ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു… പ്രതീക്ഷയിൽ മുന്നണികൾ

ലോക്സഭാ  തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.  17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡ‍ലങ്ങളിലാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലും ലക്ഷദ്വീപിലുമുള്ള ഓരോ സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. കമൽ ഹാസൻ, സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ ഇതിനോടകം സമ്മതിദാന അവകാശം വിനിയോഗിച്ച് കഴിഞ്ഞു. രാജസ്ഥാന്‍, യുപി, മധ്യപ്രദേശ്,‌ ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഏതാനും സീറ്റുകളിലും ഇന്നാണ് വോട്ടെടുപ്പ്. ഏഴുമണിക്ക് പോളിങ് ആരംഭിച്ചു.
1,625 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്.  16 കോടി 63 ലക്ഷമാണ് ആദ്യഘട്ടത്തിലെ വോട്ടര്‍മാര്‍. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 102 സീറ്റുകളില്‍ 2019ല്‍ എന്‍.ഡി.എ 51 സീറ്റിലും ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ 48 സീറ്റിലും മറ്റുള്ളവര്‍ മൂന്ന് സീറ്റിലുമാണ് വിജയിച്ചത്.  ഇത്തവണയും പകുതിയിലേറെ സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഇരുപക്ഷവും.  അരുണാചല്‍പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പും ഇന്ന് നടക്കും.

Advertisement