ഏഷ്യ കപ്പിൽ ഇന്ന് സൂപ്പർ പോരാട്ടം, ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന് മഴ ഭീഷണി

ഏഷ്യാകപ്പ്‌ ക്രിക്കറ്റിൽ ഇന്ന്‌ സൂപ്പർ പോരാട്ടം. ഇന്ത്യയും പാകിസ്ഥാനും വീണ്ടും മുഖാമുഖമെത്തുന്നു. ഏറെനാളുകൾക്കുശേഷമാണ്‌ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കളിക്കുന്നത്‌. ശ്രീലങ്കയിലെ പല്ലേക്കെലെയിൽ ഇന്ത്യൻ സമയം പകൽ മൂന്നിനാണ്‌ കളി. ഇവിടെ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. പാക്‌ പേസർമാരും ഇന്ത്യൻ ബാറ്റർമാരും തമ്മിലുള്ള പോരിനാണ് സ്റ്റേഡിയം വേദിയാവുക. പേസർമാരാണ്‌ പാകിസ്ഥാന്റെ ശക്തിയെങ്കിൽ ലോകോത്തര ബാറ്റിങ്‌ നിരയാണ്‌ ഇന്ത്യക്ക്. ചെറിയൊരു ഇടവേളയ്‌ക്കുശേഷം പൂർണ കരുത്തിലാണ്‌ ഇന്ത്യ എത്തുന്നത്‌. പരിക്കിന്റെ വലിയ ആശങ്കകളില്ല. ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ്‌ റൗഫ്‌ എന്നീ പാക്‌ പേസർമാർ രോഹിത്‌, വിരാട്‌ കോഹ്‌ലി, ശുഭ്‌മാൻ ഗിൽ എന്നീ ഇന്ത്യൻ ബാറ്റിങ്‌ നിരയെയാണ്‌ പരീക്ഷിക്കേണ്ടത്‌. ഏകദിന ലോകകപ്പ്‌ പടിവാതിലിൽ എത്തിനിൽക്കെ ഇരു ടീമിനും കരുത്ത്‌ തെളിയിക്കാനുളള അവസരമാണിത്‌. ശ്രേയസ്‌ അയ്യരുടെയും ലോകേഷ്‌ രാഹുലിന്റെയും തിരിച്ചുവരവ്‌ ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ആദ്യ രണ്ട്‌ കളികളിൽനിന്ന്‌ വിട്ടുനിൽക്കുന്ന രാഹുൽ ഏഷ്യാകപ്പ്‌ അവസാന ഘട്ടമാകുമ്പോഴേക്കും തിരിച്ചെത്തും. ഇന്ന്‌ രാഹുലിനുപകരം ഇഷാൻ കിഷനായിരിക്കും വിക്കറ്റിനുപിന്നിൽ നിൽക്കുക. രോഹിതിനൊപ്പം ഇന്നിങ്‌സും ആരംഭിച്ചേക്കും. പേസർ ജസ്‌പ്രീത്‌ ബുമ്രയുടെ തിരിച്ചുവരവാണ്‌ മറ്റൊരു ശ്രദ്ധേയകാര്യം. ബുമ്ര തിരിച്ചുവരവിൽ അയർലൻഡിനെതിരെ ട്വന്റി 20 മത്സരങ്ങൾ കളിച്ചിരുന്നു. ക്യാപ്‌റ്റനായെത്തിയ ഈ പേസറെ പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുത്തു. പാക്‌ നിരയിൽ ക്യാപ്‌റ്റൻ ബാബർ അസമാണ്‌ ബാറ്റിങ്‌ ഹീറോ. ആദ്യകളിയിൽ നേപ്പാളിനെതിരെ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി. ഇഫ്‌തിഖർ അഹമ്മദും സെഞ്ചുറി നേടി. ഫഖർ സമാൻ, ഇമാം ഉൾ ഹഖ്‌, മുഹമ്മദ്‌ റിസ്വാൻ തുടങ്ങിയ വൻനിരയുണ്ട്‌ പാകിസ്ഥാന്‌. 2019ലെ ലോകകപ്പിലാണ്‌ ഇരു ടീമുകളും അവസാനമായി ഏകദിനത്തിൽ ഏറ്റുമുട്ടിയത്‌. ശേഷം നാല്‌ ട്വന്റി 20യിലും കളിച്ചു. അതിലൊന്ന്‌ ഏഷ്യാകപ്പായിരുന്നു, മറ്റൊന്ന്‌ ലോകകപ്പും.  ഇന്ത്യൻ ടീം: രോഹിത്‌ ശർമ, ശുഭ്‌മാൻ ഗിൽ, വിരാട്‌ കോഹ്‌ലി, ശ്രേയസ്‌ അയ്യർ, ഇഷാൻ കിഷൻ, ഹാർദിക്‌ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ/മുഹമ്മദ്‌ ഷമി, കുൽദീപ്‌ യാദവ്‌, മുഹമ്മദ്‌ സിറാജ്‌, ജസ്‌പ്രീത്‌ ബുമ്ര.
പാകിസ്ഥാൻ ടീം: ഫഖർ സമാൻ, ഇമാം ഉൾ ഹഖ്‌, ബാബർ അസം, മുഹമ്മദ്‌ റിസ്വാൻ, ആഗ സൽമാൻ, ഇഫ്‌തിക്കർ അഹമ്മദ്‌, മുഹമ്മദ്‌ നവാസ്‌, ഷദാബ്‌ ഖാൻ, ഷഹീൻ അഫ്രീദി, നസീംഷാ, ഹാരിസ്‌ റൗഫ്‌.

Advertisement