ഇന്ത്യൻ ഗ്രാന്റ് പ്രീ അത്‌ലറ്റിക്‌സ്: ആൻസിക്ക് സ്വർണം

തിരുവനന്തപുരം: ഒന്നാമത് ഇന്ത്യൻ ഗ്രാൻ പ്രീ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണമുൾപ്പെടെ അഞ്ച് മെഡൽ.

ഒരു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമാണ് ലഭിച്ചത്. വനിതകളുടെ ലോങ്ജമ്പിൽ കരിയറിലെ മികച്ച പ്രകടനം (6.55 മീറ്റർ) കാഴ്ചവച്ച്‌ മലയാളി താരം ആൻസി സ്വർണം നേടി. 5.93 മീറ്റർ ചാടി രാജസ്ഥാന്റെ പൂജാ സയ്‌നി വെള്ളി കരസ്ഥമാക്കി.

പുരുഷൻമാരുടെ ലോങ്ജമ്പിൽ 7.70 മീറ്റർ ചാടി കേരളത്തിന്റെ മുഹമ്മദ് അനീസ് വെള്ളി നേടി. 8.20 മീറ്റർ ദൂരം കണ്ടെത്തിയ തമിഴ്‌നാടിന്റെ ജസ്‌വിൻ ആൽഡ്രിനാണ് സ്വർണം. പുരുഷൻമാരുടെ 400 മീറ്ററിൽ ദൽഹിയുടെ മലയാളി താരം അമോജ് ജേക്കബ് 45.98 സെക്കൻഡിൽ സ്വർണം നേടി. കേരളത്തിന്റെ നിർമൽ ടോം 46.08 സെക്കൻഡിൽ വെള്ളി നേടി. വനിതകളുടെ 1500 മീറ്ററിൽ 4.52.09 മിനിറ്റിൽ ഓടിയെത്തിയ മലയാളി താരം പ്രിസ്‌കിലാ ഡാനിയേൽ വെള്ളി കരസ്ഥമാക്കി. 4.12.57 മിനിറ്റിൽ ഫിനിഷ് ചെയ്ത പശ്ചിമബംഗാളിന്റെ ലില്ലിദാസിനാണ് സ്വർണം. വനിതകളുടെ 200 മീറ്ററിൽ കേരളത്തിന്റെ അഞ്ജലി പി.ഡി. 24.19 സെക്കൻഡിൽ വെങ്കലം നേടി. തമിഴ്‌നാടിന്റെ ധനലക്ഷ്മി 23.21 സെക്കൻഡിൽ സ്വർണം നേടിയപ്പോൾ ഹിമാദാസ് 23.45 സെക്കൻഡിൽ വെള്ളി നേടി.

വനിതകളുടെ ഷോട്ട്പുട്ടിൽ മഹാരാഷ്ട്രയുടെ ആഭാ കത്‌വ 7.13 മീറ്റർ എറിഞ്ഞ് സ്വർണം നേടി. രണ്ടാം സ്ഥാനം വന്ന മൻപ്രീത് 16.78 മീറ്റർ ദൂരമാണ് കണ്ടെത്തിയത്. പുരുഷൻമാരുടെ 200 മീറ്ററിൽ അസമിന്റെ അമ്‌ലൻ ബോർഗോഹെയ്ൻ സ്വർണം നേടി. വനിതകളുടെ ജാവലിനിൽ 54.20 മീറ്റർ എറിഞ്ഞ് ഹരിയാനയുടെ കുമാരി ശർമിള സ്വർണം നേടി. പുരുഷൻമാരുടെ ജാവല്‌നിൽ 82.43 മീറ്റർ ദൂരം കണ്ടെത്തി കർണാടകയുടെ മനു ഡി.പി. സ്വർണം നേടി.

വനിതകളുടെ 400 മീറ്ററിൽ കർണാടകയുടെ പ്രിയാ മോഹൻ 52.91 സെക്കൻഡിൽ സ്വർണം നേടി. 53.39 സെക്കൻഡിൽ ഫിനിഷ് ചെയ്ത കർണാടകയുടെ തന്നെ പൂവമ്മയ്ക്കാണ് വെള്ളി. പുരുഷൻമാരുടെ 1500 മീറ്ററിൽ 3.43.53 മിനിറ്റിൽ ഓടിയെത്തി ഉത്തർപ്രദേശിന്റെ അജയ്കുമാർ സരോജ് സ്വർണം നേടി. വനിതകളുടെ 5000 മീറ്ററിൽ 16.36 മിനിറ്റിൽ ഓടിയെത്തിയ ഉത്തർപ്രദേശിന്റെ കവിതാ യാദവിനാണ് സ്വർണം. പുരുഷൻമാരുടെ 5000 മീറ്ററിൽ ഉത്തർപ്രദേശിന്റെ അഭിഷേക്പാൽ 13.56.15 മിനിറ്റിൽ സ്വർണം നേടി. പുരുഷൻമാരുടെ ഷോട്ട്പുട്ടിൽ പഞ്ചാബിന്റെ കരൺവീർ സിംഗ് 19.06 മീറ്റർ എറിഞ്ഞ് സ്വർണം നേടി.

Advertisement