‘ഒരിക്കൽകൂടി മനുസ്മൃതി വായിക്കണം’; ഗർഭഛിദ്രത്തിന് അനുമതി തേടിയ 17കാരി അതിജീവിതയോട് ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ​ഗർഭമലസിപ്പിക്കാൻ അനുമതി തേടിയ അതിജീവിതയോട് മനുസ്മൃതി വായിക്കാൻ ഗുജറാത്ത് ഹൈക്കോടതി. ബലാത്സം​ഗത്തിനിരയായി ​ഗർഭിണിയായ 17കാരിയാണ് ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.

പെൺകുട്ടികൾ ചെറുപ്പത്തിൽ വിവാഹം കഴിക്കുന്നതും 17 വയസ്സ് തികയുന്നതിന് മുമ്പ് കുഞ്ഞിന് ജന്മം നൽകുന്നതും ഒരു കാലത്ത് സാധാരണമായിരുന്നെന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പറഞ്ഞു. പെൺകുട്ടിയും ​ഗർഭസ്ഥ ശിശുവും ആരോഗ്യമായിരിക്കുകയാണെങ്കിൽ ​ഗർഭമലസിപ്പിക്കാൻ അനുമതി നൽകിയേക്കില്ലെന്നും കോടതി സൂചന നൽകി. ജസ്റ്റിസ് സമീർ ദവെയാണ് ബുധനാഴ്ച വാദം കേൾക്കുന്നതിനിടെ മനുസ്മൃതിയെ പരാമർശിച്ചത്.

ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിക്ക് 16 വയസ്സും 11 മാസവും പ്രായമുണ്ട്. ​ഗർഭം ഏഴുമാസമായി. ഗർഭഛിദ്രം നടത്താവുന്ന 24 ആഴ്ചയുടെ പരിധി കടന്നതിനാൽ ഗർഭച്ഛിദ്രത്തിന് അനുമതി തേടി പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ പ്രായം കുടുംബത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരന്റെ അഭിഭാഷകൻ നേരത്തെ വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നമ്മൾ 21-ാം നൂറ്റാണ്ടിൽ ജീവിക്കുന്നതിനാൽ ഉത്കണ്ഠയുണ്ടെന്ന് ജസ്റ്റിസ് ദവെ പറഞ്ഞു. നിങ്ങളുടെ അമ്മയോടോ മുത്തശ്ശിയോടോ ചോദിക്കൂ. 14-15 വയസ്സായിരുന്നു പരമാവധി പ്രായം. പെൺകുട്ടികൾ 17 വയസ്സ് തികയുന്നതിന് മുമ്പ് ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുമായിരുന്നു. പെൺകുട്ടികൾ ആൺകുട്ടികൾക്ക് മുമ്പ് പക്വതയിലെത്തുന്നു. നിങ്ങൾ വായിച്ചില്ലെങ്കിൽ എന്തായാലും മനുസ്മൃതി ഒരിക്കൽ വായിക്കണമെന്നും ജഡ്ജി പറഞ്ഞു.

ഓ​ഗസ്റ്റ് 16നാണ് പ്രസവത്തിനുള്ള തീയതി പറഞ്ഞിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുമായി കൂടിയാലോചിച്ചതായും ജഡ്ജി അഭിഭാഷകനെ അറിയിച്ചു. ഗർഭസ്ഥശിശുവിനോ പെൺകുട്ടിക്കോ ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ കണ്ടെത്തിയാൽ കോടതിക്ക് ​ഗർഭഛിദ്രം പരി​ഗണിക്കാം. ആരോ​ഗ്യം സാധാരണ​ഗതിയിലാണെങ്കിൽ അനുമതി നൽകാൻ ബുദ്ധിമുട്ടാണെന്നും ജഡ്ജി പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാൻ രാജ്‌കോട്ട് സിവിൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചു. മാനസികാവസ്ഥ പരിശോധിക്കാൻ സൈക്യാട്രിസ്റ്റിനെയും ചുമതലപ്പെടുത്തി. അടുത്ത ഹിയറിംഗിന്റെ തീയതിയായ ജൂൺ 15 നകം റിപ്പോർട്ട് സമർപ്പിക്കാൻ ആശുപത്രിയോട് കോടതി ആവശ്യപ്പെട്ടു.

വാദത്തിനിടെ, മെഡിക്കൽ അഭിപ്രായം ഗർഭധാരണം അലസിപ്പിക്കുന്നതിന് എതിരായ സാഹചര്യത്തിൽ ഓപ്ഷനുകൾ തേടാൻ പെൺകുട്ടിയുടെ അഭിഭാഷകനോട് ജഡ്ജി നിർദ്ദേശിച്ചു.

Advertisement