സിബിഎസ്‌ഇ ടേം 2 പരീക്ഷ: അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറങ്ങും; പരീക്ഷ എഴുതുന്നവർക്ക് നിർദേശങ്ങൾ

ന്യൂഡൽഹി: സിബിഎസ്‌ഇ 10, 12 ക്ലാസുകളിലേക്കുള്ള ടേം രണ്ട് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറക്കിയേക്കും.
വിദ്യാർഥികൾക്ക് cbse.gov.in എന്ന സിബിഎസ്‌ഇയുടെ ഔദ്യോഗിക സൈറ്റിലൂടെ അഡ്മിറ്റ് കാർഡ് പരിശോധിച്ച്‌ ഡൗൺലോഡ് ചെയ്യാം. പരീക്ഷകൾ ഏപ്രിൽ 26 മുതൽ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും 12 ക്ലാസ് പരീക്ഷ ജൂൺ 15 നും അവസാനിക്കും.

അതിനിടെ ബോർഡ് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പരീക്ഷയ്ക്ക് ഹാജരാകുമ്പോൾ എല്ലാവരും കോവിഡ് -19 പ്രതിരോധ പ്രോടോകോൾ പാലിക്കണമെന്ന് ബോർഡ് പറഞ്ഞിട്ടുണ്ട്. സുതാര്യമായ കുപ്പിയിൽ സ്വന്തം ഉപയോഗത്തിന് സാനിറ്റൈസർ കൊണ്ടുവരണം, മാസ്ക് ധരിക്കണം. ഇതോടൊപ്പം, സാമൂഹ്യ അകലവും പാലിക്കേണ്ടതുണ്ട്.

ബോർഡ് നൽകുന്ന അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന എല്ലാ നിർദേശങ്ങളും പരീക്ഷാർഥികൾ പാലിക്കണം. കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിലെത്തണം, കൂടാതെ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ വായിക്കാൻ 15 മിനിറ്റ് സമയം നൽകും. ഈ സമയം ചോദ്യപേപ്പർ വായിക്കാൻ മാത്രമേ ഉപയോഗിക്കാവൂ. ഇതാദ്യമായാണ് സിബിഎസ്‌ഇ രണ്ട് ഘട്ടങ്ങളിലായി ബോർഡ് പരീക്ഷ നടത്തുന്നത്. നേരത്തെ ടേം ഒന്ന് പരീക്ഷകൾ 2021 ഡിസംബർ മുതൽ 2022 ജനുവരി വരെ നടത്തിയിരുന്നു. മാർച്ചിലാണ് ഫലം പ്രഖ്യാപിച്ചത്.

10, 12 ക്ലാസുകളിലെ രണ്ട് പരീക്ഷകളും രാവിലെ 10.30 മുതൽ 12.30 വരെ രണ്ട് മണിക്കൂർ വീതമാണ് നടക്കുക.
വിദ്യാർഥികൾ നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളിൽ രാവിലെ 9:30-ന് റിപ്പോർട്ട് ചെയ്യുകയും 10 ന് ഇരിപ്പിടത്തിൽ ഇരിക്കുകയും വേണം. പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം രാവിലെ 10 മണിക്ക് അടയ്ക്കും, അതിനുശേഷം വിദ്യാർഥികളെ അകത്തേക്ക് പ്രവേശിപ്പിക്കില്ല.

Advertisement