ഇന്ന് ആർത്തവ ശുചിത്വ ദിനം: ആർത്തവ ശുചിത്വത്തെക്കുറിച്ച് നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകൾ അകറ്റാം

ഇന്നും സമൂഹത്തിൽ ആർത്തവം എന്നത് ഒളിച്ചു വെക്കേണ്ട സംഭവമാണ്. ആർത്തവ അശുദ്ധി പരിഷ്കൃതരെന്ന് നടിക്കുന്ന കേരള സമൂഹത്തിൽ പോലും നിലനിൽക്കുന്നു.

ആർത്തവ കാലം അയിത്തത്തിന്റെതാണെന്ന് കരുതുന്ന നിരവധി പേർ സമൂഹത്തിലുണ്ട്. ഈ സമയം, സ്ത്രീകൾക്ക് പ്രാർഥന ഉൾപ്പെടെയുള്ള ദൈനം ദിന പ്രവർത്തികളിൽ ഏർപ്പെടാ​നോ വീട്ടിൽ പോലും എല്ലായിടങ്ങളിലും പ്രവേശിക്കാനോ അനുവാദമില്ല. ഇന്ത്യയിൽ ഈ അവസ്ഥ വളരെ രൂക്ഷവുമാണ്.

ആർത്തവ സമയത്ത് സ്ത്രീകളെ മറ്റൊരു കെട്ടിടത്തിൽ വെറും നിലത്ത് കിടത്തുന്ന സാഹചര്യങ്ങൾ വരെയുണ്ട്. ആർത്തവശുചിത്വത്തിനായി ഉപയോഗിക്കുന്ന തുണികൾ പോലും ആരുടെയും കണ്ണിൽപെടാതെ ഒളിപ്പിച്ചു​കൊണ്ട് ഉണക്കിയെടുക്കേണ്ട സ്ഥിതിയാണ് പല സ്ത്രീകളും അനുഭവിക്കുന്നത്.

യഥാർഥത്തിൽ ആർത്തവകാലത്ത് സ്ത്രീകൾ ഏറ്റവും ശുചിത്വത്തോടു കൂടിയാണ് ജീവിക്കേണ്ടത്. ഈ സന്ദേശം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്. സമൂഹത്തിൽ ആർത്തവത്തെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനും ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വ രീതികളെക്കുറിച്ച്‌ സ്ത്രീകളെ ബോധവത്കരിക്കുന്നതിനുമായി എല്ലാ വർഷവും മെയ് 28 ന് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നു. 2014-ൽ ജർമ്മനി ആസ്ഥാനമായുള്ള വാഷ് യുണൈറ്റഡ് എന്ന സംഘടനയാണ് ഇത് ആരംഭിച്ചത്.

28 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകുന്നത്. ഓരോ മാസവും ശരാശരി അഞ്ച് ദിവസം വരെ ആർത്തവമുണ്ടായിരിക്കും. വർഷത്തിലെ അഞ്ചാമത്തെ മാസമാണ് മെയ്. ഇതാണ് മെയ് 28ന് പിന്നിലെ കാരണം.

സ്ത്രീകളിൽ ഭൂരിഭാഗവും ആർത്തവത്തിൻറെ പേരിലുള്ള കെട്ടുകഥകളിൽ കുടുങ്ങി കിടക്കുകയാണ്. മിക്കപ്പോഴും ഇത് സ്ത്രീകളിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നുണ്ട്. പ്രത്യേകിച്ച്‌ ഇന്ത്യയിൽ.

ആർത്തവത്തിൻറെ പേരിൽ കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന അഞ്ച് തെറ്റിദ്ധാരണകൾ ഇവയാണ്.

  1. ആർത്തവം അശുദ്ധമാണ്

യാഥാർഥ്യം: ആർത്തവം അശുദ്ധമാണെന്നത് വളരെ കാലം മുമ്പ് തന്നെ സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു തെറ്റായ ധാരണയാണ്. ഇത് എല്ലാമാസവും ഉണ്ടാകുന്ന സ്വാഭാവിക ജൈവിക പ്രക്രിയയാണ്.

ഗർഭപാത്രത്തിൻറെ ആന്തരിക പാളിയോടുകൂടിയ ചാക്രിക രക്തസ്രാവമാണ് ആർത്തവം. സ്കൂളുകളിലും കോളജുകളിലുമെല്ലാം ബോധവൽക്കരണം നടത്തിയാൽ ആർത്തവത്തിൻറെ പേരിൽ അനുഭവിക്കുന്ന നാണക്കേടുകൾ ഇല്ലാതാക്കാം. തെറ്റിദ്ധാരണകൾ ഒഴിവാക്കപ്പെട്ടാൽ സമൂഹത്തിൽ സത്രീകളുടെ അഭിവൃദ്ധിക്കും ഇത് സഹായിക്കും.

2: പൊതുസ്ഥലത്ത് ശുചിത്വ ഉൽപ്പന്നങ്ങൾ ആവശ്യപ്പെടുന്നതിനു പകരം തുണികൾ ഉപയോഗിക്കണം

യാഥാർഥ്യം: ആർത്തവ ശുചിത്വം അടിസ്ഥാന ആവശ്യമാണ്. അതിനാൽ മടികൂടാതെ ഒരു ഫാർമസിസ്റ്റുമായി ബന്ധപ്പെടുക. സാനിറ്ററി നാപ്കിനുകൾ, വീണ്ടും ഉപയോഗിക്കാവുന്ന പാഡുകൾ, ടാംപണുകൾ, ആർത്തവ കപ്പുകൾ എന്നിവ ഉപയോഗിച്ച്‌ ശുചിത്വം പാലിക്കുക.

3: വ്യായാമം ചെയ്യുന്നത് ആർത്തവത്തിന് ദോഷകരമാണ്

യാഥാർഥ്യം: സമ്മർദരഹിതമായ വ്യായാമം ചെയ്യുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. കലണ്ടറോ ആപ്പുകളോ വഴി സ്ത്രീകൾ അവരുടെ ആർത്തവചക്രം നിരീക്ഷിക്കുക.

4: ആർത്തവ സമയത്ത് സ്ത്രീകൾക്ക് പ്രാർഥിക്കാൻ കഴിയില്ല

യാഥാർഥ്യം: സ്ത്രീയെയോ അവളുടെ കുടുംബത്തിൻറെ ആരാധനയെ ആർത്തവം ഒരിക്കലും തടസപെടുത്തില്ല. ആരോഗ്യ വിദഗ്ധരുമായി നിരന്തരം സംവദിച്ച്‌ ഇക്കാര്യം സംബന്ധിച്ച്‌ കുടുംബത്തിൽ അവബോധം സൃഷ്ടിക്കാം.

5: ആർത്തവ സമയത്തെ സ്ത്രീകളുടെ മാനസികാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ (പ്രീമെൻസ്ട്രുവൽ സിൻ​ഡ്രോം) യഥാർഥ കാര്യമല്ല

യാഥാർഥ്യം: ആർത്തവസമയത്തും അതിനുമുമ്പും സ്ത്രീകൾക്ക് പലതരത്തിലുള്ള ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നു.

ഭക്ഷണത്തോടുള്ള അമിതമായ ആസക്തി, ക്ഷീണം, ക്ഷോഭം, വിഷാദം എന്നിവയുൾപ്പെടെ നിരവധി ലക്ഷണങ്ങൾ ഈ സമയത്ത് ഉണ്ടാകും.

ആർത്തവത്തെക്കുറിച്ച്‌ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന വിലക്കുകൾ ഇല്ലാതാക്കാനും സ്ത്രീക്ക് അഭിവൃദ്ധിപ്പെടാനും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും തുറന്ന ചർച്ചകൾ നടത്തി വിശ്വാസം വളർത്തിയെടുക്കുക.

Advertisement