ഇന്ത്യയുടെ വിജയത്തിന് ശേഷം ദേശീയ പതാക പിടിക്കാന്‍വിസമ്മതിച്ച് ജയ് ഷാ; വിമര്‍ശനവുമായി പ്രതിപക്ഷം

ദുബായ്: ക്രിക്കറ്റ് ലോകം ആവേശത്തോടെ കണ്ട ഇന്ത്യ-പാക് പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 148 റണ്‍സ് വിജയലക്ഷ്യം 2 പന്ത് ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് ഷോയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം 17 പന്തില്‍ പുറത്താവാതെ 33 റണ്‍സും നേടിയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പിയായി മാറിയത്.
2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്താനോടുള്ള പ്രതികാരമെന്ന നിലയില്‍ ഇന്ത്യയുടെ ജയം വളരെയധികം ആഘോഷിക്കപ്പെട്ടു. ഗ്യാലറി ഇളകി മറിഞ്ഞ് ഇന്ത്യയുടെ ജയം ആഘോഷമാക്കി മാറ്റി. എന്നാല്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം ഗ്യാലറയിലുണ്ടായിരുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇന്ത്യയുടെ ദേശീയ പതാക കൈയിലേന്താന്‍ വിസമ്മതിച്ചത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജയ് ഷാക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ദേശീയ പതാക നിരാകരിക്കുന്നത് രാജ്യത്തെ ജനതയോടുള്ള അവഹേളനമാണ് എന്നാണ് വിമര്‍ശനം. ‘ധൂര്‍ത്തനായ രാജകുമാരന് ദേശാഭിമാനത്തെ കുറിച്ച് അറിയില്ല’ എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ വിമര്‍ശനം.

Advertisement