ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്ന വിവാഹിതരുടെ എണ്ണത്തിൽ വർധന; കൂടുതലും സ്ത്രീകൾ

കൊല്ലം: ഇന്ത്യയിൽ ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്ന വിവാഹിതരുടെ എണ്ണത്തിൽ വർധന. വിവാഹേതര ബന്ധങ്ങൾക്കായി ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് കണക്കുകൾ.

ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എക്സ്ക്ലൂസീവ് ‘വിവാഹേതരബന്ധ’ ഡേറ്റിങ് ആപ്പിൽ 20 ലക്ഷത്തോളം ഇന്ത്യൻവരിക്കാർ (യൂസേഴ്‌സ്) ഉണ്ടെന്നാണ് കണക്ക്. തങ്ങളുടെ ആകെയുള്ള വരിക്കാരിൽ 10 ശതമാനവും ഇന്ത്യയിൽനിന്നാണെന്ന്‌ 2023-ന്റെ ആദ്യപാദത്തിൽ പുറത്തുവിട്ട റിപ്പോർട്ടിൽ കമ്പനി അവകാശപ്പെടുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിൽനിന്നുള്ള ഉപയോക്താക്കളുടെ എണ്ണത്തിൽ നാലിരട്ടി വളർച്ചയുണ്ടെന്നും ഇവർ പറയുന്നു. സ്ത്രീകളുടെ സ്വകാര്യത സൂക്ഷിക്കുന്ന പോളിസികളും വ്യാജ അക്കൗണ്ടുകളിൽനിന്നുള്ള സംരക്ഷണവും പ്രദാനം ചെയ്യുന്നതിനാലാണ് ഇതെന്നാണ് അനുമാനം.

സ്ത്രീകൾക്കുവേണ്ടി മാത്രമായി പ്രത്യേകം രൂപകല്പനചെയ്ത ആപ്പുകളും തനിനാടൻ സ്വദേശി ആപ്പുകളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. 2024-ൽ ഇത്തരം ആപ്പുകൾ വമ്പൻ വളർച്ച നേടുമെന്നാണ് ബിസിനസ് രംഗത്തെ വിദഗ്ധരുടെ അനുമാനം.

2018-നുശേഷമാണ് ഇത്തരം ആപ്പുകൾ രാജ്യത്ത് വേരുറപ്പിച്ചത്. വിവാഹേതരബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി. 497-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് ആപ്പുകൾക്കു പരസ്യമായ സ്വീകാര്യത ലഭിച്ചത്. മുംബൈ, ഡൽഹി, ബെംഗളൂരു എന്നീ നഗരങ്ങളാണ് മുൻപന്തിയിൽ. വിവാഹജീവിതത്തിലെ വിരസത, മടുപ്പ്, പരീക്ഷണത്തിനുള്ള കൗതുകം എന്നീ കാരണങ്ങൾകൊണ്ടാണ്‌ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതെന്നാണ്‌ ഭൂരിപക്ഷംപേരും പറയുന്നത്. കണക്കുകൾപ്രകാരം സ്ത്രീകളാണ് ആപ്പ് ഉപഭോഗത്തിൽ മുന്നിൽ.

ഡേറ്റിങ് ആപ്പുകൾക്കും വളർച്ച

: ഡേറ്റിങ് ആപ്പുകളുടെ വിപണിമൂല്യത്തിലുള്ള വളർച്ച 2024-ലും തുടരുമെന്നാണ് അനുമാനം. നിലവിൽ 8.24 കോടി ആളുകളാണ് രാജ്യത്ത് ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നത്. അഞ്ചുവർഷംമുമ്പ് വെറും രണ്ടുകോടി ആളുകളാണ് ആപ്പുകളിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഉത്തരേന്ത്യയിലെ പ്രധാന ഉത്സവങ്ങൾ അരങ്ങേറുന്ന ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഡേറ്റിങ് ആപ്പുകളിൽ ഏറ്റവുമധികം ട്രാഫിക് അനുഭവപ്പെടുന്നത്.

Advertisement