ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാൻ ലക്ഷ്യമിട്ട് തന്നെയെന്ന് വെളിപ്പെടുത്തൽ ‘പാരസെറ്റമോൾ ഉയർന്ന അളവിൽ നൽകി കോളജിൽ വച്ചും കൊല്ലാൻ ശ്രമം

തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്‌മ, നെയ്യൂരിലെ കോളജിൽ വച്ചും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം. ഉയർന്ന അളവിൽ പാരസെറ്റമോൾ ഗുളികൾ ജ്യൂസിൽ കലർത്തി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്‌മ ശ്രമിച്ചത്.

നെയ്യൂരിലെ കോളജിൽ ജ്യൂസ് ചാലഞ്ച് നടത്തിയത് ഇതിന്റെ ഭാഗമാണെന്ന് ഗ്രീഷ്‌മ സമ്മതിച്ചതായി അന്വേഷണ സംഘം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി അൻപതിലധികം ഗുളികകൾ കുതിർത്ത് കയ്യിൽ സൂക്ഷിച്ചുവെന്നു അന്വേഷണ സംഘം പറയുന്നു.

ഗ്രീഷ്‌മയുടെ വീട്ടിൽ നിന്ന് കഷായം നിർമിച്ച പൊടി, കളനാശിനി കലർത്താൻ ഉപയോഗിച്ച പാത്രങ്ങൾ, കുപ്പി, മുറിയിലെ തറയിൽ വീണ കളനാശിനിയുടെ തുള്ളികൾ തുടച്ചു നീക്കിയ തുണി എന്നിവ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഷാരോണിന്റെ മരണ ശേഷം വീട്ടുകാർക്കു മുന്നിൽ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതോടെ തെളിവുകൾ മാതാവ് സിന്ധുവും നിർമൽകുമാറും ചേർന്നു നശിപ്പിച്ചു എന്നാണ് പൊലീസ് വെളിപ്പെടുത്തൽ.

പലതവണ അഭ്യർഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ഗ്രീ‌ഷ്‌മ വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിട്ടും ഇവ തിരിച്ചു തന്നില്ല. പ്രതിശ്രുത വരന് ഈ ദൃശ്യങ്ങൾ നൽകുമോയെന്നു പേടിച്ചു. അങ്ങനെയാണു ഷാരോണിനെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നും ഗ്രീഷ്‌മ വെളിപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാരോണിനെ ഗ്രീഷ്‌മ ഒക്‌ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും നേരത്തെ തയാറാക്കി വച്ചിരുന്ന കഷായം നൽകിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മുൻപും ജൂസിൽ പലതവണ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും ഗ്രീഷ്‌മ മൊഴി നൽകിയിരുന്നു. ഒക്‌ടോബർ 25നായിരുന്നു ഷാരോണിന്റെ മരണം.

Advertisement