കോൺ​ഗ്രസിന് ആശ്വാസം; തത്ക്കാലം പുതിയ പാർട്ടി പ്രഖ്യാപനമില്ല

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസമായി, പുതിയ പാർട്ടി പ്രഖ്യാപനത്തിൽ നിന്നും സച്ചിൻ പൈലറ്റ് തല്ക്കാലം പിന്മാറി.ദൗസയിലെ രാജേഷ് പൈലറ്റ് അനുസ്മരണസമ്മേളനത്തിൽ ആയിരങ്ങളെ അണിനിരത്തി സച്ചിൻ പൈലറ്റ് കരുത്ത് കാട്ടി.അഴിമതിക്ക് രാഷ്ട്രീയത്തിൽ ഇടമില്ലെന്നും,സംശുദ്ധ രാഷ്ട്രീയത്തിന് വേണ്ടിയുള്ള തന്റെ ശ്രമങ്ങൾ ഒരു വർഷത്തിനകം ഫലം കാണുമെന്നു സച്ചിൻ പറഞ്ഞു.

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുന്ന അഭ്യൂഹങ്ങൾക്കിടെ, രാജസ്ഥാനിലെ
ധൗസയിലെ, ഭണ്ടാണയിൽ രാജേഷ് പൈലറ്റ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ സച്ചിൻ പൈലറ്റ്, പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തു.

ദൗസ നഗരത്തിൽ ഗുജ്ജർ ഹോസ്റ്റലിൽ രാജേഷ് പൈലറ്റിന്റെ പൂർണ്ണകായ പ്രതിമ അനാചാദനം ചെയ്ത സച്ചിൻ പൈലറ്റ്, അവിടെവച്ചാണ് അണികളെ അഭിസംബോധന ചെയ്തത്.

അനുസ്മരണ ചടങ്ങിൽ രാഷ്ട്രീയം പറയില്ലെന്ന ആമുഖത്തോടെ തുടങ്ങിയ സച്ചിൻ, എന്നാൽ വസുന്ധര രാജെ സിന്ധ്യക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ചു.

ആരെയെങ്കിലും അപകീർത്തിപ്പെടുത്താനല്ല തന്റെ ആവശ്യങ്ങൾ മുന്നോട്ട് വച്ചത് എന്നും സച്ചിൻ പറഞ്ഞു.

സംശുദ്ധ രാഷ്ട്രീയത്തിനും യുവാക്കൾക്കും വേണ്ടിയുള്ള തന്റെ ശ്രമങ്ങൾ ഒരു വർഷത്തിനിടെ ഫലം കാണും എന്ന് കരുതുന്നതായും സച്ചിൻ വ്യക്തമാക്കി.

പാർട്ടി രൂപീകരണ നീക്കങ്ങളുമായി സച്ചിൻ മുന്നോട്ടു പോയിരുന്നെങ്കിലും, മുൻപ് ലഭിച്ചത് പോലുള്ള പിന്തുണ ബിജെപിയിൽ നിന്നും സച്ചിന് ഇപ്പോഴില്ല, തെരഞ്ഞെടുപ്പിന് മുമ്പ് ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുമെന്ന ഉറപ്പും ഹൈക്കമാന്റിൽ നിന്ന് സച്ചിന് ലഭിച്ചിട്ടുണ്ട്, ഇതാണ് പാർട്ടി പ്രഖ്യാപനം തല്ക്കാലത്തേക്ക് മാറ്റിവക്കാൻ കാരണം എന്നാണ് സൂചന.

Advertisement