തൈരിന് ‘ഹിന്ദി’ വേണ്ട, പ്രാദേശിക ഭാഷ മതി; തീരുമാനം പിൻവലിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി

ന്യൂഡൽഹി: തൈര് പാക്കറ്റുകളിൽ ഹിന്ദി നാമം ചേർക്കണമെന്ന നിർദേശം പിൻവലിച്ചു. തൈര് പാക്കറ്റുകളിൽ ‘ദഹി’ എന്ന് നിർബന്ധമായി ചേർക്കേണ്ടെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ ) അറിയിച്ചു. ‘CURD’ എന്നെഴുതി ഒപ്പം അതത് പ്രാദേശിക വാക്കും ചേർക്കാം. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം ഉയർന്നതോടെയാണ് എഫ്എസ്എസ്എഐ തീരുമാനം പിൻവലിച്ചത്. തൈരിൽ ഹിന്ദി ‘കലക്കാനുള്ള’ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. പാക്കറ്റിൽ ദഹി എന്ന് നൽകുകയും ബ്രാക്കറ്റിൽ പ്രാദേശിക വാക്ക് ഉപയോഗിക്കാനുമുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിർദേശത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. സ്വന്തം സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന തൈര് പാക്കറ്റിലെ പേരിൽ പോലും ഹിന്ദി അടിച്ചേൽപിക്കുന്നതിലേക്കു കാര്യങ്ങൾ എത്തിയെന്നും മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്ത്യയിൽ നിന്ന് ഇല്ലാതാക്കുമെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

തൈരിനു പ്രാദേശികമായി പറയുന്ന മൊസരു എന്ന വാക്ക് ഉപയോഗിക്കണമെന്നുള്ള കർണാടക മിൽക്ക് ഫെഡറേഷന്റെ ആവശ്യത്തിനുള്ള മറുപടിയായാണ് ദഹി എന്ന ഹിന്ദി വാക്ക് നൽകാനും കന്നഡ വാക്ക് ബ്രാക്കറ്റിൽ ഉപയോഗിക്കാനും എഫ്എസ്എസ്എഐ നിർദേശിച്ചത്. ഇതു സംബന്ധിച്ചുള്ള മാധ്യമ വാർത്ത സഹിതമാണു മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. സമാനമായ നിർദേശം തമിഴ്നാട് മിൽക്ക് മിൽക്ക് പ്രൊ‍ഡ്യൂസേഴ്സ് ഫെഡറേഷനും ലഭിച്ചിരുന്നു.

Advertisement