ഇന്ത്യ കൂട്ടായ്മ മൂന്നാം സമ്പൂർണ്ണ സമ്മേളനം ഇന്ന് അവസാനിയ്ക്കും

മുംബൈ.ഇന്ത്യ കൂട്ടായ്മയുടെ മൂന്നാം സമ്പൂർണ്ണ സമ്മേളനം ഇന്ന് മുംബൈയിൽ അവസാനിയ്ക്കും. നേതൃഘടനയിലെ ഭിന്നത തീർക്കാൻ ഉള്ള സമവായ നിർദ്ദേശങ്ങൾ ഇന്നലെ ചേർന്ന അനൗപചാരികയോഗം ചർച്ച ചെയ്തു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്ന വിഷയത്തിലെ രാഷ്ട്രീയ നിലപാടും ഇന്ത്യ കൂട്ടായ്മ യോഗം ഇന്ന് പ്രഖ്യാപിക്കും

അടിസ്ഥാന വിഷയങ്ങളിലെ ആശയവിനിമയമാണ് ഇന്ത്യ കൂട്ടായ്മ യോഗത്തിൽ ഇന്നലെ നടന്നത് . ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സാധ്യമായ എല്ലാ വിട്ടുവീഴ്ചകൾക്കും തയ്യാറാകണമെന്ന് പ്രാദേശിക പാർട്ടികളും ഇടതുപക്ഷവും ആവശ്യപ്പെട്ടു.
. ഈ ചർച്ചകളിൽ രൂപപ്പെട്ട പ്രാഥമിക ധാരണകൾ ഇന്ന് നടക്കുന്ന യോഗം വിലയിരുത്തി അന്തിമ തീരുമാനം കൈക്കൊള്ളും . സോണിയ ഗാന്ധിയെ ഇന്ത്യ കൂട്ടായ്മയുടെ ചെയർപേഴ്സൺ ആയി നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യതകളാണ് ഇന്ത്യ കൂട്ടായ്മ പരിഗണിക്കുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആയിരിക്കും കൺവീനർ. മേഖലകൾ തിരിച്ച് ഒന്നിലധികം കൺവീനർമാരെ നിയോഗിക്കുന്ന സാഹചര്യവും ഇന്ത്യ കൂട്ടായ്മ യോഗം പരിഗണിക്കും. 15 അംഗ സ്റ്റിയറിങ് കമ്മിറ്റിയെയും മുംബൈയിൽ നടക്കുന്ന യോഗം ഇന്ന് പ്രഖ്യാപിക്കും എന്നാണ് വിവരം .
പ്രത്യേക പാർലമെന്റ് സമ്മേളനം ബഹിഷ്കരിക്കുന്നത് അടക്കമുള്ള ചർച്ചകളും കൂട്ടായ്മയുടെ യോഗത്തിൽ ഇന്ന് ഉണ്ടാകും.
ഇന്ത്യ കൂട്ടായ്മയുടെ ലോഗോ പ്രകാശനവും ഇന്ന് മുംബൈയിൽ നടക്കും

Advertisement