സംവിധായകനും തിരക്കഥാകൃത്തുമായ സംഗീത് ശിവന്‍ അന്തരിച്ചു

Advertisement

സംവിധായകനും തിരക്കഥാകൃത്തുമായ സംഗീത് ശിവന്‍ (65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യൂഹം, യോദ്ധ, ഉറുമി. ഗാന്ധര്‍വം, നിര്‍ണയം, തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തെ കൂടാതെ ഹിന്ദിയില്‍ എട്ടു സിനിമകള്‍ ചെയ്തു.
രഘുവരന്‍ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്. തുടര്‍ന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധര്‍വം , നിര്‍ണയം, സ്നേഹപൂര്‍വം അന്ന തുടങ്ങിയ ചിത്രങ്ങള്‍ സംഗീത് ഒരുക്കി. ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
1997 ല്‍ സണ്ണി ഡിയോള്‍ നായകനായ ‘സോര്‍’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂള്‍ ഹേ തും, അപ്‌ന സപ്‌ന മണി മണി, ഏക്ദ് പവര്‍ ഓഫ് വണ്‍, ക്ലിക്ക്, യാംല പഗ്ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
പ്രശസ്ത ഫോട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനാണ് സംഗീത്. പ്രശസ്ത ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്
സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംവിധാനം ചെയ്തത്, തുടര്‍ന്നു എട്ടോളം ചിത്രങ്ങള്‍ അദ്ദേഹം ഹിന്ദിയില്‍ ഒരുക്കി. കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യന്‍സിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു.

Advertisement