ലോകത്തിലെ മരങ്ങളുടെ നഗരമായി തിരഞ്ഞെടുക്കപ്പെട്ട് മുംബൈ

മുംബൈ: നഗരത്തെ ലോകത്തിലെ മരങ്ങളുടെ നഗരമായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക ഓർഗനൈസേഷനും (FAO) ആർബർ ഡേ ഫൗണ്ടേഷനും സഹകരിച്ചാണ് മുംബൈക്ക് ഈ അംഗീകാരം നൽകിയത്.

ഇതോടെ ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ നഗരമായി മുംബൈ മാറി. രണ്ട് വർഷം തുടർച്ചയായി ഈ സ്ഥാനം നിലനിർത്തിയിരുന്നത് ഹൈദരാബാദായിരുന്നു. ഇത്തവണ17 രാജ്യങ്ങളിൽ നിന്ന് മൊത്തം 68 നഗരങ്ങളെ തിരഞ്ഞെടുക്കുകയും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു.

2020ൽ 23 രാജ്യങ്ങളിലെ 120 നഗരങ്ങളെയാണ് ഈ അംഗീകാരം തേടിയെത്തിയത്. 2021ൽ ഈ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ നഗരങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഹൈദരാബാദും മുംബൈയുമാണ് ഉള്ളത്.

ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (BMC) പ്രവർത്തനങ്ങളെ സംസ്ഥാന പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ അഭിനന്ദിക്കുകയും മുനിസിപ്പൽ കമ്മീഷണർ ഡോ. ഇക്ബാൽ സിംഗ് ചാഹലിന് പ്രശസ്തി പത്രം നൽകുകയും ചെയ്തു.

ട്രീ സിറ്റീസ് ഓഫ് ദി വേൾഡ് പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, മുംബൈയിൽ 25,000 സന്നദ്ധസേവകരുടെ പ്രയത്‌നത്തിന്റെ ഫലമായി മൊത്തം 425,000 മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ എഫ്‌എഒയും ദി ആർബർ ഡേ ഫൗണ്ടേഷനും ഒരു നഗരത്തെ ട്രീ സിറ്റിയായി അംഗീകരിക്കുന്നതിന് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. വനങ്ങളുടെയും മരങ്ങളുടെയും പരിപാലനത്തെ നിയന്ത്രിക്കുന്ന ഒരു ഔദ്യോഗിക നയം രൂപീകരിക്കുക, ഒരു വൃക്ഷ പരിപാലന പദ്ധതിക്കായി വാർഷിക ബജറ്റ് നീക്കി വയ്ക്കുക, മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ച്‌ അവബോധം വളർത്തുന്നതിന് വാർഷിക ചടങ്ങുകൾ നടത്തുക എന്നിവയാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.

‘2021ലെ ലോകത്തിലെ മരങ്ങളുടെ നഗരം എന്ന അംഗീകാരം ആദ്യമായി നേടിയതിന് മുംബൈയെ ഞങ്ങൾ അഭിനന്ദിക്കുന്നു. നഗരം ഇപ്പോൾ ഒരു സുപ്രധാന ആഗോള ശൃംഖലയുടെ ഭാഗമാണ്”, ആർബർ ഡേ ഫൗണ്ടേഷന്റെ സിഇഒ ഡാൻ ലാംബെ എഴുതിയ കത്തിൽ പറയുന്നു.

5000ലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച്‌ പരിസ്ഥിതി ബോധത്തിന്റെ പര്യായമായി മാറിയിരിക്കുന്ന കർണാടകയിലെ ഹസൻ ജില്ലയിൽ നിന്നുള്ള ഇരുപതുകാരനെക്കുറിച്ച്‌ അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. ഗൂഡനഹള്ളി ഗ്രാമത്തിൽ നിന്നുള്ള ഒന്നാം വർഷ ബിഎ വിദ്യാർത്ഥിയായ ഗിരീഷ് കെ.ആർ 12-ാം വയസ്സ് മുതലാണ് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ കുരിശുയുദ്ധം ആരംഭിച്ചത്.

കൂലിപ്പണിക്കാരായ രമേഷിന്റെയും ലതയുടെയും മകനായ ഗിരീഷ് മരങ്ങൾ നട്ടുപിടിപ്പിച്ച്‌ തന്റെ വീടിനെയാണ് ആദ്യം മനോഹരമാക്കിയത്.
ഗിരീഷിന്റെ മാതാപിതാക്കൾ മകന്റെ പ്രകൃതിയോടുള്ള ഈ സ്നേഹത്തെ ആവേശത്തോടെ പിന്തുണയ്ക്കുന്നവരാണ്. ഹസ്സൻ സിറ്റി, ബെംഗളൂരു, തന്റെ ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വിവിധയിനം മരങ്ങൾ ഗിരീഷ് ഇതുവരെ നട്ടിട്ടുണ്ട്. സ്‌കൂൾ കാലഘട്ടത്തിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഭാഗമായിരുന്ന ഗിരീഷ് ഇപ്പോൾ നാഷണൽ സർവീസ് സ്‌കീമിൽ സജീവമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള നിസ്വാർത്ഥ സേവനത്തിന് ഈ ചെറുപ്പക്കാരന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2018ൽ മൈസൂർ സർവകലാശാല ഗിരീഷിന് മികച്ച വോളണ്ടിയർ ഓഫ് ദി ഇയർ അവാർഡ് നൽകിയിരുന്നു

Advertisement