അധ്യാപക നിയമനത്തിനുള്ള പരീക്ഷ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിന്റെ ചിത്രം

ബെംഗളൂരു∙ കർണാടകയിൽ അധ്യാപക നിയമനത്തിനുള്ള പരീക്ഷ ഹാൾ ടിക്കറ്റിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം. ഹാൾ ടിക്കറ്റിൽ ഉദ്യോഗാർഥിയുടെ ഫോട്ടോയ്ക്ക് പകരം ബോളിവുഡ് താരത്തിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപേഴ്‌സൺ ബിആർ നായിഡു ട്വീറ്റ് ചെയ്തു. ഹാൾ ടിക്കറ്റിന്റെ സ്‌ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ കർണാടക വിദ്യഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി.

പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ നിർബന്ധമായും ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്യുന്ന ചിത്രമായിരിക്കും ഹാൾ ടിക്കറ്റിൽ അച്ചടിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി എഫ്‌ഐആർ ഫയൽ ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Advertisement