ആശുപത്രിയിൽ വച്ച് മകൾ എന്റെ ചെവിയിൽ പറഞ്ഞത് ജീവിതത്തിൽ മറക്കില്ല: ബാല

ആശുപത്രിയിലെ ചികിത്സാ കാലത്ത് തനിക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറഞ്ഞ് നടൻ ബാല. ഗുരുതരമായ ആരോഗ്യാവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും ഒരു ഘട്ടത്തിൽ വെന്റിലേറ്റർ സഹായം നിർത്തലാക്കാമെന്നുപോലും കുടുംബാംഗങ്ങളോട് ആശുപത്രിയിൽ നിന്നും പറഞ്ഞിരുന്നുവെന്നും ബാല പറയുന്നു. സുഹൃത്തുക്കൾ ആര് ശത്രുക്കൾ ആര് എന്ന് മനസിലാക്കിയ ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ് പോയതെന്നും ആരോഗ്യപരമായി ഏറെ മെച്ചപ്പെട്ടുവെന്നും ബാല പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘‘ആശുപത്രിയിൽ ക്രിട്ടിക്കലായി കിടന്നപ്പോൾ മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആ​ഗ്രഹം. എന്റെ മനസ്സിൽ അവസാന നിമിഷങ്ങൾ ആയിരുന്നു അതൊക്കെ.

മകളെ കാണണം എന്നൊരു ആ​ഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഏത് ശാസ്ത്രത്തിനും മതത്തിനും നിയമത്തിനും അച്ഛനെയും മകളെയും പിരിക്കാനുള്ള അവകാശം ഇല്ല. ദൈവത്തിന് പോലും ഇല്ല. ആശുപത്രിയിൽ വച്ച് ഞാൻ പാപ്പുവിനെ(മകൾ) കണ്ടു, ഏറ്റവും മനോഹരമായ ഒരുവാക്ക് ഞാൻ കേട്ടു. ‘‘ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദിസ് വേൾഡ്’’, എന്നവൾ പറഞ്ഞു. ഇനിയുള്ള കാലം എപ്പോഴും അതെനിക്ക് ഓർമയുണ്ടാകും. അതിന് ശേഷം ഞാൻ കൂടുതൽ സമയം അവളുടെ കൂടെ ചിലഴിച്ചില്ല. കാരണം എൻറെ ആരോഗ്യം മോശമാകുക ആയിരുന്നു. അത് അവൾ കാണരുതെന്ന് എനിക്കുണ്ടായിരുന്നു.

എനിക്കും ഉണ്ണിക്കും വഴക്ക് ഉണ്ടായിരുന്നു. ഞാൻ അവനെ സഹോദരനായാണ് കാണുന്നത്. അവൻ ഓടി വന്നിരുന്നു. അതാണ് മനുഷ്യത്വം എന്ന് പറയുന്നത്. ലാലേട്ടൻ എല്ലാ ദിവസവും വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. എല്ലാവരും വന്നു. എന്റെ അവസാന നിമിഷം എന്നാണ് ഞാൻ എന്റെ മനസ്സിൽ കരുതിയത്. പക്ഷേ ഒരു ആഗ്രഹം ഉണ്ടായിരുന്നു. എന്റെ മകളെ കാണണം എന്നത്.

ആദ്യം അഡ്മിറ്റ് ആയപ്പോൾ നില ഗുരുതരം ആയിരുന്നു. മോൾ ഒക്കെ വന്നത് അപ്പോഴാണ്. സുഹൃത്തുക്കൾ ആരൊക്കെയാണ് എന്ന് കൃത്യമായി മനസിലാക്കാൻ കഴിഞ്ഞു. ഐസൊലേറ്റഡ് ഐസിയുവിൽ വന്ന ആളുകൾ ഉണ്ട്. ഞാൻ പിണക്കം കാണിച്ചിരുന്ന ആളുകൾ ആണ് ആദ്യമേ ഓടിച്ചാടി എന്റെ അടുത്തുവന്നത്. അതേസമയം ഞാൻ സീരിയസ് ആയി കിടന്നപ്പോൾ എന്റെ അടുത്ത് സഹായം തേടി വന്നിട്ട് ഞാൻ ആശുപത്രിയിൽ ആയപ്പോൾ കൊടുത്ത സഹായത്തിന്റെ പേരിൽ നുണ പറഞ്ഞ ആളുകളും ഉണ്ട്.

എനിക്ക് ഇത് സംഭവിക്കുമെന്ന് ആരും കരുതിയില്ല. അവസ്ഥ മോശമായപ്പോൾ ഡോണറോട് പോലും വരേണ്ടെന്ന് പറഞ്ഞു. വിദേശത്ത് ഉള്ളവർ പോലും ഉടനെ എത്തി. മുന്നോട്ട് പോകുന്നത് പ്രയാസമാണെന്ന് ഡോക്ടർ ചേട്ടനോടും ചേച്ചിയോടും പറഞ്ഞു. അവർക്ക് എന്ത് തീരുമാനിക്കണമെന്ന് അറിയാത്ത അവസ്ഥ. ഡോക്ടറോട് എന്റെ ചേച്ചി ചോദിച്ച ഒരു ചോദ്യം മുതൽ കാര്യങ്ങൾ മാറി തുടങ്ങി. ‘‘നിങ്ങളുടെ സഹോദരനാണെങ്കിൽ ഈ അവസ്ഥയിൽ നിങ്ങൾ എന്ത് ചെയ്യു’’മെന്ന് ചേച്ചി ചോദിച്ചപ്പോൾ, ഡോക്ടർ പറഞ്ഞു ‘‘മനസമാധാനമായി വിട്ടേക്കുമെന്ന്’’. കാരണം തിരിച്ച് വന്നാലും മുഴുവൻ രൂപത്തിൽ വരുമോയെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. അതിനാൽ അദ്ദേഹത്തെ സമാധാനത്തിൽ പോകാൻ അനുവദിക്കുമെന്നും ഡോക്ടർ പറഞ്ഞു.

നിങ്ങൾ പറ‍ഞ്ഞാൽ വെന്റിലേറ്റർ ഓഫ് ചെയ്യാമെന്നും ഡോക്ടർ ചേച്ചിയോട് പറഞ്ഞു. അവർ ഒന്നുകൂടി ആലോചിക്കാൻ ഒരു മണിക്കൂർ സമയം ചോദിച്ചു. ഡിസ്കസ് ചെയ്തിട്ട് ഫോർമാലിറ്റി കഴിഞ്ഞ് പബ്ലിക്കിനെ അറിയിക്കാമെന്ന് അവർ കരുതി. അവർ ചോദിച്ച ഒരു മണിക്കൂറിൽ അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും എനിക്ക് മാറ്റം വന്ന് തുടങ്ങി. അരമണിക്കൂറിൽ നടന്ന ദൈവത്തിന്റെ അദ്ഭുതം. ജീവിതത്തിലേക്ക് തിരികെ വരാൻ സാധിച്ചു. ചെറിയ ഹോപ്പ് വന്നു. ശേഷം ഓപ്പറേഷൻ. 12 മണിക്കൂർ എടുത്തു.

ഓപ്പേറഷൻ കഴിഞ്ഞപ്പോൾ എല്ലാം കോമഡി ആയിരുന്നു. പ്രത്യേകിച്ച് എടുത്തു പറയേണ്ടത് മുന്നയെ കുറിച്ചാണ്. ഡോണർ ആയി വന്നത് ജേക്കബ് ജോസഫ് ആണ്. നിങ്ങൾ ചോദിക്കുന്നത് കൊണ്ട് പറയുന്നത് ആണ്. ഡോണേഴ്സ് വന്നതിലും ന്യായപരമായ കാര്യങ്ങൾ ഇല്ല. അതിൽ പറ്റിക്കുന്ന ആളുകൾ ഉണ്ട്. പക്ഷേ നൂറു ശതമാനം മാച്ചിൽ എന്നെ സ്നേഹിക്കുന്ന ഒരാൾ വന്നു. പുള്ളി മാത്രം അല്ല അദ്ദേഹത്തിന്റെ കുടുംബം മുഴുവനും എന്നെ സ്നേഹിച്ചു. ഇപ്പോഴും ഞായറാഴ്ചകളിൽ അവരുടെ വീട്ടിൽ ഇരുന്നു ഭക്ഷണം കഴിക്കാറുണ്ട്.

ഞാൻ രാജാവിനെ പോലെ തന്നെ ജീവിച്ച ആളാണ്. അതിൽ ഒന്നും പശ്ചാത്താപം ഇല്ല. റിട്ടയർ ആകാം എന്ന് വിചാരിച്ചതാണ്. കട്ടിലിൽ കിടക്കുമ്പോൾ ഒരേ പൊസിഷനിൽ മാത്രമേ കിടക്കാൻ ആകൂ. തിരിയാൻ ഒന്നും ആകില്ലായിരുന്നു. നാല് മണിക്കൂർ ഉറങ്ങി എന്ന് തോന്നും പക്ഷേ ആകെ ഉറങ്ങിയത് പത്തു മിനിറ്റ് ആകും. 24 മണിക്കൂർ പോവുക ബുദ്ധിമുട്ടായിരുന്നു. എന്തുകൊണ്ട് ഇത് ബാധിച്ചു എന്നുള്ളത് എന്റെ മനസ്സിന് വ്യക്തമായി അറിയാം. എന്റെ ഡോക്ടറിനും അതിന്റെ സത്യം അറിയാം. ഞാൻ അത് പറയുന്നില്ല, കാരണം അത് വിവാദങ്ങൾ ഉണ്ടാക്കും. ഞാൻ അത് പറഞ്ഞാൽ ഒരുപാട് ആളുകളുടെ പേരുകൾ പറയേണ്ടി വരും. ഒന്നു മാത്രം പറയാം തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അതും എന്നെ പോലെ ഒരാളോട് തെറ്റ് ചെയ്തെങ്കിൽ അത് അവർ അനുഭവിക്കും.എനിക്ക് കൊടുക്കാൻ ആകില്ല കാരണം ഞാൻ മനുഷ്യൻ ആണ്. ദൈവം കൊടുത്താൽ അത് ഭയാനകം ആണ്.

ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു ദൈവം ആണ് എന്നെ ഇവിടെ വരെ എത്തിച്ചതെന്ന്. ഒരിക്കൽ പോലും എന്റെ വിഷമങ്ങളിൽ ദൈവത്തെ ഞാൻ കുറ്റപെടുത്തിയില്ല. നമ്മൾക്ക് ഒരു അനുഭവം വന്നാൽ നമ്മൾ കാണുന്ന കാഴ്ച തന്നെ മാറിപ്പോകും. ഓരോരുത്തരോട് സംസാരിക്കുന്ന രീതിയും ചിന്താഗതിയും മാറിപ്പോകും. എനിക്ക് വരുന്ന പല മെസേജുകളിലും ഞാൻ ഡ്രഗ്സ് യൂസ് ചെയ്യരുത് എന്നാണ് സൂചിപ്പിക്കുന്നത്. ഞാൻ അതിനു റിപ്ലൈ കൊടുത്തിട്ടില്ല. കാരണം എന്നെ അറിയുന്നവർക്ക് അറിയാം, അതിന്റെ സ്പെല്ലിങ് പോലും എനിക്ക് അറിയില്ല എന്ന്.

ദൈവം തിരിച്ചുകൊണ്ടുവന്നു. രണ്ടുമൂന്നു പടങ്ങൾ സൈൻ ചെയ്തു കഴിഞ്ഞു. അടുത്ത മാസം ഷൂട്ടിങ് തുടങ്ങും. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവം ആണ് ട്രാൻസ്‌പ്ലാന്റ് ചെയ്തത്. ആറുമാസം എടുക്കും റിക്കവർ ആകാൻ. പക്ഷേ ഞാൻ നാൽപ്പതു ദിവസം കൊണ്ട് റിക്കവർ ആയി. ഡോക്ടർ തന്നെ ഇക്കാര്യം പറഞ്ഞു. നിങ്ങൾ എന്ത് ചെയ്തിട്ടാണ് ഇത്ര വേഗം റിക്കവർ ആയത് എന്ന്, എനിക്ക് അറിയില്ല ഞാൻ കുറെ പാല് കുടിച്ചു എന്നാണ് പറഞ്ഞത്.’’–ബാല പറഞ്ഞു.

Advertisement