ഗാംഗുലിയെ ഐ.സി.സിയിലേക്ക് അയക്കണമെന്ന് പ്രധാനമന്ത്രിയോട് മമത ബാനർജി

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) ചെയർമാൻ സ്ഥാനത്തു നീക്കിയ സൗരവ് ഗാംഗുലിയെ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിലേക്ക് (ഐ.സി.സി) അയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്ത വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

“അവൻ പുറത്താക്കപ്പെട്ടു. എന്താണ് അവൻ ചെയ്ത തെറ്റ്? എനിക്ക് വളരെ സങ്കടമുണ്ട്. ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഏറെ അറിയപ്പെടുന്ന വ്യക്തിയാണ് സൗരവ്. ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു. അവൻ ബംഗാളിന്റെ മാത്രമല്ല, രാജ്യത്തിന്റെ അഭിമാനമാണ്. എന്തുകൊണ്ടാണ് ഇത്രയും അന്യായമായ രീതിയിൽ ഒഴിവാക്കിയത്. സൗരവിനെ ഐ.സി.സി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്നാണ് പ്രധാനമന്ത്രിയോട് എന്റെ അഭ്യർഥന. ഇത് പ്രതികാരമായോ രാഷ്ട്രീയപരമായോ എടുക്കരുതെന്ന് സർക്കാറിനോട് അഭ്യർഥിക്കുന്നു. ക്രിക്കറ്റിനും കായിക മേഖലക്കും വേണ്ടി ഒരു തീരുമാനം എടുക്കുക”, അവർ ആവശ്യപ്പെട്ടു.

ഒക്‌ടോബർ 20നാണ് ഐ.സി.സി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡാണ് ശുപാർശ ചെയ്യേണ്ടത്. അതിന് ബി.സി.സി.ഐയിൽ ലഭിക്കുന്ന പിന്തുണ പ്രധാനമാണ്.

ബി.സി.സി.ഐ ചെയർമാനായി മുൻ ഇന്ത്യൻ താരം റോജർ ബിന്നിയാണ് ഗാംഗുലിക്ക് പകരം ചുമതലയേൽക്കുന്നത്. അതേസമയം, സെക്രട്ടറിയായി അമിത് ഷായുടെ മകൻ ജയ്ഷാ തുടരും. ഗാംഗുലിയെ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.

Advertisement