കൊലയാളി മനസ്സുളള സൈക്കോപ്പാത്താണ് മുഖ്യമന്ത്രിയെന്ന് കെ. സുധാകരന്‍

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കൊലയാളി മനസ്സുള്ള സൈക്കോപ്പാത്താണ് മുഖ്യമന്ത്രിയെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണ് സംസ്ഥാനത്തെ ആക്ടിങ് ഡിജിപിയെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
നവകേരള സദസ്സിനെതിരായ പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷന്റെ അതിരൂക്ഷ വിമര്‍ശനം. കെപിസിസി മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ആരോപിച്ചായിരുന്നു സുധാകരന്‍ ആഞ്ഞടിച്ചത്. മുഖ്യമന്ത്രിക്ക് കൊലയാളി മനസെന്ന് ഉദാഹരണങ്ങളെണ്ണി സുധാകരന്‍ പറഞ്ഞു.
പൊലീസ് മേധാവി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ആക്ടിങ് ഡിജിപി പി. ശശിയെന്നും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും എംപിമാരും എംഎല്‍എമാരും വേദിയിലിരിക്കെ മുന്നറിയിപ്പില്ലാതെ പൊലീസ് ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചത് കോണ്‍ഗ്രസ്സിന്റെ മുന്‍നിര നേതാക്കളെ ലക്ഷ്യമിട്ടാണെന്നും കോണ്‍ഗ്രസ്സ് നേതൃത്വം ആരോപിക്കുന്നു.
വിഷയം ചൂണ്ടിക്കാട്ടി എ.പി അനില്‍കുമാര്‍ എംഎല്‍എ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. ചട്ടം 154 പ്രകാരം മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ നടപടി വേണമെന്നാണ് ആവശ്യം. നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടിയും പ്രതിപക്ഷം ആയുധമാക്കും.

Advertisement