തെരുവിൽ റീൽ ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത അങ്കിളിന് അഭിനന്ദന പ്രവാഹം

സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ് പുതിയ തലമുറയുടെ ലക്ഷ്യം. അതിനായി എന്ത് ചെയ്യാനും അവർ തയ്യാറാണ്. റോഡിൽ, ട്രെയിനിൽ, മെട്രോയിൽ എന്ന് വേണ്ട നാല് ആള് കൂടുന്ന സ്ഥലത്ത് ആളുടെ ശ്രദ്ധ നേടി എങ്ങനെയെങ്കിലും വൈറലാകണം.

ഇങ്ങനെ ചിത്രീകരിക്കപ്പെട്ടുന്ന നിരവധി വീഡിയോകൾ ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം പങ്കുവയ്ക്കപ്പെട്ടുന്നു. എന്നാൽ, ഇത്തരം വൈറൽ വീഡിയോകൾക്കായി പരിശ്രമിച്ച് ഒടുവിൽ നാട്ടുകാരുടെ കൈയിലിരിക്കുന്നത് വാങ്ങുന്നവരും കുറവല്ല. ഇത്തരത്തിൽ തിരക്കേറിയ ഒരു തെരുവിൽ ഒരു ഹിന്ദി ഗാനത്തിന് ചുവട് വച്ച ഒരു കൗമാരക്കാരനെ ഒരു പ്രദേശവാസി കൈകാര്യം ചെയ്യുന്നതായിരുന്നു വീഡിയോ.

kaif_prank2670 എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. തിരക്കേറിയ ഒരു തെരുവിൽ ‘കരൺ അർജ്ജുൻ’ എന്ന ഹിന്ദി സിനിമയിലെ ‘ഗുപ് ചുപ് ഗുപ് ചുപ്……’ ഗാനത്തിന് ഒരു യുവാവ് ചുവട് വയ്ക്കുന്ന വീഡിയോയായിരുന്നു അത്. എന്നാൽ, ആളുകളുടെ ശ്രദ്ധ നേടാനായി ഇതിൽ ചെറിയൊരു വിരുത് യുവാവ് ഒപ്പിച്ചു. പാട്ടിൻറെ ആദ്യത്തെ വരിയുടെ അല്പം ഉറക്കെ കേൾപ്പിക്കും. പിന്നെ അതിൻറെ ബാക്കി ഭാഗം യുവാവ് തൻറെ കർണ്ണകടോരമായ ശബ്ദത്തിൽ ഉറക്കെ പാടും. പിന്നാലെ പാട്ടിലെ വരികൾ അല്പം കേൾപ്പിക്കും തുടർന്ന് യുവാവ് ബാക്കി പാടും. ഇയൊരു രീതിയിലാണ് വീഡിയോ മുന്നോട്ട് പോയത്. ചിലർ യുവാവിൻറെ കളികണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം.

ഇതിനിടെ യുവാവിൻറെ ഈ കലാപരിപാടി സഹിക്കാൻ വയ്യാതെ ഒരു പ്രായം ചെന്ന മനുഷ്യൻ യുവാവിനെ ഇടിക്കാനായി വരുന്നു. അവൻ റീൽസിൻറെ കാര്യം പറഞ്ഞെങ്കിലും അദ്ദേഹത്തിന് അതൊന്നും വീഷയമല്ലായിരുന്നു. യുവാവിൻറെ കൈപിടിച്ച് തിരിച്ച് അയാൾ അവനെ അവിടെ നിന്നും പറഞ്ഞ് വിടുന്നതും വീഡിയോയിൽ കാണാം. പൊതു ഇടത്തിൽ വച്ചുള്ള ഇത്തരം റീൽസ് ചിത്രീകരണങ്ങൾ പലപ്പോഴും യാത്രക്കാർക്ക് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പലരും പ്രതികരിക്കാൻ മടിക്കുമ്പോൾ ഇതുപോലെ ചിലരുടെ പ്രതികരണങ്ങൾ വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുക്കുന്നു. മൂന്ന് ദിവസം കൊണ്ട് ഏഴ് ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. ‘ഇത് പോലുള്ള പിള്ളേരെ കൈകാര്യം ചെയ്യാൻ കൂടുതൽ അങ്കിളുകളെ നമ്മുക്ക് ആവശ്യമുണ്ട്.’ എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ‘ഇത് വലിയ തമാശ തന്നെ. ചിരിച്ച് ചാകാറായി.’ എന്നായിരുന്നു മറ്റൊരാൾ എഴുതിയ കുറിപ്പ്. ‘അങ്കിൾ എൻറെ ആദരവ് നേടിയിരിക്കുന്നു’ മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. കഴിഞ്ഞ ദിവസം സീമ കനോജിയ എന്ന യുവതി റീൽസിന് വേണ്ടി റെയിൽവേ സ്റ്റേഷനിൽ നൃത്തം ചെയ്ത് വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ റെയിൽവേ പൊലീസ് ഇവരെ പിടികൂടി മാപ്പ് പറയിക്കുന്ന വീഡിയോ ചെയ്തു. രണ്ട് വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായത് വേറെ കാര്യം.

Advertisement