മകളുടെ കല്യാണം നടത്താൻ അച്ഛൻ പോലീസുകാരനോട് സഹായം തേടി; പിന്നീട് സംഭവിച്ചത് !

ജയ്പൂർ: രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ മണ്ഡാവയയ്ക്ക് സമീപത്തെ ടെട്രാ ഗ്രാമത്തിലെ ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ ഏറെക്കാലമായി തങ്ങളുടെ മകളുടെ വിവാഹം നടത്താനായി ശ്രമിക്കുന്നു. എന്നാൽ, വിവാഹത്തിൻറെ ഭാരിച്ച ചെലവുകൾ താങ്ങാൻ അവർക്ക് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് നാട്ടുകാരനും പോലീസ് കോൺസ്റ്റബിളുമായ ധരംവീർ ജഖറിനെ ആ മാതാപിതാക്കൾ സമീപിക്കുന്നത്. ഇരുവരും തങ്ങളുടെ ദുഃഖത്തെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. കുടുംബത്തിൻറെ കഥ അറിഞ്ഞ ധരംവീർ ജഖർ അവരെ സഹായിക്കാൻ തീരുമാനിച്ചു.

ധരംവീർ ജഖർ തൻറെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി ആ കുടുംബത്തിൻറെ കഥ പറഞ്ഞു. ധരംവീറിനെയും പെൺകുട്ടിയുടെ കുടുംബത്തെയും ഞെട്ടിച്ച് കൊണ്ട് സഹായ പ്രവാഹമായിരുന്നു പിന്നീടുണ്ടായത്. വിവാഹത്തിനാവശ്യമായ പണമായിരുന്നു ധരംവീർ ആവശ്യപ്പെട്ടിരുന്നതെങ്കിൽ അദ്ദേഹത്തിൻറെ സാമൂഹിക മാധ്യമ സുഹൃത്തുക്കളും അദ്ദേഹത്തിൻറെ കുറിപ്പ് കണ്ട മറ്റുള്ളവും ആ കുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി മുന്നോട്ട് വന്നു. പിന്നാലെ ഒരു വീട്ടിലേക്ക് വേണ്ട റഫ്രിജറേറ്റർ, കൂളർ, ഫാൻ, കിടക്ക, പാത്രങ്ങൾ തുടങ്ങിയ അവശ്യ സമ്മാനങ്ങൾക്കൊപ്പം 1,31,000 രൂപ ശേഖരിക്കാൻ ധരംവീറിന് കഴിഞ്ഞു. കൂടാതെ, ആ കുടുംബത്തിന് 61,000 രൂപ പണമായി കൈമാറാനും അദ്ദേഹത്തിന് കഴിഞ്ഞു.

സഹായം നൽകുക മാത്രമായിരുന്നില്ല. ആ യുവതിയുടെ വിവാഹം തന്നെ ധരംവീർ ഏറ്റെടുത്ത് ഗംഭീരമായി നടത്തി. വധുവിൻറെ സഹോദരൻറെ സ്ഥാനത്ത് നിന്ന് വിവാഹത്തിൻറെ പരമ്പരാഗത ചടങ്ങുകൾക്ക് കൂടി അദ്ദേഹം നേതൃത്വം നൽകി. വിവാഹ ശേഷം ഇത്തരം കാരുണ്യ പ്രവർത്തികൾ സമൂഹത്തിന് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരേന്ത്യയിൽ ഇതാദ്യമായല്ലെ ഒരു പോലീസ് ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ ദരിദ്ര സാമൂഹികാവസ്ഥയിലുള്ള പെൺകുട്ടികൾ വിവാഹിതരാകുന്നത്. മചൽപുര ഗ്രാമവാസിയായ കബൽ തദ്വിയുടെ ഇളയമകളുടെ വിവാഹം നിശ്ചയിച്ചെങ്കിലും സാമ്പത്തിക ബാധ്യതയാൽ വിവാഹം മുടങ്ങുമെന്ന ഘട്ടം വന്നു. ഇതേ തുടർന്ന് കബൽ തദ്വി അദ്ദേഹത്തിൻറെ ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലെത്തുകയും തൻറെ ദുരവസ്ഥ പോലീസ് ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. പിന്നാലെ ആ കുട്ടിയുടെ പുതിയ ജീവിതത്തിന് വേണ്ട എല്ലാ സാധനങ്ങളും സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ ചേർന്ന് വാങ്ങി സമ്മാനിച്ചു. കൂടുതെ വിവാഹം കഴിഞ്ഞ് പെൺകുട്ടി വരൻറെ വീട്ടിലേക്ക് പോകുന്നത് വരെ പോലീസ് ഉദ്യോഗസ്ഥർ ഒപ്പം നിന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

Advertisement