ഹൈവേയിൽ കാർ നിർത്തി റീൽ വിഡിയോ ഷൂട്ട്; ഇൻസ്റ്റഗ്രാം താരം വൈശാലിക്ക് പിഴ

ഗാസിയാബാദ്: റീലുകളിലും വിഡിയോകളിലും വ്യത്യസ്തത കൊണ്ടുവന്ന് ഫോളോവേഴ്സിനെ കൂട്ടാൻ ശ്രമിച്ച് പണി വാങ്ങുന്നവർ ഏറെയാണ്. അക്കൂട്ടത്തിൽ ഉത്തർപ്രദേശ് സ്വദേശിനി വൈശാലി ചൗധരി ഖുതൈലും ചേർന്നിരിക്കുകയാണ്. ഹൈവേയിൽ കാർ നിർത്തി ഇൻസ്റ്റഗ്രാം റീല്‍ ചെയ്ത് കാണികളെ കൂട്ടാൻ നോക്കിയ പെൺകുട്ടിയെ ഗാസിയാബാദ് പൊലീസ് കയ്യോടെ പൊക്കി. റോഡ് സംരക്ഷണ നിയമം ലംഘിച്ചതിന് 17,000 രൂപ പിഴയും ചുമത്തി.

താന സഹിബാബാദ് ഭാഗത്തെ ഫ്ലൈഓവർ ഹൈവേയിലാണ് വിഡിയോ ഷൂട്ട് ചെയ്തത്. റോഡിനു നടുവിൽ കാർ നിർത്തി സ്റ്റൈലിൽ നടക്കുകയും പലഭാവങ്ങള്‍ കാണിക്കുകയും ചെയ്യുന്ന വിഡിയോ 8,700ഓളം പേർ കണ്ടുകഴിഞ്ഞു. വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് പൊലീസ് ഇടപെട്ടത്. 17,000 രൂപ വിലമതിക്കുന്ന വിഡിയോ ആണെന്ന് പരിഹസിച്ച് നിരവധിപ്പേർ വിഡിയോയുടെ താഴെ കമന്റുമായി എത്തിയിട്ടുണ്ട്. വൈശാലിക്ക് ആറര ലക്ഷത്തോളം ഫോളോവേഴ്സ് ആണ് ഉള്ളത്.

Advertisement