5 വർഷത്തിനിടെ ഗുജറാത്തിൽ കാണാതായത് 41,621 സ്ത്രീകളെ; ‘കടത്തുന്നത് ലൈംഗികവൃത്തിക്ക്’

അഹമ്മദാബാദ്: അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽ 40,000ൽ അധികം സ്ത്രീകളെ കാണാതായെന്നു റിപ്പോർട്ട്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) ആണ് ഇക്കാര്യം പുറത്തുവിട്ടത്. 2016ൽ 7105 സ്ത്രീകളെ കാണാതായപ്പോൾ 2017ൽ 7712, 2018ൽ 9246, 2019ൽ 9268, 2020ൽ 8290 എന്നിങ്ങനെയാണ് കണക്ക്. ആകെ 41,621 പേരെ കാണാതായി.

2021ൽ സർക്കാർ നിയമസഭയിൽ നൽകിയ കണക്കിൽ 2019–20ൽ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്ക‍ു നിർബന്ധിത ലൈംഗികവൃത്തിക്കു കയറ്റിയയ്ക്കപ്പെടുകയാണ് ഈ കാണാതായവരിൽ പലരുമെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗവുമായ സുധീർ സിൻഹ പറയുന്നു.

‘‘കാണാതായ പരാതികൾ പൊലീസ് ഗൗരവപൂർവം പരിശോധിക്കുന്നില്ല. കൊലപാതകത്തേക്കാൾ ഗുരുതരമായി ഇത്തരം കേസുകൾ പരിഗണിക്കപ്പെടണം. ഒരു കുട്ടിയെ കാണാതാകുമ്പോൾ ആ കുടുംബം മുഴുവൻ വർഷങ്ങളോളമാണ് ആ കുട്ടിക്കു വേണ്ടി കാത്തിരിക്കുന്നത്. കൊലക്കേസുകളിൽ അന്വേഷണം നടത്തുന്നതുപോലെതന്നെ ഈ കേസുകളും അന്വേഷിക്കണം. ബ്രിട്ടിഷ് കാലത്തിലേതുപോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളിൽ ഇപ്പോൾ നടത്തുന്നത്’’ – സിൻഹ പറഞ്ഞു.

പെൺകുട്ടികളെ കാണാതാകുന്നതിൽ പഴിചാരേണ്ടത് മനുഷ്യക്കടത്തു സംഘങ്ങളെയാണെന്ന് മുൻ എഡിജിപിയായിരുന്ന ഡോ. രാജൻ പ്രിയദർശിനി പറഞ്ഞു. ‘‘കാണാതെ പോകുന്ന വലിയൊരു വിഭാഗം പെൺകുട്ടികളെയും അനധികൃതമായി പ്രവർത്തിക്കുന്ന മനുഷ്യക്കടത്തു സംഘങ്ങൾ മറ്റൊരു സംസ്ഥാനത്തെത്തിച്ച് വിൽക്കുകയാണെന്ന് എന്റെ കാലത്ത് കണ്ടെത്തിയിരുന്നു. ഒരിക്കൽ ഖേഡ ജില്ലയിലെ എസ്പിയായിരുന്നപ്പോൾ അവിടെ ജോലി ചെയ്യാനെത്തിയ ഒരു ഉത്തർപ്രദേശുകാരൻ പാവപ്പെട്ട പെൺകുട്ടിയെ സ്വന്തം നാട്ടിലേക്കു വിറ്റു. അവിടെ പാടത്ത് പണിയെടുത്തിരുന്ന പെൺകുട്ടിയെ രക്ഷപ്പെടുത്താൻ എന്റെ അന്വേഷണത്തിനു കഴിഞ്ഞു. എന്നാൽ എല്ലായ്പ്പോഴും ഇതു നടക്കണമെന്നില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി നേതാക്കൾ കേരളത്തിലെ സ്ത്രീകളെക്കുറിച്ചു പറയുമ്പോൾ ഗുജറാത്തിൽ കാണാതായ 40,000 സ്ത്രീകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് ഹിരേൻ ബാങ്കർ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നാടാണ് ഗുജറാത്തെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Advertisement