സെന്‍സസ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് അറിയിച്ചു. വിവരങ്ങള്‍ നല്‍കിയാല്‍ നിലവിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട് എന്ന് വീഡിയോകളും സന്ദേശങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
സെന്‍സസ്-2027 ന്റെ ഒന്നാം ഘട്ടമായ വീടുകളുടെപട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും ജൂലൈ ഒന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ള വീഡിയോകള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിനും സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പൊതുജനങ്ങള്‍ ഇത്തരം വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും ഔദ്യോഗിക സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു




























