മോഷ്ടിക്കപ്പെട്ട പുരാതന വിഗ്രഹങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൈമാറി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശികള്‍ കൊള്ളയടിച്ച് കൊണ്ട് പോയ പുരാതന വിഗ്രഹങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിന് കൈമാറി. തമിഴ്‌നാട്ടില്‍ നിന്ന് 1960 മുതല്‍ 2008 വരെ മോഷ്ടിച്ച വിഗ്രഹങ്ങളാണ് കൈമാറിയത്. പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചവയാണ് ഇവയെന്ന് വിശ്വസിക്കുന്നു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും വിദേശകാര്യമന്ത്രാലയവും സംയുക്തമായി 2020 മുതല്‍ വിദേശത്ത് നിന്ന് തിരികെ എത്തിച്ച വിഗ്രഹങ്ങളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തിഴ്‌നാട് പൊലീസ് മേധാവി സി സൈലേന്ദ്ര ബാബുവിന് കൈമാറിയത്.

ശിലയില്‍ തീര്‍ത്ത രണ്ട് ദ്വാരപാലകരുടെ വിഗ്രഹങ്ങള്‍ അടക്കം ഇക്കൂട്ടത്തിലുണ്ട്. ഇവ പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ചതാണെന്ന് കരുതുന്നു. 1994ല്‍ തിരുനെല്‍വേലിയിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് കൊള്ളയടിച്ചതാണ് ഇത്. 2020ല്‍ ഓസ്‌ട്രേലിയയില്‍ നിന്നാണ് ഇത് വീണ്ടെടുത്തത്. കനകലാമൂര്‍ത്തിയുടെ രണ്ട് ലോഹവിഗ്രഹങ്ങളും തിരികെ കിട്ടിയവയില്‍ ഉണ്ട്. ഇത് അമേരിക്കയില്‍ നിന്ന് 2020ലാണ് തിരിച്ച് കിട്ടിയത്. 1985ല്‍ തിരുനെല്‍വേലി ജില്ലയിലെ നരസിംഗനാഥര്‍ ക്ഷേത്രത്തില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടതാണ്. ന്യൂയോര്‍ക്കിലെ ഏഷ്യാ സൊസൈറ്റി മ്യൂസിയത്തില്‍ കണ്ടെത്തിയ നടരാജന്റെ വെങ്കല ശില്‍പ്പവും തിരികെ കിട്ടി. 1966-67 കാലത്ത് തഞ്ചാവൂര്‍ ജില്ലയിലെ പുനൈനല്ലൂര്‍ അരുല്‍മിഗുമാരിയമ്മന്‍ ക്ഷേത്രത്തിലെ സ്‌ട്രോങ്‌റൂമില്‍ നിന്ന് നഷ്ടപ്പെട്ടതാണ് ഇത്. ഇന്ത്യാനയിലെ ഒരു മ്യൂസിയത്തില്‍ നിന്ന് ശിവപാര്‍വതി മാരുടെ ഓട്ടുപ്രതിമയും ലഭിച്ചു. ഇത് വാന്‍മിഗനാഥര്‍ സ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയതാണ് ഇത്. ഇവയ്ക്ക് പുറമെ മറ്റ് പല പുരാതന ശില്‍പ്പങ്ങളും തിരികെ കിട്ടി.

Advertisement