ഇന്ത്യൻ താരങ്ങളുടെ പുതിയ വാർഷിക കരാർ പ്രഖ്യാപിച്ച്‌ ബിസിസിഐ; മൂന്ന് പ്രമുഖ താരങ്ങൾക്ക് വൻ തിരിച്ചടി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പുതിയ വാർഷിക കരാർ ബിസിസിഐ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളായ ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഹാർദിക് പാണ്ഡ്യ, എന്നിവർക്കു വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

രഹാനെയെയും പൂജാരയെയും എ ഗ്രേഡിൽ നിന്ന് ബി ഗ്രേഡിലേക്കാണ് തരം താഴ്ത്തിയിരിക്കുന്നത്. ഇതോടെ ഇരുവരുടെയും പ്രതിഫലം അഞ്ച് കോടി എന്നത് മൂന്നു കോടി രൂപയായി കുറയും.

ഹാർദിക് പാണ്ഡ്യയ്ക്കാണ് പുതിയ കരാറിൽ വമ്പൻ തിരിച്ചടി നേരിട്ടിരിക്കുന്നത്. എ ഗ്രേഡിൽ ആയിരുന്ന താരത്തെ സി ഗ്രേഡിലേക്കാണ് തരംതാഴ്ത്തിയിരിക്കുന്നത്. അഞ്ച് കോടി പ്രതിഫലം വാങ്ങിയിരുന്ന താരത്തിന് ഇനി ഒരു കോടി രൂപമാത്രമാകും ലഭിക്കുക. പാണ്ഡ്യയെക്കൂടാതെ ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ, ഉമേഷ് യാദവ് എന്നിവരും സി ഗ്രേഡിലാണ്.

ഇന്ത്യയ്ക്കായി മികച്ച പ്രകടനം തുടരുന്ന സൂര്യകുമാർ യാദവ് കരാറിൽ ഇടംപിടിച്ചു. കരാറിന്റെ ഭാഗമായിരുന്ന കുൽദീപ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവർ പുതിയ പട്ടികയിൽ പുറത്തായി. ഇതുവരെ ഗ്രേഡ് സിയിൽ ഉൾപ്പെട്ടിരുന്ന അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരെ ഗ്രേഡ് ബിയിലേക്ക് മാറ്റിയിട്ടുണ്ട്. തകർപ്പൻ ഫോമിൽ കളിക്കുന്ന ശ്രേയസ് അയ്യർക്കും ഗ്രേഡ് ബി കരാർ ലഭിച്ചു.

വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവരാണ് പ്രതിവർഷം ഏഴു കോടി രൂപ ലഭിക്കുന്ന എ പ്ലസ് വിഭാഗത്തിലുള്ളത്. വർഷം അഞ്ച് കോടി രൂപ ലഭിക്കുന്ന എ വിഭാഗത്തിൽ ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ, മുഹമ്മദ് ഷമി, ആർ. അശ്വിൻ എന്നിവരും ഇടംപിടിച്ചു.

ഗ്രേഡ് എ പ്ലസ്-(പ്രതിഫലം ഏഴ് കോടി): വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ

ഗ്രേഡ് എ-(പ്രതിഫലം അഞ്ച് കോടി): ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കെ എൽ രാഹുൽ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്.

ഗ്രേഡ് ബി-(പ്രതിഫലം മൂന്ന് കോടി): ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, അക്ഷർ പട്ടേൽ, ശർദുൽ ഠാക്കൂർ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ.

ഗ്രേഡ് സി-(പ്രതിഫലം ഒരു കോടി): ശിഖർ ധവാൻ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ശുബ്മാൻ ഗിൽ, ഹനുമ വിഹാരി, യുസ്വേന്ദ്ര ചഹാൽ, സൂര്യകുമാർ യാദവ്, വൃദ്ധിമാൻ സാഹ, മായങ്ക് അഗർവാൾ, ദീപക് ചഹാർ.

Advertisement