കൊല്ലം -തേനി ദേശീയപാതക്ക് പുതിയ അലൈന്‍മെന്റ്

കൊല്ലം: കൊല്ലം-തേനി ദേശീയ പാത183ന് പുതിയ അലൈന്‍മെന്റ് വന്നേക്കും. കെട്ടിടങ്ങള്‍ പൊളിക്കുന്നതും ആളുകളെ ഒഴിുപ്പിക്കുന്നതും പരമാവധി കുറച്ച് കൊണ്ടുള്ള അലൈന്‍മെന്റിനാണ് നീക്കം.

കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും കണ്‍സള്‍ട്ടന്‍സി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി അലൈന്‍മെന്റ് തയാറാക്കാന്‍ നിര്‍ദ്ദേശം ഉണ്ടായത്.

നിലവിലുള്ള ദേശീയപാത അലൈന്‍മെന്റില്‍ വലിയ വ്യത്യാസം വരുത്താതെ പെരിനാട് റെയില്‍വേ മേല്‍പ്പാലം മുതല്‍ ഭരണിക്കാവ് ഊക്കന്‍മുക്ക് വരെ ബൈപ്പാസ് നിര്‍മ്മിക്കാനാണ് ആലോചന. കായലിലൂടെയുള്ള ഈ പാതയില്‍ വലിയ രണ്ട് പാലങ്ങള്‍ വേണം. ചെലവ് വര്‍ദ്ധിക്കുമെന്ന് കണ്‍സള്‍ട്ടന്‍സി അധികൃതര്‍ പറഞ്ഞു. 14 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം.

കടവൂര്‍ അമ്പലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് വരെയുള്ള 62 കിലോമീറ്റര്‍ ദൂരമാണ് ദേശീയപാത വീതികൂട്ടാന്‍ പദ്ധതി രേഖ തയാറാക്കിയത്. 16 മീറ്റര്‍ വീതിയിലാണ് റോഡ് വികസിപ്പിക്കുക. 200 കോടിയാണ് പദ്ധതിയുടെ ചെലവ്. കല്ലടവഴിയും പടപ്പക്കര, പേരയം, വഴിയും മറ്റും കടന്ന് പോകുന്ന അലൈന്‍മെന്റുകളില്‍ ആയിരത്തിലേറെ കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും. ഈ പാത കുണ്ടറ-ഭരണിക്കാവ് റോഡിന് സമാന്തരമായി പോകുന്നതിനാല്‍ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാകും. ചിലയിടങ്ങളില്‍ രണ്ടുപാതകള്‍ തമ്മിലുള്ള അകലം 50-60 മീറ്ററായി വരുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ പരമാവധി ഒഴിവാക്കിയുള്ള അലൈന്‍മെന്റ് മതിയെന്ന് യോഗത്തില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന്‍ എംപി, പി സി വിഷ്ണുനാഥ്എംഎല്‍എ, എന്നിവര്‍ ആവശ്യപ്പെട്ടു.

Advertisement