‘എനിക്കൊരു കുഞ്ഞുതോർത്ത് എങ്കിലും തരുമോ’ എന്ന് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു; അനുഭവം പങ്കുവെച്ച് മഞ്ജു പിള്ള

കൊച്ചി: ചെറിയൊരു ഇടവേളയ്ക്ക് ശേഷം അമല പോൾ മലയാളത്തിലേക്ക് തിരിച്ചു വന്ന സിനിമയാണ് ‘ടീച്ചർ’. ചിത്രത്തിൽ മഞ്ജു പിള്ള അവതരിപ്പിച്ച കല്യാണി എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടുന്നുണ്ട്. മുമ്പ് നക്‌സലൈറ്റ് ആയിരുന്ന കഥാപാത്രമാണ് കല്യാണി. സിനിമയ്ക്കായി എട്ട് സിഗരറ്റുകൾ വലിച്ചതിനെ കുറിച്ചൊക്കെ മഞ്ജു തുറന്നു പറഞ്ഞിരുന്നു.

സിനിമയിലെ കോസ്റ്റിയൂമിനെ കുറിച്ചാണ് മഞ്ജു ഇപ്പോൾ പറയുന്നത്. ബ്ലൗസും മുണ്ടും മാത്രം ഉപയോഗിക്കുന്ന കഥാപാത്രമാകാൻ തനിക്ക് പറ്റില്ലായിരുന്നു. അതിന്റെ കൂടെ ഒരു തോർത്ത് തരുമോ എന്ന് ചോദിച്ച് വാങ്ങുകയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്.

‘അതിരൻ’ സിനിമയുടെ സംവിധായകനെന്ന് പറഞ്ഞാണ് വിവേക് വിളിക്കുന്നത്. കല്യാണി ബോൾഡായ കഥാപാത്രമാണ്, ഈ സ്ത്രീയെ നോക്കുന്നവർ അമ്മോ എന്ന് പറയുന്ന തരത്തിലുള്ളതാണ് എന്നൊക്കെ പറഞ്ഞു. പിന്നീട് കോസ്റ്റ്യൂമിനെ കുറിച്ച് പറഞ്ഞു. ബ്ലൗസും മുണ്ടും മാത്രമേയുള്ളൂ. മേൽമുണ്ടില്ല.

പക്ഷേ താൻ അങ്ങനെ ചെയ്യാൻ ഒട്ടും കംഫർട്ടബിൾ അല്ലായിരുന്നു. തീരുമാനം നാളെ പറയാം എന്നാണ് വിവേകിനോട് പറഞ്ഞത്. പിന്നീട് രാത്രി താൻ ചിന്തിച്ചു, ഇന്ന് വരുന്നൊരു കഥാപാത്രം നാളെ നമുക്ക് കിട്ടില്ല. ഇവിടെ ആർക്കും ആരേയും ആവശ്യമില്ല. മഞ്ജു പിള്ളയേ ഇവിടെ ആർക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആൾക്കാർ വരുന്നുണ്ട്.


അങ്ങനെ ആലോചിച്ചതിന് ശേഷം വിവേകിനോട് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു. ‘വിവേകേ… ഞാൻ ആ കഥാപാത്രം ചെയ്യാം. എനിക്കൊരു കുഞ്ഞ് തോർത്ത് തരുമോ’ എന്ന്. ‘ഞാൻ ഇതുവരെ അങ്ങനെയൊരു ക്യാരക്ടർ ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ എന്റെ ഫുൾ കോൺസൻട്രേഷൻ വസ്ത്രത്തിലേക്ക് പോകും’ എന്ന് വിവേകിനോട് പറഞ്ഞു.

അങ്ങനെയൊരു കഥാപാത്രത്തെ വിവേക് കണ്ടിട്ടുണ്ട്. അവർ തോർത്ത് ഇടില്ല. ആ ലുക്കും ആ കഥാപാത്രത്തെയും മേൽമുണ്ട് ഇട്ട് താൻ തരാം, വിശ്വാസമുണ്ടെങ്കിൽ കല്യാണിയെന്ന കഥാപാത്രത്തെ തന്നെ ഏൽപിക്കണമെന്ന് പറയുകയായിരുന്നു എന്നാണ് മഞ്ജു പിള്ള പറയുന്നത്. ഡിസംബർ 2ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

Advertisement