലെ തൊഴിലാളികളും ലോട്ടറിവ്യാപാരം, ടെലികോം, വൈദ്യുതി, മോട്ടോർവാഹനങ്ങൾ, ഓൺലൈൻ വ്യാപാരം എന്നിവയും തടസ്സപ്പെട്ടേക്കും

ഐടി മേഖലയിലെ വിവിധ തൊഴിലാളികളും പണിമുടക്കിൻ്റെ ഭാഗമാകുന്നുണ്ട്. കടകമ്പോളങ്ങൾ അടച്ചും തൊഴിലുകൾ നിർത്തിവെച്ചും എല്ലാവരും സഹകരിക്കണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പട്ടിട്ടുണ്ട്. യാത്രകൾ ഒഴിവാക്കിയും വാഹനങ്ങൾ റോഡിലിറക്കാതെയും സഹകരിക്കണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

വി.ഡി സതീശന്റെ ജാഥ എറണാകുളത്ത് എത്തുമ്പോൾ അജയനെ ചോദ്യംചെയ്യാനുള്ള പദ്ധതിയാണ് സർക്കാർ ഇട്ടിരിക്കുന്നത്,സിപിഎം നേതാവ് പറഞ്ഞതായി അജയ് തറയിൽ

പത്തനംതിട്ട: ശബരിമലയിലെ കൊടിമര നിര്‍മാണത്തില്‍ ഭാരവാഹിയെന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്വ മുണ്ടെങ്കിലും ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൂര്‍ണമായും നടപ്പിലാക്കിയത് അഡ്വ. കമ്മിഷണറും തിരുവാഭരണ കമ്മിഷണറും ചീഫ് എഞ്ചിനീയറുമാണെന്ന് ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഫീനിക്സ് ഗ്രൂപ്പ് 9, 161 ഗ്രാം സ്വര്‍ണമാണ് സ്പോണ്‍സര്‍ ചെയ്തത്. സ്വര്‍ണം പൂശല്‍ പ്രക്രിയ നടന്നത് പമ്പയില്‍ വച്ചായിരുന്നുവെന്നും അജയ് തറയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

412 ഗ്രാം സ്വര്‍ണം 2017ല്‍ ഭക്തരില്‍ നിന്ന് അധികമായി ലഭിച്ചു. കൊടിമര നിര്‍മാണത്തിനായി 9.34 കിലോഗ്രാം സ്വര്‍ണമാണ് ഉപയോഗിച്ചത്. എല്ലാ രേഖകളും മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡില്‍ പാസാക്കിയ കണക്കാണിത്. രേഖകള്‍ ഹൈക്കോടതിയിലും നല്‍കിയിട്ടുണ്ട്. 412 ഗ്രാമിന് അപ്പുറത്തേയ്ക്ക് ഏത് ഭക്തനാണ് അവിടെ സ്വര്‍ണം നല്‍കിയത്. സാങ്കേതിക പ്രശ്‌നം പറഞ്ഞുകൊണ്ട് വലിയ പ്രശ്‌നമുണ്ടാക്കുന്നു. സ്‌പോണസര്‍മാര്‍ക്ക് രസീത് നല്‍കിയില്ലെന്നാണ് പറയുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും മെമ്പര്‍മാര്‍ക്കും രസീത് കൊടുക്കലാണോ പണിയെന്ന് അജയ് തറയില്‍ ചോദിച്ചു. എസ്‌ഐടി തന്നെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അറ്റകുറ്റപ്പണി നടത്തിയതെന്നും കൃത്യമായ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അജയ് തറയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സിപിഎം നേതാവ് എന്നെ വിളിച്ച് സൂക്ഷിക്കണമെന്ന് പറഞ്ഞു. ‘അജയാ സൂക്ഷിക്കണം, വി.ഡി സതീശന്റെ ജാഥ എറണാകുളത്ത് എത്തുമ്പോൾ അജയ് തറയിലിനെ ചോദ്യംചെയ്യാനുള്ള പദ്ധതിയാണ് സർക്കാർ ഇട്ടിരിക്കുന്നത്. ഉദ്ഘാടനം ചെയ്ത് പിറ്റേദിവസം അടൂർ പ്രകാശിനെ ചോദ്യംചെയ്തു, എറണാകുളത്ത് എത്തുമ്പോൾ അജയ് തറയിലിനെ ചോദ്യംചെയ്യാനുള്ള പദ്ധതിയിട്ടിട്ടുണ്ട്’ എന്ന് സിപിഎം നേതാവ് പറഞ്ഞതായി അജയ് തറയിൽ വ്യക്തമാക്കി. പൊലീസ് വകുപ്പ് കൈയിലുള്ളവർക്ക് ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. അറസ്റ്റിനെ ഭയക്കുന്നില്ല. ഇതിന് മുമ്പും ജയിലിൽ താൻ കിടന്നിട്ടുണ്ടെന്നും അജയ് തറയിൽ കൂട്ടിച്ചേർത്തു

ഏപ്രില്‍ മുതല്‍ പിഎഫ് യുപിഐ വഴി പിന്‍വലിക്കാം

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഫ്ഒ) ദശലക്ഷക്കണക്കിന് വരുന്ന അക്കൗണ്ട് ഉടമകൾക്ക് ഒരു സന്തോഷ വാര്‍ത്ത. യുപിഐ വഴി ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാനുള്ള സൗകര്യമൊരുങ്ങുകയാണ്. ഇതിനായി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കും. ഈ വര്‍ഷം ഏപ്രിൽ മുതൽ ഇത്തരത്തിൽ പണം പിൻവലിക്കാനാകും. പുതിയ സംവിധാനം വഴി അംഗങ്ങൾക്ക് പിഎഫ് തുക നിമിഷങ്ങൾക്കകം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കും.

ഇപിഎഫ്ഒ പരിഷ്കാരങ്ങളുടെ മൂന്നാം ഘട്ടമായ ‘ഇപിഎഫ്ഒ 3.0’ യോടെ ഈ സേവനം പൂർണമായും സജീവമാകും. ഈ പുതിയ മൊബൈൽ ആപ്പും യുപിഐ സംവിധാനവും പരീക്ഷണടിസ്ഥാനത്തിൽ പ്രവര്‍ത്തനം ആരംഭിച്ചതായി തൊഴിൽ മന്ത്രാലയത്തിലെ വൃത്തങ്ങൾ പറയുന്നു. ഏപ്രിലിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാങ്കേതിക തകരാറുകൾ ഉണ്ടാകാതിരിക്കാൻ 100-ലധികം ഡമ്മി അക്കൗണ്ടുകളിലൂടെ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചുവരികയാണ്.

യുപിഐ സംവിധാനം നിലവിൽ വന്നാലും മുഴുവൻ തുക പിൻവലിക്കാനാകില്ല. പുതിയ ലേബർ കോഡ് നിയമങ്ങൾ പ്രകാരം, ഇപിഎഫ് അക്കൗണ്ടിലെ മൊത്തം തുകയുടെ കുറഞ്ഞത് 25 ശതമാനമെങ്കിലും പിന്‍വലിക്കാന്‍ കഴിയാത്ത വിധം ലോക്ക് ചെയ്യപ്പെടും. അക്കൗണ്ട് ഉടമകൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ബാക്കി തുകയിൽ നിന്ന് മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. പുതിയ മൊബൈൽ ആപ്പിലൂടെ ഉപയോക്താക്കൾക്ക് അവരുടെ പാസ്ബുക്ക് ബാലൻസ് കാണാനും മറ്റ് ആവശ്യമായ സേവനങ്ങൾ നേടാനും സാധിക്കും.

പുതിയ മൊബൈൽ ആപ്പ് ആരംഭിച്ചതിനുശേഷവും, നിലവിൽ പ്രവർത്തിക്കുന്ന UAN നമ്പറിന്റെയും UMANG പോർട്ടലിന്റെയും സേവനങ്ങൾ നിർത്തലാക്കില്ല. നിലവിൽ,പിഎഫ് പിൻവലിക്കൽ പ്രക്രിയയ്ക്ക് ഗണ്യമായ സമയമെടുക്കുന്നുണ്ട്. എന്നിരുന്നാലും ഓട്ടോ-സെറ്റിൽമെന്റ് മോഡിൽ, അപേക്ഷിച്ചതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ സെറ്റിൽമെന്‍റ് നടക്കുന്നു. അടുത്തിടെ, ഇപിഎഫ്ഒ ​​ഓട്ടോ-സെറ്റിൽമെന്‍റ് പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.