കളിയാട്ടത്തിന് ശേഷം ‘ഒരു പെരുങ്കളിയാട്ടം’; സുരേഷ് ഗോപിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു

സിനിമ പ്രേമികളെ ആവേശത്തിലാക്കി സുരേഷ് ഗോപിയുടെ ‘ഒരു പെരുങ്കളിയാട്ടം’ ഒരുങ്ങുകയാണ്. നടന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ജയരാജ് ചിത്രം കളിയാട്ടത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. 26 വര്‍ഷത്തിനുശേഷം ഒന്നിക്കുമ്പോള്‍ പുതിയ സിനിമ കളിയാട്ടവുമായി യാതൊരു ബന്ധവും ഇല്ലെന്ന് സംവിധായകന്‍ പറഞ്ഞു.
തെയ്യത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പെരുവണ്ണാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. താടിയും മീശയും വടിച്ച ലുക്കിലാണ് താരം എത്തുന്നത്. പെരുവണ്ണാന്‍ ആയുള്ള ലുക്ക് സുരേഷ് ഗോപി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍, കന്നഡ താരം ബി.എസ്. അവിനാഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 1997ലായിരുന്നു കളിയാട്ടം എന്ന സിനിമ റിലീസ് ചെയ്യുന്നത്. ഷേക്സ്പിയറുടെ ഒഥല്ലോ എന്ന വിശ്വപ്രസിദ്ധ നാടകത്തെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.

Advertisement