പൂഞ്ചിന് പിന്നാലെ ബാരമുള്ളയിലും ഭീകരാക്രമണം

Advertisement

പൂഞ്ചിന് പിന്നാലെ ബാരമുള്ളയിലും ഭീകരാക്രമണം. മുന്‍ ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ചുകൊന്നു. ഷേരി ബാരാമുള്ളയിലാണ് സംഭവം. മേഖലയില്‍ തിരച്ചിലാരംഭിച്ച് സൈന്യം. അഖ്‌നൂറിലെ തെരച്ചിലില്‍ സേനാ വന്‍ ആയുധ ശേഖരം കണ്ടെടുത്തു. പുഞ്ചില്‍ ഭീകരര്‍ക്കായുള്ള സൈനിക നടപടി ഇപ്പോഴും പുരോഗമിക്കുന്നു.
സമീപകാലത്തുണ്ടായ രണ്ടാമത്തെ വലിയ ഭീകരാക്രമണമായിരുന്നു ജമ്മുകശ്മീര്‍ പുഞ്ചിലേത്. 5 സൈനികരാണ് വീര മൃത്യു വരിച്ചത്. മേഖലയില്‍ സൈനിക നടപടി പുരോഗമിക്കുന്നതിനിടെയാണ് ബാരമുള്ളയിലും ഭീകര ആക്രമണം ഉണ്ടായത്.
ജമ്മുകശ്മീര്‍ പോലീസിലെ മുന്‍ ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഷാഫിയെ ഭീകരര്‍ കൊലപ്പെടുത്തി. പ്രാര്‍ത്ഥനയ്ക്ക് എത്തിയപ്പോഴായിരുന്നു ഭീകരരുടെ ആക്രമണം ഉദ്യോഗസ്ഥന് നേരെ ഉണ്ടായത്. മേഖല കേന്ദ്രീകരിച്ച സേനയുടെ തെരച്ചില്‍ പുരോഗമിക്കുകയാണ്. അഖ്‌നൂറില്‍ ഭീകര നുഴഞ്ഞുകയറ്റം ഐബി പരാജയപ്പെടുത്തിയതിന് പിന്നാലെ സൈന്യം നടത്തിയ തിരച്ചിലില്‍ ആയുധശേഖരം കണ്ടെടുത്തു.ആറ് ഐഇഡിയും ഒരു ഗ്രനേഡും ഒരു തോക്കുമാണ് സൈനിക നടപടിയില്‍ കണ്ടെത്തിയത്.
മേഖലയില്‍ ശക്തമായ നിരീക്ഷണം സൈന്യം ഏര്‍പ്പെടുത്തി. കാലാവസ്ഥ മുതലെടുത്ത് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും നീക്കം നടത്തുന്നുവെന്നാണ് സേനാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഡ്രോണ്‍ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളാണ് നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്.

Advertisement