വ്യോമസേനയ്‌ക്ക് പുതിയ പതാക; സേനയുടെ ശക്തി വികസിച്ച്‌ കൊണ്ടിരിക്കുകയാണെന്ന് വ്യോമസേന മേധാവി

ലക്‌നൗ: ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇനി പുതിയ പതാക. 91-ാം വ്യോമസേനാ ദിനത്തോടനുബന്ധിച്ച്‌ പ്രയാഗ് രാജില്‍ നടന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക അനാച്ഛാദനം ചെയ്തത്.

മാറുന്ന കാലത്തിനൊപ്പം സേനയും മാറുകയാണെന്ന് പതാക അനാച്ഛാദനം ചെയ്ത് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ സേന സജ്ജമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യോമസേനയുടെ ശക്തി വികസിച്ച്‌ കൊണ്ടിരിക്കുകയാണ്. യുദ്ധം ചെയ്യാനും വിജയിക്കാനും സമാധാനം ഉറപ്പ് വരുത്താനും സേന പ്രതിജ്ഞാബദ്ധമാണ്. ഉയര്‍ന്നുവരുന്ന ഭീഷണികളോടും വെല്ലുവിളികളോടും പൊരുത്തപ്പെടാൻ സഹായിക്കുന്ന വിധത്തില്‍ സേനയെ നവീകരിക്കുകയാണ് ലക്ഷ്യമെന്ന് ചീഫ് മാര്‍ഷല്‍ വ്യക്തമാക്കി. ഇന്ത്യൻ വ്യോമസേനയുടെ മൂല്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ജാലകമാകും പുതിയ പതാകയെന്ന് പ്രതിരോധ പിആര്‍ഒയും ഗ്രൂപ്പ് ക്യാപ്റ്റനുമായ സമീര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.

ഏഴ് പതിറ്റാണ്ടായി ഉപയോഗിച്ച്‌ വന്നിരുന്ന പതാകയ്‌ക്കാണ് ഇന്ന് മാറ്റം വന്നത്.യൂണിയൻ ജാക്കും ഐഎഎഫ് റൗണ്ടലും (ചുവപ്പ്, വെള്ള, നീല) എന്നിവ ഉള്‍ക്കൊള്ളുന്നതാണ് റോയല്‍ ഇന്ത്യൻ എയര്‍ഫോഴ്സിന്റെ പതാക. ഈ പതാകയാണ് നവീകരിച്ചിരിക്കുന്നത്. ഇടത് കന്റോണില്‍ ദേശീയ പതാകയും വലതുവശത്ത് ഐഎഎഫ് ത്രിവര്‍ണ്ണ വളയവുമാണ് പുത്തൻ പതാകില്‍ ഉള്ളത്. പതാകയുടെ മുകളില്‍ വലത് കോണില്‍ വ്യോമസേന ചിഹ്നവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Advertisement