Home Blog Page 285

യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, സുഹൃത്ത് പിടിയിൽ

തൃശൂർ. ചെറുതുരുത്തിയിൽ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം ചേറൂർ സ്വദേശി  ധനലക്ഷമിയാണ് മരിച്ചത്. സുഹൃത്തായ തേഞ്ഞിപ്പാലം സ്വദേശി വിജീഷ് പോലീസിന്റെ കസ്റ്റഡിയിൽ. ധനലക്ഷ്മി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മദ്യലഹരിയിൽ താൻ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി.

ചെറുതുരുത്തി ഹന്നാ റസിഡൻസിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ധനലക്ഷിമിയുടെ സുഹൃത്തായ തേഞ്ഞിപ്പാലം സ്വദേശി വിജീഷാണ് കൊലപാതക വിവരം സ്റ്റേഷനിൽ അറിയിക്കുന്നത്. തുടർന്ന് തേഞ്ഞിപ്പാലം സ്റ്റേഷനിൽ നിന്ന് ചെറുതുതരുത്തി സ്റ്റേഷനിലേക്ക് വിവരം കൈമാറുക ആയിരുന്നു, കഴിഞ്ഞ ദിവസം രാത്രിയിലാണ് വിജീഷും ധനലക്ഷമിയും ഹോട്ടലിൽ റൂം എടുത്തത്. ധനലക്ഷ്മിയെ വിജീഷ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് സൂചന. ഇരുവരും തമ്മിൽ ഏറെക്കാലമായി സൗഹൃദം ഉണ്ടായിരുന്നു. ഇന്നലെ മുറിയെടുത്ത ശേഷം വിജീഷ് മദ്യപിക്കുകയും ഇതിനിടയിൽ യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ആയിരുന്നു. ഇതിൽ പ്രകോപിതനായ വിജീഷ് ധനലക്ഷ്മിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ശേഷം ഇവിടെ നിന്ന് കടന്നു കളഞ്ഞു. ഉച്ചയോടെ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിലെത്തി വിജീഷ് കീഴടങ്ങി പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കുമ്പോഴാണ് കൊലപാതക വിവരം പുറത്തിറഞ്ഞത്.

ചെറുതുരുത്തി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

പെൺ സുഹൃത്തിനെ കൊല്ലാൻ പെൺ വേഷം ധരിച്ചെത്തി യുവാവ്,സഹായികളടക്കം പിടിയില്‍

തൃശൂർ. പെൺ സുഹൃത്തിനെ കൊല്ലാൻ പെൺ വേഷം ധരിച്ചെത്തി യുവാവ്

സംഭവം ഗുരുവായൂരിൽ തൊടുപുഴ സ്വദേശി പ്രസാദും നാലു സുഹൃത്തുക്കളും കസ്റ്റഡിയിൽ.
ഇന്നലെ രാത്രിയോടെയാണ് ഗുരുവായൂരിൽ സ്ത്രീ വേഷം ധരിച്ച് ഒരാൾ നിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് പരസ്പര വിരുദ്ധമായ മൊഴികൾ.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊടുപുഴ രജിസ്ട്രേഷൻ ഉള്ള കാറിൽ നിന്ന് നാലു പേരെ കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു
തൊടുപുഴ മുട്ടം സ്വദേശികളായ ഒറ്റപ്ലാക്കല്‍ വീട്ടില്‍ ആദര്‍ശ്, ചോലമറ്റത്തില്‍ പ്രസാദ്, തൈപ്പറമ്പില്‍ ബിനീഷ്, തേങ്ങില്‍ ഷാഹിദ്, കാരക്കുന്നേല്‍ സ്റ്റീഫന്‍ എന്നിവരാണ് ഗുരുവായൂര്‍ ടെംപിള്‍ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് പതിനാറ് ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക ഗൂഢാലോചന പുറത്തുവന്നത്.

തൃശൂരിലെ സ്പായിലെ ജീവനക്കാരിയാണ് ഇവര്‍ കൊല്ലാന്‍ പദ്ധതിയിട്ട യുവതി. അഞ്ചംഗസംഘം തൃശൂരില്‍ എത്തിയെന്നറിഞ്ഞ യുവതി ഗുരുവായൂരിലേക്ക് മാറുകയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ പ്രതികളും അവിടെയെത്തി 
സ്പായിൽ ജോലിചെയ്യുന്ന യുവതിയുമായി അടുപ്പത്തിലായിരുന്നു പ്രസാദ്.
മാസങ്ങൾക്കു മുൻപ് ഇരുവരും തെറ്റിപ്പിരിയുകയും യുവതി തൃശ്ശൂരിലേക്ക് ജോലി മാറുകയും ചെയ്തു.
തന്നെ ഒഴിവാക്കിയതിനുള്ള വൈരാഗ്യത്താലാണ് യുവതി താമസിക്കുന്ന ലോഡ്ജിൽ കയറി കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന്  പ്രസാദിന്റെ മൊഴി. അറസ്റ്റിലായ പ്രസാദും ആദര്‍ശും കൊലപാതകശ്രമം ഉള്‍പ്പെടെ 20 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

റോ-റോ സർവീസ് മുന്നറിയിപ്പില്ലാതെ താൽക്കാലികമായി നിർത്തി, നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

കൊച്ചി. കൊച്ചി–വൈപ്പിൻ റോ-റോ സർവീസ് മുന്നറിയിപ്പില്ലാതെ താൽക്കാലികമായി നിർത്തിവെച്ചതോടെ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ. എൻജിൻ തകരാറിനെ തുടർന്ന് കഴിഞ്ഞദിവസം റോ-റോ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയ സംഭവത്തിനും കായലിലെ ശക്തമായ അടിയൊഴുക്കിനും പിന്നാലെയാണ് സർവീസ് നിർത്തിയത്. സുരക്ഷ മുൻനിർത്തിയുള്ള നടപടിയെന്നാണ് കെഎസ്‌ഐഎൻസിയുടെ വിശദീകരണം. എന്നാൽ ദിവസേന റോ-റോയെ ആശ്രയിക്കുന്ന നൂറുകണക്കിന് പേരാണ് ഇതോടെ യാത്രാ പ്രതിസന്ധിയിലായത്.


മുന്നറിയിപ്പില്ലാതെ സർവീസ് നിർത്തിയതോടെ ജോലിക്കും പഠനത്തിനുമായി ദിവസേന റോ-റോയെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. രാവിലെ പതിവുപോലെ ജെട്ടിയിലെത്തിയ ശേഷമാണ് സർവീസ് ഇല്ലെന്ന വിവരം പലരും അറിയുന്നത്. മുൻകൂട്ടി അറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയാണ് യാത്രക്കാർ ഉയർത്തുന്നത്.


മൂന്ന് റോ-റോ യാനങ്ങൾ ഉണ്ടായിട്ടും കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കാൻ അധികൃതർക്ക് കഴിയുന്നില്ലെന്നാണ് യാത്രക്കാരുടെ വിമർശനം. സർവീസ് മുടങ്ങുമ്പോഴെല്ലാം ബദൽ സംവിധാനമോ വ്യക്തമായ അറിയിപ്പോ ലഭിക്കാത്തതിനാൽ സാധാരണക്കാർക്കാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതെന്നും യാത്രക്കാർ പറയുന്നു.


ഇന്നലെ എൻജിൻ തകരാറിനെ തുടർന്ന് റോ-റോ നിയന്ത്രണം വിട്ട് കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിയിരുന്നു. അമ്പതോളം യാത്രക്കാരും ഒൻപത് കാറുകളും ഒരു വാനും അമ്പതോളം ഇരുചക്ര വാഹനങ്ങളും റോ-റോയിലുണ്ടായിരുന്നു. ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ശക്തമായ അടിയൊഴുക്കും, വിവിധ വസ്തുക്കൾ പ്രൊപ്പല്ലറിൽ കുടുങ്ങിയതുമാണ് നിലവിലെ സാങ്കേതിക പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്‌ഐഎൻസി വിശദീകരിക്കുന്നു. മുൻകൂട്ടി അറിയിപ്പ് നൽകാതിരുന്നതാണ് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതെന്നും യാത്രക്കാർ പറയുന്നു.


അതേസമയം, ഇന്ന് സേതുസാഗർ 2 യാനം മാത്രം സർവീസ് നടത്തുമെന്ന് KSINC അറിയിച്ചു. സേതുസാഗർ I-ൽ സാങ്കേതിക തകരാർ തുടരുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് വിശദീകരണം. പൂർണമായും സാധാരണ നിലയിലേക്ക് സർവീസ് എപ്പോൾ മടങ്ങിയെത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.


ചെങ്കടലില്‍ യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം,കപ്പല്‍ തലകീഴായി മറിഞ്ഞ് പൂര്‍ണമായും മുങ്ങി

ന്യൂഡല്‍ഹി: ചെങ്കടലില്‍ യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം. ‘എം എസ് വി ഫൈസ് നൂര്‍ ഒലിയ’ എന്ന കപ്പലിനു നേര്‍ക്കാണ് പ്രൊജക്ടൈല്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കപ്പല്‍ തലകീഴായി മറിഞ്ഞ് പൂര്‍ണമായും മുങ്ങി.

കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യെമന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഒരാള്‍ യെമന്‍ സ്വദേശിയും ബാക്കിയെല്ലാവരും ഇന്ത്യക്കാരുമാണ്. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആക്രമണത്തിന് പിന്നില്‍ ഹൂത്തികളാണെന്ന് യെമന്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് ആരോപിച്ചു. എന്നാല്‍ ഹൂത്തികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി കപ്പലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

നീറ്റ് യുജി പരീക്ഷ ഇനി ഈ രീതിയിലോ,ജെഇഇ മോഡലില്‍ നടത്താന്‍ സാധ്യത

ന്യൂഡല്‍ഹി. രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജിയില്‍ ഘടനാപരമായ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മാതൃകയില്‍ രണ്ടു ഘട്ടങ്ങളുള്ള പരീക്ഷാരീതിയും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറുന്നതും സജീവ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ചോദ്യച്ചോര്‍ച്ചയേത്തുടര്‍ന്ന് പരീക്ഷാ പരിഷ്‌കാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കേന്ദ്രം സത്യവാങ്മൂലത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ജെഇഇ മെയിന്‍, ജെഇഇ അഡ്വാന്‍സ്ഡ് മാതൃകയില്‍ നീറ്റ് പരീക്ഷയും രണ്ടു ഘട്ടങ്ങളായി നടത്തണോ എന്ന കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം തേടുകയാണ്. നിലവിലുള്ള പേപ്പര്‍-പേന രീതിക്ക് പകരം കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറുന്നതും പരിശോധിച്ചുവരികയാണ്. പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ രൂപീകരിച്ച നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര ടാസ്‌ക് ഫോഴ്സിന്റെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. സാങ്കേതികവിദ്യ, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, തുല്യത, അക്കാദമിക് വശങ്ങള്‍ എന്നിവ സമഗ്രമായി വിലയിരുത്തി മാത്രമായിരിക്കും പുതിയ മാതൃക നടപ്പിലാക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി.

എന്‍ടിഎ നടത്തുന്ന എട്ടില്‍ ഏഴ് പ്രധാന പരീക്ഷകളും (ജെഇഇ, സിയുഇടി, യുജിസി-നെറ്റ് തുടങ്ങിയവ) ഇതിനകം കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലേക്ക് മാറിയിട്ടുണ്ട്. നിലവില്‍ നീറ്റ് യുജി മാത്രമാണ് ഒഎംആര്‍/ പേപ്പര്‍-പേന രീതിയില്‍ തുടരുന്നത്. എന്നാല്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എഴുതുന്ന നീറ്റ് പരീക്ഷയുടെ വ്യാപ്തിയും, ഗ്രാമീണ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെയും പെണ്‍കുട്ടികളുടെയും വലിയ പങ്കാളിത്തവും പരിഗണിക്കുമ്പോള്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സങ്കീര്‍ണമാണെന്ന് കേന്ദ്രം വ്യക്തമാക്കി

കൂടാതെ, എംബിബിഎസ്, ബിഡിഎസ്, ആയുഷ്, വെറ്ററിനറി, നഴ്‌സിങ് തുടങ്ങി വിവിധ കോഴ്‌സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയാണിത്. ആരോഗ്യ മന്ത്രാലയത്തിനും നാഷണല്‍ മെഡിക്കല്‍ കമ്മീഷനും വേണ്ടിയാണ് പരീക്ഷ നടത്തുന്നതെന്നതിനാല്‍ എന്‍എംസി ആക്ട് പ്രകാരം ഇവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ മാറ്റങ്ങള്‍ നടപ്പാക്കൂ. പരീക്ഷാ രീതിയിലോ ക്രമത്തിലോ മാറ്റം വരുത്തുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കി.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ പ്രതിഷേധ സമരം നടത്തുന്നതിനിടെയാണ് ഭീകരാക്രമണത്തിന് പദ്ധതി,രണ്ട് ഭീകരവാദ മൊഡ്യൂളുകള്‍ തകര്‍ത്തതായി പഞ്ചാബ് പൊലീസ്

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ പ്രവര്‍ത്തിച്ച രണ്ട് ഭീകരവാദ മൊഡ്യൂളുകള്‍ തകര്‍ത്തതായി പഞ്ചാബ് പൊലീസ്. ആയുധങ്ങളും വെടിക്കോപ്പുകളും സഹിതം ഭീകരസംഘത്തില്‍പ്പെട്ട ഒമ്പതുപേര്‍ പൊലീസിന്റെ പിടിയിലായി. ഇവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ അടക്കം സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ പ്രതിഷേധ സമരം നടത്തുന്നതിനിടെയാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. എന്നാല്‍ ഡല്‍ഹിയിലെ കനത്ത സുരക്ഷ കാരണം പദ്ധതി നടപ്പാക്കാനാകാതെ സംഘം മടങ്ങുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഐഎസ്‌ഐ ഇടനിലക്കാര്‍ ശ്രമിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അമൃത്സര്‍ പൊലീസ് രണ്ട് ഭീകര മൊഡ്യൂളുകളാണ് തകര്‍ത്തത്. 9 പേരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും മൂന്നു പിസ്റ്റളുകള്‍, നാല് പെട്രോള്‍ ബോംബുകള്‍, 9 കാട്രിഡ്ജുകള്‍ എന്നിവയാണ് പിടിച്ചെടുത്തതെന്ന് ഡിജിപി അറിയിച്ചു.

ഒരു മൊഡ്യൂള്‍ രാജസന്‍സായി മേഖലയില്‍ നിന്നാണ് പിടിയിലായത്. സുഖ്മാന്‍ സിങ്, മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കൂട്ടാളികള്‍ എന്നിവര്‍ കസ്റ്റഡിയിലായി. ഈ സംഘത്തെയാണ് ജന്തര്‍ മന്തറില്‍ ആക്രമണം നടത്താന്‍ നിയോഗിച്ചിരുന്നത്. സിജെപി പ്രതിഷേധത്തിനിടെ സ്‌ഫോടനം നടത്താനാണ് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചത്. ഇതനുസരിച്ച് തങ്ങള്‍ ഡല്‍ഹിയിലേക്ക് പോയിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഘത്തിനെയാണ് ആക്രമണം നടത്താനുള്ള സ്‌ഫോടക വസ്തുക്കള്‍ എത്തിക്കാന്‍ നിയോഗിച്ചിരുന്നത്.

എന്നാല്‍ ജന്തര്‍ മന്തറിലെ സുരക്ഷാസന്നാഹമാണ് പ്ലാന്‍ നടപ്പാക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതെന്ന് സുഖ്മാന്‍ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പാകിസ്ഥാനി ഗുണ്ടാനേതാവും ഭീകരനുമായ ഷെഹ്‌സാദ് ഭാട്ടിയാണ് പഞ്ചാബിലെ മൊഡ്യൂളിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. കൊല്‍ക്കത്ത എസ്ടിഎഫ് പിടികൂടിയ സംഘവും ജന്തര്‍ മന്തറിലേക്ക് വരാന്‍ പദ്ധതിയിട്ടിയുരുന്നു. ആറിലധികം വാട്ട്സ്ആപ്പ് നമ്പറുകള്‍ വഴി ഇവര്‍ ഷെഹ്‌സാദ് ഭാട്ടിയുടെ ആളുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു

ബ്ലഡ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ഇന്ത്യയിൽ ഓരോ വർഷവും 70,000-ത്തിലധികം പേർ രക്താർബുദം (blood cancer) മൂലം മരണപ്പെടുകയും ഒരു ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഭഗവാൻ മഹാവീർ ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ രക്താർബുദം കാണപ്പെടുന്നു

രക്താർബുദം (Blood Cancer) എന്നത് ശരീരത്തിലെ രക്തകോശങ്ങളെയും, പ്രത്യേകിച്ച് വെളുത്ത രക്താണുക്കളെയും (WBC) അസ്ഥിമജ്ജയെയും (Bone Marrow) ബാധിക്കുന്ന ഒരു ക്യാൻസറാണ്. മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ രക്താർബുദം കാണപ്പെടുന്നു. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്‌. ഇവയുടെ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയേണ്ടത്‌ രോഗചികിത്സയില്‍ നിര്‍ണായകമാണ്‌.

ബ്ലഡ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?

ബ്ലഡ് ക്യാൻസറിന്റെ ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്

വിളർച്ചയും (അനീമിയ) അതുമായി ബന്ധപ്പെട്ട ക്ഷീണം, മുഖത്ത് വിളർച്ച അനുഭവപ്പെടുക, തുടർച്ചയായ നേരിയ പനി, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നത് മൂലം മോണയിൽ നിന്നോ മൂക്കിൽ നിന്നോ രക്തസ്രാവം ഉണ്ടാകുക, പ്രതിരോധശേഷി കുറയുന്നത് മൂലം അണുബാധയ്ക്കുള്ള സാധ്യത വർധിക്കുക, ചെറിയ ചുവന്ന പാടുകളോ ‘പെറ്റെക്കിയ’ (ചർമ്മത്തിനടിയിലുണ്ടാകുന്ന ചെറിയ രക്തസ്രാവം/രക്തം കട്ടപിടിക്കൽ) പോലുള്ള അടയാളങ്ങളോ കാണപ്പെടുക.

ഇക്കാര്യങ്ങൾ ബ്ലഡ് ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂട്ടുന്നു

സ്ത്രീകളിൽ ആർത്തവ സംബന്ധമായ ക്രമക്കേടുകൾ, വിശപ്പില്ലായ്മയും അതോടൊപ്പം അപ്രതീക്ഷിതമായി ശരീരഭാരം കുറയുകയും ചെയ്യുക എന്നിവ ബ്ലഡ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. അമിത അളവിലുള്ള ഹാനികരമായ വികിരണങ്ങളുമായുള്ള സമ്പർക്കം, ചില രാസവസ്തുക്കളുമായുള്ള ദീർഘകാല സമ്പർക്കം, ല്യൂക്കീമിയയ്ക്ക് കാരണമായേക്കാവുന്ന ചില വൈറസുകളുമായുള്ള സമ്പർക്കം എന്നിവ ബ്ലഡ് ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂട്ടുന്നു.

എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം

ബ്ലഡ്‌ ക്യാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം.

ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം

ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം. രോഗം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് ഇതിന്റെ കാരണം. കാരണമില്ലാതെ രാത്രിയില്‍ വിയര്‍ക്കുക, ഭാരം പെട്ടെന്ന് കുറയുക, മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും നിസാരമായി കാണരുത്.

‘ഡിസംബറിൽ തിരികെ പോകും, തന്നെ രാജ്യത്ത് നിന്ന് അടർത്തി മാറ്റാനാകില്ല’; പ്രഖ്യാപനവുമായി ഷെയ്ഖ് ഹസീന

ന്യൂഡൽഹി: ഇന്ത്യയിലിരുന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബം​ഗ്ലാദേശിലേക്ക് തിരികെ പോകുന്ന സമയവും തീയതിയും എല്ലാവരെയും അറിയിക്കുമെന്നും ഡിസംബറിൽ തിരികെ പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. തന്നെ രാജ്യത്ത് നിന്ന് അടർത്തിമാറ്റാനാകില്ലെന്നും താൻ ബംഗ്ലാദേശിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.

Also Read: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡ്രൈവർക്ക് ഹൃദയാഘാതം; ഡ്രൈവർ മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക്

വിദൂരത്തിരുന്ന് രാജ്യത്ത് നടക്കുന്നത് കാണുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ നടക്കുന്നു. ഭയമാണ് രാജ്യത്ത്. അന്ന് നടന്നതിലെ സത്യം മനസ്സിലാക്കണം. നടന്നത് വിദ്യാർത്ഥി പ്രതിഷേധമല്ല. സമരം തീർക്കാൻ പലതവണ ശ്രമിച്ചു. എന്നാൽ സമരക്കാരുടെ ലക്ഷ്യം വേറെയായിരുന്നുവെന്നും ഹസീന വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിലേക്ക് കടത്തിവിട്ടു. ഇതൊരു ഗൂഢാലോചനയായിരുന്നു എന്ന് മുഹമ്മദ് യൂനൂസ് സമ്മതിച്ചതാണ്. അധികാരമാറ്റത്തിനുള്ള ശ്രമമാണ് നടന്നത്. വലിയ സ്ഥാപനങ്ങളെയും ആശുപത്രികളെയും തകർത്തു. ജയിലിൽ നിന്ന് ക്രിമിനലുകളെ മോചിപ്പിച്ചു. മാധ്യമങ്ങളെ വരെ ആക്രമിച്ചു. തന്റെ പാർട്ടിക്കാരെ കൊലപ്പെടുത്തി. നീതിയല്ല അധികാരമായിരുന്നു അവർക്ക് വേണ്ടിയിരുന്നതെന്നും അവർ പറഞ്ഞു.

ഇതുവരെ രാജ്യം നേടിയ നേട്ടങ്ങളെ തകർത്തു. സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുകയാണ്. മൊത്ത ആഭ്യന്തര ഉത്പാദനം അടക്കം താഴേക്ക് എത്തി. നിക്ഷേപകർ രാജ്യം വിട്ടു. കടം വാങ്ങി പ്രവർത്തിക്കുന്ന സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. അവാമി ലീഗിന്റെ നിരോധനം നീക്കണം. ജനാധിപത്യ സ്വാതന്ത്ര്യം തിരികെ എത്തണം. താൻ തിരിച്ചുപോകും. ഭയപ്പെടുത്തി തിരികെ വരുന്നത് തടയാനാകില്ല. ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്. ഏത് കള്ളക്കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്താലും താൻ തിരികെ വരുമെന്ന് ഹസീന. എന്റെ ഭാവിയല്ല എന്റെ ജനങ്ങളുടെ ഭാവിക്കാണ് പ്രാധാന്യമെന്നും അവർ പറഞ്ഞു.

തിരികെ എത്തുക എന്നതാണ് എന്റെ കടമ. ജനങ്ങളുടെ പുരോഗതിക്കായി തിരികെ എത്തും. അതിൽ നിന്ന് പിന്നോട്ടില്ല. 81ലും സമാനസാഹചര്യം ഉണ്ടായി. പിന്നീട് ജയിലിലായി. എന്നെ ഒന്നുകൊണ്ടും തടയാനാകില്ല. തിരികെ പോകുന്ന വിശദാംശങ്ങൾ പറയാനാകില്ലെന്നും അവർ വ്യക്തമാക്കി. ഇന്ത്യയിൽ ഹസീനയ്ക്ക് എല്ലാ സുരക്ഷയുമുണ്ടെന്നും മോദി സർക്കാരിന് നന്ദിയെന്ന് ഹസീനയുടെ മകൻ പറഞ്ഞു.

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡ്രൈവർക്ക് ഹൃദയാഘാതം; ഡ്രൈവർ മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡ്രൈവർക്ക് ഹൃദയാഘാതം. തുടർന്ന് ബസ് കെട്ടിടത്തിൽ ഇടിച്ചുനിന്നു. ഹൃദയാഘാതമുണ്ടായ ഡ്രൈവർ മുരളീധരൻ മരിച്ചു.

Also Read: നെഹ്‌റു ട്രോഫി വള്ളംകളി ടിക്കറ്റ് വില്‍പ്പന തുടങ്ങി; അഞ്ച് ജില്ലകളിലെ സർക്കാർ ഓഫീസുകളിൽ നിന്ന് ടിക്കറ്റ് വാങ്ങാം

ബസ് അപകടത്തിൽപ്പെട്ട ഉടൻ മുരളീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് നിസാരമാണ്.

നെഹ്‌റു ട്രോഫി വള്ളംകളി ടിക്കറ്റ് വില്‍പ്പന തുടങ്ങി; അഞ്ച് ജില്ലകളിലെ സർക്കാർ ഓഫീസുകളിൽ നിന്ന് ടിക്കറ്റ് വാങ്ങാം

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ ആണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുക. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് ടിക്കറ്റ് പ്രമുഖ വ്യവസായി ജേക്കബ് ജോണിന് നൽകിയും 25000 രൂപയുടെ പ്ലാറ്റിനം കോർണർ ടിക്കറ്റ് വിദേശ വ്യവസായി ഹാരിസ് രാജയ്ക്ക് നൽകിയുമാണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ ആണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുക.

Also Read: പാർലമെന്റിൽ ഹാജരാവാത്ത അമിത് ഷായുടെ നടപടിയെ കടുത്ത ഭാഷയിൽ പ്രതിഷേധം; ഹാരിസ് ബീരാൻ എംപി സഭയിൽ നിന്നും ഇറങ്ങിപ്പോയി

ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. വ്യാഴാഴ്ച ഉച്ചയോടെ ഈ സർക്കാർ ഓഫീസുകളിൽ നിന്ന് ടിക്കറ്റ് വാങ്ങാം. എസ്ബിഐ, കാനറ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നീ ബാങ്കുകള്‍ വഴി ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാനുള്ള സൗകര്യം വെള്ളിയാഴ്ചയോടെ സജ്ജമാവും.

ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് ടിക്കറ്റിൽ അഞ്ച് പേർക്ക് നെഹ്റു പവലിയനിൽ പ്രവേശനം ലഭിക്കും. നാലു പേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്‌റു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25000 രൂപയാണ്. 10000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്. കോർപറേറ്റ് ബോക്സ്, പ്ലാറ്റിനം കോര്‍ണ്‍ ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിൽ എത്തിക്കാന്‍ പ്രത്യേക ബോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണ സൗകര്യവും പവലിയനില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. നെഹ്‌റു പവലിയനിലെ ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ 2500, റോസ് കോര്‍ണര്‍ 1500, വിക്ടറി ലൈൻ 500, ഓള്‍ വ്യൂ 400, ലേക്ക് വ്യൂ ഗോള്‍ഡ് 200, ലോണ്‍ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്. ഉദ്ഘാടന ചടങ്ങിൽ ആലപ്പുഴ ആർ ഡി ഒയും എൻടിബിആർ സൊസൈറ്റി സെക്രട്ടറിയുമായ എം ജെ മോബി, എഡിഎം സി പ്രേംജി, എൻടിബിആർ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.