ഒരു കുടുംബത്തെ രക്ഷിക്കലാണ് കോണ്‍ഗ്രസ് ധര്‍മം’; ഭഗവദ്ഗീത ഉദ്ധരിച്ച് അനില്‍ ആന്റണി

ന്യൂഡൽഹി: ഒരു കുടുംബത്തെ രക്ഷിക്കലാണ് ധർമമെന്ന് കോൺഗ്രസുകാർ വിശ്വസിക്കുന്നുവെന്ന് ബിജെപി അംഗത്വം സ്വീകരിച്ച എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി. തന്റെ ധർമം രാജ്യത്തെ സേവിക്കലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണം നിറവേറ്റാൻ പ്രവർത്തിക്കുമെന്നും അനിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഭഗവദ്ഗീത ഉദ്ധരിച്ചാണ് അനിൽ സംസാരിച്ചു തുടങ്ങിയത്. ‘കോൺഗ്രസിനെ ഞാൻ വഞ്ചിച്ചിട്ടില്ല. കോൺഗ്രസുകാരാണ് രാഷ്ട്രത്തെ വഞ്ചിക്കുന്നത്. എല്ലാ പാർട്ടിക്കാരും ബഹുമാനിക്കുന്ന വ്യക്തിയാണ് എ.കെ. ആന്റണി. അതിനാല്‍ എന്‍റെ തീരുമാനം അദ്ദേഹത്തിന്‍റെ യശസിനെ ബാധിക്കില്ല. കുടുംബ ബന്ധങ്ങളെ രാഷ്ട്രീയം ബാധിക്കില്ല. എല്ലാവരും വ്യത്യസ്തരാണ്. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണ് എ.കെ. ആന്റണി. അതിൽ മാറ്റമുണ്ടാകില്ല.’– അനിൽ പറഞ്ഞു.

‘‘ധര്‍മോ രക്ഷതി രക്ഷതഃ. ഇതാണ് എന്റെ വിശ്വാസം. എന്നാല്‍ ഇന്ന് കോണ്‍ഗ്രസിലെ നേതാക്കളില്‍ പലരും വിശ്വസിക്കുന്നത് ഒരു കുടുംബത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് അവരുടെ ധര്‍മമെന്നാണ്. എന്റെ ധര്‍മം ഈ രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. രാജ്യത്തെ അടുത്ത 25 വര്‍ഷത്തിനകം വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള വ്യക്തമായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ട്. രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ഉറപ്പാക്കാനുള്ള കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ട്. ഈ കാഴ്ചപ്പാടും ജനസൗഹൃദപദ്ധതികളും രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും പ്രധാനമന്ത്രിയും അമിത് ഷായും ജെ.പി.ന‍ഡ്ഡയും വിശ്രമമില്ലാതെ അധ്വാനിക്കുകയാണ്.

രാഷ്ട്രനിര്‍മാണത്തിനും ദേശീയോദ്ഗ്രഥനത്തിനുമുള്ള പ്രധാനമന്ത്രിയുടെ ദര്‍ശനം സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കേണ്ടത് യുവജനതയുടെ പ്രതിനിധിയെന്ന നിലയില്‍ എന്റെ കര്‍ത്തവ്യവും ഉത്തരവാദിത്തവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യൻ ജനത ഒന്നടങ്കം ഇതേ വികാരം പങ്കുവയ്ക്കുകയും ഈ ദൗത്യത്തില്‍ പങ്കാളികളാകുകയും ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.

ബിജെപിയുടെ 44–ാം സ്ഥാപകദിവസം തന്നെ ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും ആദരണീയനായ മോദിയുടെ കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനും ഒരവസരം നല്‍കി. ഈ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ച ബിജെപി നേതൃത്വത്തോട് നന്ദി പറയുന്നു. നന്ദി !’’

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോൺഗ്രസുമായി തെറ്റി. തുടർന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു.

Advertisement