വീണ്ടും ‘മൗറീഷ്യസ്’ നിക്ഷേപത്തിൽ കുടുങ്ങി അദാനി, ഓഹരി വിപണിയിലും തിരിച്ചടി

ന്യൂഡൽഹി: ഹിൻഡൻബെർഗ് വിവാദത്തിനു പിന്നാലെ വീണ്ടും മൗറീഷ്യസ് നിക്ഷേപ ആരോപണത്തിൽ കുടുങ്ങി അദാനി ഗ്രൂപ്പ്. ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒസിസിആർപി) ആണ് അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

അദാനി കുടുംബത്തിനു ബന്ധമുള്ള മൗറീഷ്യസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനങ്ങൾ വഴി അദാനി ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളിൽ കോടികളുടെ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആർപിയുടെ കണ്ടെത്തൽ. അമേരിക്കർ ശതകോടീശ്വരൻ ജോർജ് സോറോസ്, റോക്ക്‌ഫെല്ലർ ബ്രദേഴ്സ് ഫണ്ട് തുടങ്ങിയവയുടെ പിന്തുണയുള്ള, പത്രപ്രവർത്തകരുടെ കൂട്ടായ്മയാണ് ഒസിസിആർപി.

കടലാസു കമ്പനികൾ വഴി അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്തതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണു വെളിപ്പെടുത്തൽ. അദാനി കുടുംബവുമായി ദീർഘകാല ബിസിനസ് ബന്ധമുള്ള നാസർ അലി ഷബാൻ അഹ്ലി, ചാങ് ചുങ്-ലിംഗ് എന്നിവർ അദാനി ഗ്രൂപ്പ് ഓഹരികളിൽ 2013-18 കാലയളവിൽ രഹസ്യ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കിയെന്നും ഒസിസിആർപി ആരോപിക്കുന്നു. ഇരുവരും ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുമായി ബന്ധമുള്ള കമ്പനികളിൽ ഡയറക്ടർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവരാണ്. ഇവരുടെ ഓഹരി വിഹിതം കൂടി പരിഗണിച്ചാൽ, പ്രൊമോട്ടർമാർ ലിസ്റ്റഡ് കമ്പനികളുടെ 75 ശതമാനത്തിലധികം ഓഹരികൾ കൈവശം വയ്ക്കരുതെന്ന നിയമം അദാനി ഗ്രൂപ്പ് ലംഘിച്ചതായും സംഘടന പറയുന്നു.

ചാങ്ങിന്റെയും അഹ്ലിയുടെയും നിക്ഷേപത്തിനായുള്ള പണം അദാനി കുടുംബത്തിൽ നിന്നാണു വന്നതെന്നു തെളിയിക്കാനുള്ള രേഖകൾ ഇല്ലെന്നും അതേസമയം ഇവർക്ക് അദാനി കുടുംബവുമായുള്ള ബന്ധത്തിനു തെളിവുകൾ ഉണ്ടെന്നും ഒസിസിആർപി പറയുന്നു. 2013 സെപ്റ്റംബറിൽ വെറും എട്ടുബില്യൺ ഡോളറായിരുന്ന അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷം 260 ബില്യൺ ഡോളറായി ഉയർന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.

ആരോപണങ്ങൾ നിക്ഷേധിച്ച് അദാനി ഗ്രൂപ്പ്

റീസൈക്കിൾ ചെയ്ത ആരോപണങ്ങളാണ് ഒസിസിആർപി ഉന്നയിച്ചിരിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്. ഹിൻഡൻബെർഗ് ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങൾ തന്നെയാണിതെന്നും ജോർജ് സോറോസും വിദേശ മാധ്യമങ്ങളുമാണ് ഇതിന് പിന്നിലെന്നും ഗ്രൂപ്പ് ആരോപിച്ചു. അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരിവില പെരുപ്പിച്ചു കാട്ടിയെന്നും ആ ഓഹരികൾ ഈടുവച്ച് വായ്പ എടുത്തെന്നും കടലാസു കമ്പനികളിലേക്കു പണംതിരിമറി നടത്തിയെന്നും ഉൾപ്പടെയുള്ള ആരോപണങ്ങളാണു ജനുവരിയിൽ അമേരിക്കൻ സ്ഥാപനമായ ഹിൻഡൻബെർഗ് ഉന്നയിച്ചത്. തൊട്ടുപിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളുടെ വില തകർന്നടിയുകയായിരുന്നു. ഹിൻഡൻബെർഗിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 15,000 കോടി ഡോളറോളം ഇടിഞ്ഞിരുന്നു. ഓഹരികൾ വിറ്റും കടബാധ്യകൾ മുൻകൂറായി വീട്ടിയും ഹിൻഡൻബെർഗ് പ്രതിസന്ധിയിൽ നിന്ന് അദാനി ഗ്രൂപ്പ് കരകയറുമ്പോഴാണ് പുതിയ ആരോപണം എന്നതും ശ്രദ്ധേയമാണ
ഓഹരി വിപണിയിലും തിരിച്ചടി

അദാനി ഗ്രൂപ്പിനു കീഴിലുള്ള എല്ലാ കമ്പനികളുടെയും ഓഹരികൾ ഇന്നു നഷ്ടത്തിലാണ്. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ, അദാനി പോർട്ട്‌സ് എന്നിവയുടെ ഓഹരികൾ മൂന്നു ശതമാനത്തിലധികമാണ് ഇടിഞ്ഞത്. അദാനി ഓഹരികളിൽ ഷോർട്ട് സെല്ലിങ് നടത്തി പന്ത്രണ്ടോളം കമ്പനികൾ ലാഭമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടക്കുകയാണ്. ഈ പശ്ചാത്തലവും അദാനി ഓഹരികൾക്ക് തിരിച്ചടിയായി.

Advertisement