ചന്ദ്രനിൽ മണ്ണ് കുഴിച്ച് ചന്ദ്രയാന്റെ പരിശോധന; പുറത്ത് 60 ഡിഗ്രി ചൂട്, അകത്ത് മൈനസ് 10 ഡിഗ്രി തണുപ്പ്

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ ഭാഗമായുള്ള വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലെ താപനില അളന്നു. മേൽമണ്ണിൽ ചൂട് 60 ഡിഗ്രിവരെയെന്നും 8 സെന്റിമീറ്റർ ആഴത്തിൽ മൈനസ് 10 താപനിലയെന്നുമുള്ള നിർണായകമായ ആദ്യഘട്ട വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിൽ ആദ്യമായാണ് മണ്ണുകുഴിച്ചുള്ള പരീക്ഷണം നടക്കുന്നത്.

ചന്ദ്രന്റെ മണ്ണിലെ താപവിതരണം എങ്ങനെയാണെന്നു മനസ്സിലാക്കുന്നതിനാണ് ഇത്തരത്തിലുള്ള പരീക്ഷണം. വിക്രം ലാൻഡറിലെ വിഎസ്എസ്‌സിയുടെ പേലോഡുകളിൽ ഒന്നായ ചസ്‌തെയാണ് (ചന്ദ്രാസ് സർഫേസ് തെർമോഫിസിക്കൽ എക്സ്‌പീരിമെന്റ് –ChaSTE) താപനില സംബന്ധിച്ച വിവരങ്ങൾ പഠിക്കുന്നത്. ഏകദേശം 7 സെന്റിമീറ്റർ താഴ്ചയിൽ താപനില പൂജ്യമാണ്. ഓരോ സെന്റിമീറ്റർ ആഴത്തിലും ചൂടുകുറയുന്നുണ്ടെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. വിവിധ ആഴങ്ങളിലായി നിർണായക വിവരങ്ങളാണ് പേലോഡ് സെൻസറുകൾ ശേഖരിച്ചത്. ഈ വിവരങ്ങൾ വിലയിരുത്തുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു.

ചന്ദ്രനിൽ അന്തരീക്ഷം ഇല്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. ഏതെങ്കിലും തരത്തിൽ അവിടെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടോയെന്ന് ഇലക്‌ട്രോൺ സാന്ദ്രത പരിശോധിച്ചു മനസ്സിലാക്കുന്നതിനാണ് മറ്റൊരു പേലോഡുമുണ്ട്. റോവറിലെ സ്‌പെക്ട്രോസ്‌കോപി ഉപയോഗിച്ച് എന്തൊക്കെത്തരം മൂലകങ്ങളുണ്ടെന്ന് കണ്ടെത്തും.

ആദ്യ 14 ദിവസത്തെ ദൗത്യം കഴിഞ്ഞുള്ള രണ്ടാഴ്ച ചന്ദ്രനിൽ ഇരുട്ടായിരിക്കും. അപ്പോൾ തണുപ്പ് മൈനസ് 180 ഡിഗ്രിയിലും താഴെയാകും. ആ സമയം ലാൻഡറിനെയും റോവറിനെയും സ്ലീപ് മോഡിലാക്കാൻ ലാൻഡറിലെ ഓൺബോർഡ് കംപ്യൂട്ടറിനു നിർദേശം നൽകിയിട്ടുണ്ട്. സ്ലീപ്പിങ് സർക്യൂട്ട് എന്നാണു അതിനുപേര്. ഈ തണുപ്പിൽ ബാറ്ററിയും സർക്യൂട്ടുകളും തകർന്നുപോകുന്നില്ലെങ്കിൽ രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും സൂര്യപ്രകാശം ലഭിച്ചുതുടങ്ങുമ്പോൾ കംപ്യൂട്ടർ സ്വയം ഓൺ ആയി 14 ദിവസം കൂടി പ്രവർത്തിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. ചന്ദ്രനിലെ നിഴൽ വളരെ ഇരുണ്ടതാണ്. ചിത്രങ്ങൾക്കു വ്യക്തതയില്ലാത്തതിനാൽ റോവറിന്റെ ദിശ തിരിച്ചു വെളിച്ചം കിട്ടുന്ന ഭാഗം ക്രമീകരിച്ച് ചിത്രങ്ങളെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement