തെക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; 23 ട്രെയിനുകൾ പൂർണമായി റദ്ദാക്കി

ചെന്നൈ:
കനത്ത മഴയിൽ തെക്കൻ തമിഴ്‌നാട്ടിലെ ജില്ലകൾ ഇപ്പോഴും വെള്ളത്തിനടിയിൽ. തെങ്കാശി, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലെ നൂറുകണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇന്ന് മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷ. 23 ട്രെയിനുകൾ ഇന്ന് പൂർണമായി റദ്ദാക്കി. ഇതിൽ കേരളത്തിലൂടെയുള്ള 3 ട്രെയിനുകളും ഉൾപ്പെടുന്നു.
5 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 13 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ശ്രീവൈകുണ്ഠത്ത് ട്രെയിനിൽ കുടുങ്ങിയവർക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ട്രെയിനിലെ 500 യാത്രക്കാരെ ഇതുവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടില്ല. ഒന്നര ദിവസമായി യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്.

തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ ഇന്ന് പൊതു അവധിയാണ്. തെങ്കാശി, കന്യാകുമാരി ജില്ലകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പ്രളയത്തിൽ ഗവർണർ ആ എൻ രവി കേന്ദ്ര ഏജൻസികളുടെയും സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു.

Advertisement