ജീവിതത്തിലെ പുതിയ വിശേഷങ്ങൾ പങ്കിട്ട് ജഗതിയുടെ മകൾ ശ്രീലക്ഷ്മി

ശ്രീലക്ഷ്മി ശ്രീകുമാറെന്ന പേര് മലയാളികൾക്ക് സുപരിചിതമാണ്. നടി, നർത്തകി, മുൻ ബിഗ് ബോസ് താരം, അതിലെല്ലാമുപരി മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ മകൾ. 2019ൽ പൈലറ്റായ ജിജിനുമൊത്ത് വിവാഹം കഴിഞ്ഞതോടെ മനോഹരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് ശ്രീലക്ഷ്മി. ഇരുവർക്കും കൂട്ടായി അർഹാം ജിജിൻ എന്ന കുഞ്ഞു മകന്റെ വരവോടെ പ്രിയമേറിയ യാത്രകൾക്ക് താൽകാലിക ഇടവേള നൽകിയിരിക്കുകയാണ് ശ്രീലക്ഷ്മിയും ജിജിനും.

കഴിഞ്ഞ അഞ്ചുവർഷമായി യുഎഇയിലാണ് ശ്രീലക്ഷ്മി. അവിടെ ആർ.ജെയായി ജോലി ചെയ്യുന്ന ശ്രീലക്ഷ്മി. ലൂമിനസ് ബൈ ശ്രീ എന്ന ഇൻസ്റ്റഗ്രാം പേജ് വഴി ജ്വല്ലറി വർക്കുകൾ ‍ആളുകളിലേക്ക് എത്തിക്കുന്ന ചെറിയ ബിസിനസ് സംരംഭവും നടത്തുന്നു. മുൻ കലാതിലകം കൂടിയായ ശ്രീലക്ഷ്മി പ്രഗ്നൻസിയുമായി ബന്ധപ്പെട്ട് നൃത്തത്തിനൊക്കെ ചെറിയ ഇടവേള നൽകിയതായിരുന്നു. അഭിനയരംഗത്തേക്ക് തത്ക്കാലം ഇല്ലെന്നു പറയുന്നെങ്കിലും ഇപ്പോൾ വീണ്ടും നൃത്തം ആരംഭിച്ചിട്ടുണ്ട്. ഇടവേളയ്ക്കുശേഷമുളള യാത്രാ സ്വപ്‌നങ്ങളും… മുൻ യാത്രാ അനുഭവങ്ങളും ശ്രീലക്ഷ്മി പങ്കുവയ്ക്കുന്നു.

യാത്രകളെ ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് ശ്രീലക്ഷ്മിയും ഭർത്താവ് ജിജിനും. ജിജിന് യാത്രകളോടുളള ഇഷ്ടം തന്നെ അപേക്ഷിച്ച് ഒരു പടികൂടി ഉയരുമെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. യാത്രകൾ മാത്രമല്ല ഇരുവരും ഒരേപോലെ ഭക്ഷണപ്രിയരുമാണ്. വിവാഹത്തിനു മുൻപ് ഒരുപാട് സ്ഥലങ്ങളിൽ യാത്രചെയ്യാൻ സാധിച്ചിട്ടുണ്ട്.

പ്രകൃതിഭംഗിയേറിയ സ്ഥലങ്ങൾ, കുന്നുകൾ, നാട്ടുപ്രദേശങ്ങൾ വയലോരങ്ങൾ.. ഇതൊക്കെയാണ് ശ്രീലക്ഷ്മിയ്ക്ക് കാണാനും ആസ്വദിക്കാനും കൂടുതൽ ഇഷ്ടം. ഹൈടെക് സിറ്റി യാത്രകളേക്കാൾ ജിജിനും ഇഷ്ടം ഇത്തരത്തിലുളള യാത്രകളാണ്. അതുകൊണ്ടുതന്നെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ വിരുന്നൊരുക്കുന്ന വിയറ്റ്‌നാമിലേക്ക് യാത്ര പ്ലാൻ ചെയ്യുകയാണ് ഇരുവരും. കാടും മണൽപ്പരപ്പും പുൽമേടുകളുമമെല്ലാം നിറഞ്ഞ വിയറ്റ്‌നാം ദ്വീപുകളുടെ സൗന്ദര്യം ആസ്വദിക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ.

കേരളത്തിലെ പ്രകൃതിയും മനോഹാരിതയും ഒന്ന് വേറെതന്നെയാണ്. അത് ആസ്വദിക്കാൻ വേണ്ടത്ര അവസരം കിട്ടിയിട്ടുണ്ട്. കാസർകോ‍ട് ഒഴിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും യാത്രചെയ്യാനും താമസിക്കാനുമെല്ലാം സാധിച്ചിട്ടുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു.കേരളത്തിന് പുറമെ തമിഴ്‌നാട,് മഹാരാഷ്ട്ര, ഗുജറാത്ത് തെലങ്കാന, കർണാടക ഒക്കെ യാത്ര ചെയ്ത ലിസ്റ്റിലുള്ള സംസ്ഥാനങ്ങളാണ്.

‘പോയതിൽ ഇഷ്ടപ്പെട്ട രണ്ട് സ്ഥലങ്ങൾ ഒന്ന് ഗുജറാത്തിലെ പോർബന്ദറും മറ്റൊന്ന് ഹൈദരാബാദുമാണ്. പോർബന്ദറിൽ മഹാത്മാഗാന്ധിയുടെ ആശ്രമമൊക്കെ കണ്ടു. വളരെ ശാന്തതയും സമാധാനവും നിറഞ്ഞ അന്തരീക്ഷമാണ് അവിടെ. അതുപോലെ വിശ്രമമില്ലാതെ യാത്രപോയ സ്ഥലമാണ് ഹൈദരാബാദ്. ഒരുമിനിറ്റ് ഇരിക്കാതെ കറക്കമായിരുന്നു. ചാർമിനാർ, ഫിംലിം സ്റ്റുഡിയോകൾ, പോപ്പുലറായ ബിരിയാണി സ്‌പോട്ടുകൾ, ഷോപ്പിങ് സ്ഥലങ്ങൾ ഒക്കെ കറങ്ങി.’ ശ്രീലക്ഷ്മി പറയുന്നു.

വിമാനം പറക്കുന്നത് കാണുമ്പോഴും വിമാനത്തിൽ കയറിയ കഥകൾ കൂട്ടുകാർ പറയുമ്പോഴുമെല്ലാം അതിൽ കയറണമെന്നത് ശ്രീലക്ഷ്മിയുടെ കുട്ടിക്കാലത്തെ വലിയ സ്വപ്‌നമായിരുന്നു. അമ്മയും പപ്പയും വളരെ സ്ട്രിക്ട് ആയതുകൊണ്ടുതന്നെ ക്ലാസ് ഒഴിവാക്കി യാത്രകൾ പോകുകയെന്നത് ഉണ്ടായിട്ടേയില്ല. പിന്നെ പപ്പയുടെ തിരക്കിനിടയിൽ വീണുകിട്ടുന്ന ഒഴിവു സമയത്ത് മിക്കപ്പോഴും വെക്കേഷൻ സമയങ്ങളിലാണ് യാത്രകൾ പോകാറെന്ന് പറയുന്നു ശ്രീലക്ഷ്മി.

പോയതിൽ മനസ്സിൽ ചേർത്തുവയ്ക്കുന്ന ഒരു യാത്രയാണ് ചെന്നൈ യാത്ര. ആദ്യമായി വിമാനത്തിൽ കയറുന്നത് ആ യാത്രയിലാണ്. പപ്പയുടെയും അമ്മയുടേയും കൂടെ അടിച്ചുപൊളിച്ച ദിവസങ്ങൾ. നല്ല ചെന്നൈ ഭക്ഷണമൊക്കെ കഴിച്ച് ബീച്ചിലൊക്കെ പോയി. ആ യാത്ര തനിക്കെന്നും പ്രിയപ്പെട്ടത്. പപ്പയോടൊപ്പമുളള യാത്രകളിൽ ഇഷ്ടപ്പെട്ട മറ്റൊരു യാത്ര ബോംബെ യാത്രയാണ്. ‘സ്ട്രീറ്റ് ഫുഡ് ഇഷ്ടപ്പെടുന്ന ആളല്ല പപ്പ. ചോറ് മീൻകറി, തൈര് ചോറ് ഇതൊക്കെയാണ് കൂടുതൽ ഇഷ്ടം. എന്നാൽ എനിയ്ക്ക് വേണ്ടി, സ്ട്രീറ്റിൽ പോയി. വടാപാവ് പാനിപുരി ഒക്കെ വാങ്ങിതരും.’ ഇനിയൊരു അവസരമുണ്ടെങ്കിൽ പപ്പയെയും കൂട്ടി ഹവായ് ദ്വീപുകളിൽ പോകണമെന്ന ആഗ്രഹമെന്നും ശ്രീലക്ഷ്മി പറയുന്നു.

അമ്മയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലമാണ് സിംഗപ്പൂർ. അമ്മയുമൊത്ത് ഒരുപാട് തവണ അവിടെ പോകാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തനിയ്ക്കും പ്രിയപ്പെട്ട സ്ഥലം സിംഗപ്പൂരാണെന്ന് ശ്രീലക്ഷ്മി പറയുന്നു. കേരളം പോലെ ഒരുപാട് പച്ചപ്പുളള സ്ഥലം. അവിടെ യൂണിവേഴ്‌സൽ സ്റ്റുഡിയോ, സൂ, സഫാരി പാർക്ക് ഒക്കെ വളരെയിഷ്ടമായി. ഇഷ്ടപ്പെട്ട മറ്റൊരുസ്ഥലം മലേഷ്യയാണ്.

ഏറെ സുഹൃത്തുക്കളുള്ള യുഎഇയും ഒമാനും യാത്രകൾക്ക് ഏറെ പ്രിയങ്കരം. ആദ്യമായി ട്രെക്കിങ് ചെയ്തത് ഒമാനിലാണ്. വെക്കേഷൻ മൂഡ് ഫീൽ ചെയ്യുന്നത് ഒമാനിലാണെങ്കിൽ തന്റെ വളർത്തുനാടാണ് യുഎഇ എന്നു പറയുന്നു ശ്രീലക്ഷ്മി. യാത്രപോയാൽ മതിയാവോളം ആസ്വദിക്കുക അവിടെ ആവുന്നത്ര കാഴ്ചകൾ കാണുക എന്നതാണ് ശ്രീലക്ഷ്മിയുടെ രീതി. വീണ്ടും അതേ സഥലത്തേയ്‌ക്കൊരു യാത്ര ഉണ്ടാവണമെന്നില്ല. അതുകൊണ്ടുതന്നെ ഓരോ യാത്രയും പരമാവധി ഉപയോഗപ്പെടുത്തും. യാത്രകളിൽ പൂർണസംതൃപ്തയായാണ് തിരികെവരിക. അതുകൊണ്ട് പോയ സ്ഥലങ്ങളിൽ വീണ്ടും പോകണമെന്ന് തോന്നാറില്ല. ഇനിയും ഒരുപാട് നാടുകൾ കാണാനുണ്ട്. കാണാത്തവ കാണണമെന്നേ തോന്നാറുളളൂ.

റിസ്‌കി, അഡ്വഞ്ചറസ് യാത്രകളൊന്നും ശ്രീലക്ഷ്മി സാധാരണ തിരഞ്ഞെടുക്കാറില്ല. സേഫ് സോണിൽ നിന്നുളള യാത്രകളാണ് പ്ലാൻ ചെയ്യാറ്. അൽപം റിസ്‌കിയായി പോയത് ഒമാനിലെ അഡ്വഞ്ചർ ട്രെക്കിങ്ങായിരുന്നു, കൂട്ടുകാരുമൊന്നിച്ചാണ് ശ്രീലക്ഷ്മി വാദിയിലേക്ക് യാത്ര പോയത്.

ഏതാണ്ട് 10 കിലോമീറ്ററോളം മലമ്പ്രദേശത്തൂടെ നടന്ന് ചെന്നെത്തിയത് തെളിഞ്ഞ തടാകവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും കൊണ്ട് നിറഞ്ഞ പ്രദേശത്തായിരുന്നു. ചിത്രങ്ങൾക്ക് പകർത്താനാകാത്ത മനോഹാരിത നിറഞ്ഞ സ്ഥലം.

ഒന്ന് സമാധാനത്തോടെ ഇരിക്കാൻ, മനസ്സ് ശാന്തമാക്കാൻ യാത്രകൾ പോകുന്ന ശീലം ശ്രീലക്ഷ്മിക്കും ജിജിനുമുണ്ട്. അതിനായി അവർ തിരഞ്ഞെടുക്കുന്നത് പ്രകൃതിരമണീയമായ സ്ഥലങ്ങളാണ്.

യുഎയിലെ ഹത്ത, ഫുജൈറ, റാസൽഖൈമ ഒക്കെ ഇത്തരത്തിൽ മനോഹരമായ സ്ഥലങ്ങളാണ്. അവിടെയൊക്കെ യാത്ര പോവുകയും ചിലപ്പോൾ രണ്ടുദിവസം നിന്ന് തിരികെ വരികയും ചെയ്യും. സ്വിറ്റ്‌സർലൻഡും ഗ്രീസുമാണ് ശ്രീലക്ഷ്മിയുടെ ഡ്രീം ഡെസ്റ്റിനേഷൻ. കുഞ്ഞിനെയും കൊണ്ട് കംഫർട്ടബിളായി പോകാനാകുന്ന സമയത്ത് ആ യാത്രകൾ നടത്തണമെന്ന തീരുമാനത്തിലാണ് ശ്രീലക്ഷ്മി.

Advertisement