മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടിയും…100 കോടിയും ക്ലബ്ബില്‍ ഇടംനേടുന്ന ചിത്രമായി ആടുജീവിതം

മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറു കോടി ക്ലബ്ബില്‍ ഇടംനേടുന്ന ചിത്രമായി ആടുജീവിതം. 9 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ നേട്ടം. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രം 100 കോടി കളക്ഷന്‍ നേടിയത്. പൃഥ്വിരാജ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷന്‍ ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ഇത്. 2018ന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ഏറ്റവും വേഗത്തില്‍ 100 കോടിയില്‍ എത്തുന്ന ചിത്രമായി ആടുജീവിതം മാറിയത്. 11 ദിവസം കൊണ്ടാണ് 2018 നൂറു കോടിയില്‍ എത്തിയത്.
2024-ല്‍ നൂറുകോടി കളക്ഷന്‍ കിട്ടുന്ന മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളും നൂറുകോടി ക്ലബില്‍ ഇടംനേടിയിരുന്നു. ഇതില്‍ 220 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കളക്ഷന്‍. മലയാളത്തില്‍ ഏറ്റവും വേഗമേറിയ 50 കോടി കളക്ഷനും ആടുജീവിതത്തിന്റെ പേരിലാണ്. മൂന്നു ദിവസത്തിലാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംനേടിയത്.

Advertisement