ജയ വ്യാജമല്ല.!

.ദീപക് അനന്തന്‍

ആന്ധ്രയിലെ ജയ അല്ല.,വെള്ളിത്തിരയിലെ ജയ ജയ ജയ ജയഹേ ഒറിജിനലാണ്. വരണമാല ഒരു തല്ലുമാല അല്ലെന്ന പ്രഖ്യാപനമാണ് ഈ സിനിമ.ഭാര്യയെ സ്നേഹിക്കുന്നവർ പ്രസ്റ്റീജ് വേണ്ടെന്ന് പറഞ്ഞാലും ഭാര്യയെ തല്ലുന്നവർ തീർച്ചയായും ഈ സിനിമ കാണണം. കൊല്ലം,ക്ളോക്ക്ടവർ,ബെൻസിഗർ,എഴുത്താണി,ജയശ്രീഹോട്ടൽ,അണ്ടിയാപ്പീസ് റൂട്ടിലോടുന്ന ഒരു സിംപിൾ കഥ.

കെട്ടിച്ചു വിട്ടാൽ അതോടെ പെണ്ണിനെ കൊണ്ടുളള ശല്യം തീർന്നു എന്നു വിശ്വസിക്കുന്ന തിരുവിതാംകൂർ- കൊല്ലം കല്യാണസങ്കൽപ്പങ്ങളുടെ മണ്ടയ്‌ക്കുള്ള അടിയാണ് പടം.കശുമാങ്ങയുടെ അണ്ടി പറിച്ചെടുക്കുന്ന ലാഘവത്തിൽ ആൺകോയ്മയുടെ സകല പരിപ്പും ചുട്ടുതല്ലി പുറത്തിടുന്നുണ്ട് സിനിമ.ബേസിലും ദർശനയും സ്വാഭാവികം.കയ്യടി മുഴുവൻ അമ്മ വേഷമണിഞ്ഞ കുടശ്ശനാട് കനകം എന്ന സ്റ്റേജ് ആർട്ടിസ്റ്റ് ചാക്കിൽ കെട്ടി കൊണ്ടുപോയി.കെ.പി.എ.സി ലളിതയുടെ ഗ്യാപ്പ് ഏറെക്കുറെ ഫില്ലായി വരുന്നുണ്ട്.ബേസ് ലെസ്സായ കോടതി രംഗങ്ങൾ കല്ലുകടിയാണ്.കോടതിയിൽ ഒരു പെറ്റിയടക്കാനെങ്കിലും സിനിമക്കാർ പോകണം എന്ന് പതിവുപോലെ ഈ സിനിമയും തെളിയിക്കുന്നു.

ദാമ്പത്യജീവിത്തിലെ കലഹങ്ങൾ സിനിമയിലെ പോലെ സംയമനം നിറഞ്ഞ ചതുരവടിവിൽ ആകില്ല എന്നത് ഒരു സത്യമാണ്.അടി കടന്ന് ആളെ തട്ടുന്ന ലെവലിലേക്ക് പോകുന്ന പകനിറഞ്ഞ യഥാർഥ ദാമ്പത്യലോകത്ത് ജയയുടെ ദുഃഖം കണ്ടപ്പോൾ,ഇതൊക്കെ അങ്ങ് സഹിച്ചൂടേ എന്ന് ചിന്തിച്ച് ഊറിച്ചിരിച്ച ഓൾഡ് മങ്കുകൾ ഉണ്ടാകാം.എന്നാൽ അടിച്ച വഴിയേ പോകുന്നവരല്ല ന്യൂജെൻ എന്നിടത്താണ് ഈ സിനിമയുടെ പ്രസക്തി.നാട്ടുകാരനും സുഹൃത്തുമായ ജോൺകുട്ടിയാണ് എഡിറ്റിംഗ്.പടം കണ്ടിരിക്കാം.,കേറി അഭിനയിക്കണമെന്നില്ല.,കാരണം സ്ക്രീനിലെ ആ കാണുന്ന വെള്ളയുടെ നടുവിലോടുന്ന കഥാപാത്രങ്ങളുണ്ടല്ലോ., അത് ഞമ്മളാണ്.!

സെവൻ സ്റ്റാറും ഫൈവ് സ്റ്റാറും ഒന്നുമല്ല ജയ.പക്ഷ കഴുകി അടുപ്പത്തിട്ട അരി പോലെ തിളയ്ക്കുന്ന കുറെ സത്യങ്ങൾ ഈ സിനിമയിലുണ്ട്.,സന്ദേശങ്ങളും. വിവാഹജീവിതത്തിലെ സമത്വഭാവനയെ ഉദ്ഘോഷിക്കുന്ന താത്വിക അവലോകനമല്ല.,ഭാര്യയ്ക്കും ഒരു ഹൃദയമുണ്ടെന്ന ദർശനം.
അതാണ് ജയ.!

Advertisement