‘ബിഗ്ബി ദൈവ തുല്യന്‍’; 60 ലക്ഷം മുടക്കിവീടിന് മുന്നില്‍ പ്രതിമ സ്ഥാപിച്ച് ആരാധകന്‍

ഇന്ത്യന്‍ സിനിമയുടെ ബിഗ്ബി അമിതാഭ് ബച്ചന്‍ ഏറെ ആരാധക പ്രീതിയുള്ള വ്യക്തിത്വമാണ്. ബച്ചനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പ്രതിമ വീടിനുമുന്നില്‍ സ്ഥാപിച്ചിരിക്കുകയാണ് ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ഇന്ത്യന്‍ -അമേരിക്കന്‍ കുടുംബം. ന്യൂജേഴ്‌സിയിലെ എഡിസണ്‍ സിറ്റിയില്‍ താമസിക്കുന്ന ഗോപി സേതും കുടുംബവുമാണ് തങ്ങളുടെ പ്രിയപ്പെട്ട ബിഗ്ബിയുടെ പ്രതിമ വീടിനു മുമ്പില്‍ സ്ഥാപിച്ചത്.
ഗോപി സേതിന്റെ വീടിനുമുന്നില്‍ ഒരു ഗ്ലാസ് ബോക്സിന് ഉള്ളിലായിട്ടാണ് അമിതാഭ് ബച്ചന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയുടെ അനാച്ഛാദനം കാണുന്നതിനായി 600ഓളം പേരാണ് എത്തിയത്. പടക്കം പൊട്ടിച്ചും ഡാന്‍സ് കളിച്ചുമാണ് പരിപാടി ഇവര്‍ ആഘോഷമാക്കിയത്.
79കാരനായ സേത് ഗുജറാത്തിലെ ഗാഹോഡില്‍ നിന്ന് 1990ലാണ് യുഎസില്‍ എത്തുന്നത്. പ്രതിമയെക്കുറിച്ച് അമിതാഭ് ബച്ചന് അറിയാമെന്നാണ് സേത് പറയുന്നത്. ഇതിനൊന്നും താന്‍ അര്‍ഹനല്ലെന്നും എന്നാല്‍ ഇത് ചെയ്യുന്നതില്‍ നിന്ന് തടയില്ലെന്നും ബിഗ് ബി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. റിയാലിറ്റി ഷോ ആയ കോന്‍ ബനേക ക്രോര്‍പതി സ്‌റ്റൈലില്‍ ഇരിക്കുന്ന അമിതാഭ് ബച്ചനെയാണ് പ്രതിമയില്‍ കാണുന്നത്. രാജസ്ഥാനില്‍ നിര്‍മിച്ച പ്രതിമ യുഎസിലേക്ക് എത്തിക്കുകയായിരുന്നു. ഇതിനായി 60 ലക്ഷം രൂപയാണ് സേത് ചെലവാക്കിയത്.
1991ല്‍ ന്യൂജേഴ്‌സിയിലെ നവരാത്രി ആഘോഷങ്ങള്‍ക്കിടയിലാണ് തന്റെ ദൈവത്തെ ആദ്യമായി നേരില്‍ കാണുന്നതെന്ന് ഗോപി സേത് പറയുന്നു. അന്നുമുതല്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി. അമിതാഭ് ബച്ചന്‍ തനിക്കും തന്റെ ഭാര്യക്കും ദൈവ തുല്യനാണ്. അമിതാഭ് ബച്ചന്റെ വെള്ളിത്തിരയിലെ ജീവിതം മാത്രമല്ല, അദ്ദേഹത്തിന്റെ യഥാര്‍ഥ ജീവിതവും തന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. വളരെ എളിമയുള്ള മനുഷ്യനാണ്. തന്റെ ആരാധകരെ കുടുംബമായി കണക്കാക്കുന്നു. ബച്ചന്‍ മറ്റ് താരങ്ങളെപൊലെയല്ലെന്നും അതുകൊണ്ടാണ് വീടിനുമുന്നില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചതെന്നും ഇന്റര്‍നെറ്റ് സുരക്ഷ ജീവനക്കാരനായ സേത് വ്യക്തമാക്കി.

Advertisement