വ്യാജ വീസ നൽകി സ്പെയിനിലേക്ക് മനുഷ്യക്കടത്ത്; രണ്ടുപേർ പിടിയിൽ

കൊച്ചി: വ്യാജ വീസ നൽകി സ്പെയിനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്തു നടത്തി വന്ന സംഘാംഗങ്ങൾ അറസ്റ്റിൽ. കാസർകോട് ആലക്കോട് കുന്നേൽ ജോബിൻ മൈക്കിൾ (35), പാലക്കാട് കിനാവല്ലൂർ മടമ്പത്ത് പൃഥ്വിരാജ് കുമാർ(47) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികൾ നൽകിയ വ്യാജ വീസയുമായി യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂർ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിൻ ബാബു എന്നിവരെ സ്പെയിനിൽ പിടികൂടി ഇന്ത്യയിലേക്കു കയറ്റിവിട്ടിരുന്നു.

നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ഇവരെ എമിഗ്രേഷൻ വിഭാഗം നെടുമ്പാശേരി പൊലീസിനു കൈമാറി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വീസ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. കേസ് ഏറ്റെടുത്ത അന്വേഷണ സംഘം മനുഷ്യക്കടത്തിന്റെ ഏജന്റുമാരെ തിരിച്ചറിഞ്ഞു നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ വലയിലായത്. പ്ലസ്ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇവർ ആറു ലക്ഷം രൂപ സംഘത്തിനു നൽകിയാണ് ഷെങ്കൻ വീസ സംഘടിപ്പിച്ചത്. ഇതു വ്യാജ വീസയാണ് എന്ന വിവരം അറിയാതെ ഇവിടെ നിന്നു കയറിപ്പോയി അവിടെ ഇറങ്ങാൻ ശ്രമിച്ചെങ്കിലും അധികൃതർ പിടികൂടി. തുടർന്നാണ് ഡീപോട്ട് ചെയ്തത്.

യൂറോപ്പ്യൻ രാജ്യങ്ങളിലേയ്ക്കു ജോലിക്കു പോകുന്നതിനു വീസ ലഭിക്കാൻ മതിയായ വിദ്യാഭ്യാസ യോഗ്യതയും നടപടിക്രമങ്ങളും ഉണ്ടെന്നിരിക്കെയാണ് പ്രതികൾ വ്യാജ വീസ തയാറാക്കി ഇവരിൽ നിന്നു പണം തട്ടിയത്. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവർക്കു യൂറോപ്യൻ രാജ്യങ്ങളിൽ വർക്ക് വീസ ലഭിക്കാൻ സാധ്യത ഇല്ലെന്നിരിക്കെയാണ് ഇവരുടെ അറിവില്ലായ്മ ഉപയോഗപ്പെടുത്തി പണം തട്ടിയത്. വിദ്യാഭ്യാസ യോഗ്യത കുറുവുള്ളവർക്കു വ്യാജവീസ സംഘടിപ്പിച്ചു നൽകി യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കു കയറ്റി വിടുന്നതാണ് ഇവരുടെ പതിവ്. ‌

കേസിലെ മുഖ്യ പ്രതി ജോബിൻ മൈക്കിളിനെ കാസർകോഡു നിന്നും പൃഥ്വിരാജിനെ പാലക്കാടു നിന്നുമാണ് പൊലീസ് പിടികൂടിയത്. ഡിവൈഎസ്പി ആർ. രാജീവ്, എസ്ഐ ടി.എം.സൂഫി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വ്യാജ വീസ നൽകുന്ന ഏജന്റുമാർക്കെതിരെ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Advertisement